Mon. Dec 23rd, 2024
പാരീസ്:

ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം സ്പെയിനിന്റെ റാഫേല്‍ നദാലിന്. ഫൈനലില്‍ ഓസ്ട്രിയയുടെ യുവതാരം ഡൊമനിക് തീമിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകളില്‍ തകര്‍ത്താണ് നദാല്‍ കിരീടത്തില്‍ മുത്തമിട്ടത്. സ്കോര്‍ 6-3, 5-7, 6-1,6-1.

ഫ്രഞ്ച് ഓപ്പണില്‍ നദാലിന്റെ പന്ത്രണ്ടാം കിരീടമാണിത്.കഴിഞ്ഞ വർഷവും ഫൈനലിൽ തീമിനെയാണ് നദാൽ തോൽപിച്ചത്. 3 മണിക്കൂർ ഒരു മിനിറ്റ് നീണ്ട ഫൈനൽ പോരാട്ടത്തിൽ നദാലിന് ശക്തമായ വെല്ലുവിളി ഉയർത്താൻ തീമിനായില്ല.

2005ൽ ആദ്യ ഫ്രഞ്ച് ഓപ്പൺ കിരീടം നേടിയ ശേഷം 2015, 2016 വർഷങ്ങളിൽ പരുക്കുമൂലം കളിക്കാതിരുന്നപ്പോൾ ഒഴികെ ചാമ്പ്യൻ നദാലായിരുന്നു. നദാലിന്റെ കരിയറിലെ പതിനെട്ടാം ഗ്രാന്‍സ്ലാം കിരീടമാണിത്. 20 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടിയിട്ടുള്ള റോജര്‍ ഫെഡററാണ് ഇനി നദാലിന് മുന്നിലുള്ളത്.

ഒരു ഗ്രാന്‍സ്ലാമില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടുന്ന താരമെന്ന റെക്കോര്‍ഡും ഫ്രഞ്ച് ഓപ്പണിലെ പന്ത്രണ്ടാം കിരീടനേട്ടത്തോടെ നദാല്‍ സ്വന്തമാക്കി.റാഫേ‍ൽ നദാലിന്റെ കരിയറിലെ 82–ാം കിരീടമാണിത്. 950–ാമത് മത്സര വിജയവും.

Leave a Reply

Your email address will not be published. Required fields are marked *