Wed. Dec 18th, 2024
ലക്നോ:

ന്യൂഡൽഹി-തിരുവനന്തപുരം കേരള എക്സ്‌പ്രസിൽ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഡൽഹിയിൽ നിന്നും പുറപ്പെട്ട ട്രെയിൻ ഉത്തർപ്രദേശിലെ ഝാൻസിയിൽ എത്തിയപ്പോഴാണ് ട്രെയിനിനുള്ളിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. എസ് 8, എസ് 9 കോച്ചുകളിലാണ് ഇവര്‍ യാത്ര ചെയ്തിരുന്നത്.

മൂന്ന് പേർ ട്രെയിനുള്ളിലും ഒരാൾ ആശുപത്രിയിലുമാണ് മരിച്ചത്. മരിച്ചവരെല്ലാം തമിഴ്നാട് സ്വദേശികളാണ്. കനത്ത ചൂടിനെ തുടര്‍ന്ന് അവശരായ ഇവര്‍ ട്രെയിനികത്ത് കുഴഞ്ഞു വീഴുകയായിരുന്നു എന്നാണ് ഒപ്പം യാത്രചെയ്തിരുന്നവര്‍ പറയുന്നത്. എന്നാൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയൂ.

മൃതദേഹങ്ങൾ ഝാൻസി സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
തമിഴ്നാട്ടിൽ നിന്നും ആഗ്ര, വാരണാസി എന്നിവടങ്ങളിലേക്ക് വിനോദയാത്രയ്ക്കെത്തിയ 68 അംഗ തമിഴ്നാട് സംഘത്തിലെ നാല് പേരാണ് മരിച്ചത്. ഇവർ യാത്ര പൂർത്തിയാക്കി കോയമ്പത്തൂരിലേക്ക് മടങ്ങും വഴിയാണ് ദുരന്തമുണ്ടായത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത ചൂടാണ്. തിങ്കളാഴ്ച ഡൽഹിയുടെ ചില പ്രദേശങ്ങളിൽ 48 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *