Sat. Nov 23rd, 2024
ന്യൂഡൽഹി :

ഗൾഫ് രാജ്യങ്ങളിലും തുർക്കിയിലും പടർന്നുകിടക്കുന്ന വൃക്ക മാറ്റിവെക്കൽ റാക്കറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മുതിർന്ന ഡോക്ടർമാരെ ഡൽഹിയിൽ പോലീസ് അറസ്റ്റ് ചെയ്തു. പ്രമുഖ യൂറോളജിസ്റ്റ് ഉൾപ്പടെയുള്ള സംഘമാണ് പിടിയിലായത്. പുഷ്പവതി സിംഘാനിയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഡോ. ദീപക് ശുക്ല അടക്കം പതിമൂന്നു പേരെ ഇതേവരെ അറസ്റ്റ് ചെയ്‌തെന്നാണ് വിവരം.

പ്രശസ്തമായ ഫോർട്ടിസ് ആശുപത്രിയിലെ രണ്ടു പ്രമുഖ ഡോക്ടർമാരോട് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്. സെൻട്രൽ ഡൽഹിയിലെ തന്നെ മറ്റൊരു പ്രമുഖ ആശുപത്രി കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നു. അവയവദാന നിയമം ലംഘിച്ചതുമായി ബന്ധപ്പെട്ടാണ് ഫോർടിസ് ആശുപത്രിക്ക് നോട്ടീസ് നൽകിയതെന്ന് കേസന്വേഷണത്തിന് നേതൃത്വം നൽകുന്ന കാൺപൂരിലെ സീനിയർ പോലീസ് സൂപ്രണ്ട് ആനന്ദ് ഡിയോ പറഞ്ഞു.

യു.പി അടക്കമുള്ള സംസ്ഥാനങ്ങളിലെ പാവപ്പെട്ടവരെ പ്രലോഭിപ്പിച്ചു ഡോക്ടർമാരും ആശുപത്രി അധികൃതരും അവയവ വ്യാപാരം നടത്തി എന്നാണ് കേസ്. ആളുകളെ കണ്ടെത്തുന്നതിനായി ഏജന്റുമാരും സംഘത്തിലുണ്ട്. ഡോ. കേഥൻ കൗശിക് എന്നയാളാണ് കേസിലെ മുഖ്യ പ്രതി എന്നാണ് പോലീസ് പറയുന്നത്. ഈ സംഘത്തിന് പിന്നിലെ ബുദ്ധികേന്ദ്രം എന്ന് സംശയിക്കുന്ന ടി.രാജ്‌കുമാർ എന്ന ഒരാളെ ബംഗാളിൽ നിന്നും കാൺപൂർ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. കിഡ്‌നി മാറ്റിവെക്കൽ ആവശ്യമായ രോഗികളെ തുർക്കിയിൽനിന്നും ഗൾഫ് രാജ്യങ്ങളിൽനിന്ന് എത്തിച്ചതിന് പിന്നിൽ കേഥൻ കൗശികായിരുന്നു.

കിഡ്‌നി റാക്കറ്റിന്റെ പ്രവർത്തനം വിപുലമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. വിവിധ മേഖലകളിൽ ഈ സംഘം പ്രവർത്തിച്ചുവരികയായിരുന്നു. ഇതിൽ ഒരു സംഘമാണ് ദൽഹി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്നത്. പാവപ്പെട്ട കിഡ്‌നി ദാതാക്കൾക്കു രണ്ടോ മൂന്നോ ലക്ഷം നൽകി, വിദേശ രോഗികളിൽ നിന്നും 70 – 80 ലക്ഷം വരെ ഈടാക്കിയായിരുന്നു ഈ സംഘം പ്രവർത്തിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *