Wed. Jan 22nd, 2025
#ദിനസരികള്‍ 783

 

ഒരു സത്യാനന്തര സമൂഹത്തില്‍ അമൃതാനന്ദമയിയെക്കുറിച്ചും അവരുടെ ആശ്രമത്തിലെ ഇതര അന്തേവാസികളെക്കുറിച്ചും ഗെയില്‍ ട്രെഡ് വെല്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ എങ്ങനെയാണ് പ്രസക്തമായിരിക്കുന്നത് എന്ന ചോദ്യമാണ് ഒരു സന്യാസിനിയുടെ വെളിപ്പെടുത്തലുകള്‍ എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ട അഭിമുഖം വീണ്ടും വായനക്കെടുക്കുമ്പോള്‍ എന്റെ ചിന്തയിലേക്ക് വന്നത്. വൈകാരികവും വ്യക്തിപരവുമായ വിശ്വാസപ്രമാണങ്ങള്‍ക്ക് പരമപ്രാധാന്യം ലഭിക്കുന്ന ഒരു കാലത്തിലാണ് നാം ജീവിച്ചുപോകുന്നത്. സാമൂഹ്യ സ്ഥാപനങ്ങള്‍ മാത്രമല്ല, നമ്മുടെ രാഷ്ട്രീയ സ്ഥാപനങ്ങള്‍ പോലും ഇക്കാലങ്ങളില്‍ പരുവപ്പെടുത്തിയെടുത്തിരിക്കുന്നത് ഇത്തരം വികാരപരമായ വിഷയങ്ങളെ മുന്‍ നിറുത്തിക്കൊണ്ടാണ്.

അതുകൊണ്ടുതന്നെ അതിനെ ചോദ്യം ചെയ്യുന്നതും ഉള്‍ക്കാമ്പില്‍ അവയൊന്നും തന്നെ ശരിയല്ലെന്ന് ആരെങ്കിലും തുറന്നു പറയുന്നതും ഒരു പോസ്റ്റ് ട്രൂത്ത് സമൂഹം പെട്ടെന്ന് ഉള്‍‌ക്കൊണ്ടു എന്നു വരില്ലെന്നു മാത്രവുമല്ല, മറ്റൊരു തെളിവും അന്വേഷിക്കാതെ തള്ളിക്കളയുകയും ചെയ്യും. അങ്ങനെതന്നെയാണ് ഗെയിലിന്റെ അഭിമുഖത്തേയും നാം നേരിട്ടത്. അവരെ പ്രതിരോധിക്കുന്നതിനു വേണ്ടി തന്റെ ജീവിതത്തിന്റെ പ്രധാന ഭാഗവും അമൃതാനന്ദമയിക്കു വേണ്ടി ത്യജിച്ച ആ സ്ത്രീ ഒരു സുപ്രഭാതത്തില്‍ കൃസ്ത്യാനിയായും ഹിന്ദു സ്ഥാപനങ്ങളെ ഗൂഢാലോചന നടത്തി നശിപ്പിക്കാന്‍ തുനിഞ്ഞിറങ്ങിയ ഒരാളുമായി ചിത്രീകരിച്ചത് കൂടുതലൊന്നും ആലോചിക്കാതെ നാം വിഴുങ്ങി. മാത്രവുമല്ല ഗെയിലുമായി അഭിമുഖം നടത്തിയ ജോണ്‍ ബ്രിട്ടാസിനേയും അതു ജനങ്ങളിലേക്കെത്തിച്ച സ്ഥാപനത്തേയുമൊക്കെ നാം ആ ഗൂഢാലോചനയുടെ പക്ഷക്കാരായി കണ്ടു.

ജീവിച്ചിരിക്കുന്ന ദൈവമാണെന്ന് അമൃതാനന്ദമയിയെന്ന് വിശ്വസിപ്പിച്ചു പോന്നതിന് ഉപോത്ബലകമായി പല വാദങ്ങളും പ്രചരിപ്പിക്കപ്പെട്ടു. അമ്മയുടെ ദിവ്യത്വം, കന്യാകാത്വം, നിഷ്കളങ്കമായ സ്നേഹം, ലോകത്തിലെ മുഴുവന്‍ ആളുകളേയും തന്റെ മക്കളായി കാണാന്‍ കഴിയുന്ന ദാര്‍ശനികത്വം അങ്ങനെ നിരവധി നിരവധി ഘടകങ്ങളെ സമന്വയിപ്പിച്ചുകൊണ്ടാണ് അമൃതാനന്ദമയി ഇന്നു കാണുന്ന പരിവേഷങ്ങളെ നേടിയെടുത്തത്. അതിലേതെങ്കിലും ഒന്നിന് കോട്ടം സംഭവിച്ചാല്‍ അവരുടെ വിശ്വാസ്യത തകരുകയും ഒരു വെറും സാദാ‍ സ്ത്രീയായി (?) മാറുകയും ചെയ്യുമായിരുന്നു.

ആ സാഹചര്യത്തിലേക്കാണ് ഗെയിലിന്റെ വെളിപ്പെടുത്തലുകള്‍ വന്നു വീഴുന്നത്. അമൃതാനന്ദമയിയുടെ പ്രധാന ശിഷ്യനായ ബാലു എന്നറിയപ്പെടുന്ന അമൃതസ്വരൂപാനന്ദ തന്നെ ബലാല്‍സംഗം ചെയ്തിട്ടുണ്ടെന്ന് അവര്‍ തുറന്നു പറഞ്ഞു. കൊട്ടിഗ്ഘോഷിക്കപ്പെടുന്ന ഒരു സ്ത്രീപക്ഷവാദിയും ആ വെളിപ്പെടുത്തലുകളെക്കുറിച്ച് അന്വേഷണം വേണമെന്നോ ഗെയില്‍ ഇരയാണെന്നോ ഉള്ള വാദവുമായി മുന്നോട്ടു വന്നില്ല.

കന്യാത്വത്തിന്റേയും വിശുദ്ധിയുടേയും പരിവേഷമണിഞ്ഞിരിക്കുന്ന അമൃതാനന്ദമയിയുടെ വേഴ്ചകള്‍ക്ക് താന്‍ സാക്ഷിയാണെന്ന വെളിപ്പെടുത്തലുകള്‍ വന്നിട്ടും നമ്മുടെ വിശ്വാസത്തിന്റെ കാര്യത്തില്‍ വിള്ളലുകളുണ്ടാക്കുവാന്‍ നാം തയ്യാറായില്ല. പണക്കൂമ്പാരത്തിന്റെ മുകളില്‍ കിടന്നാണ് അവര്‍ ജീവിച്ചു പോകുന്നതെന്ന സാക്ഷിമൊഴിയെ നാം വിശ്വാസത്തിലെടുത്തില്ല. ആശ്രമവുമായി എല്ലാ ബന്ധവും അവസാനിപ്പിച്ചതിനു ശേഷവും എന്തിന് ഈ പുസ്തകമെഴുതി എന്നൊരു ചോദ്യം ഉന്നയിക്കപ്പെടുന്നുണ്ട്, അഭിമുഖത്തില്‍.

അതിന് ഉത്തരമായി “ഒരുപാടു കാര്യങ്ങള്‍ ആരും പറയാതിരുന്നത്, ചിലരെല്ലാം പറയാന്‍ ശ്രമിച്ചിരുന്നു, പറഞ്ഞില്ല. എനിക്കു പറഞ്ഞേ മതിയാവു എന്നു തോന്നി. പൊതുജനങ്ങള്‍ക്കു വേണ്ടി. ഒത്തിരിയൊത്തിരി ആളുകള്‍ അവരുടെ ജീവിതം അവിടെ സമര്‍പ്പിച്ചിട്ടുണ്ട്. മനസ്സും ഹൃദയവും ശരീരവും പണവും എല്ലാം സമര്‍പ്പിച്ചിട്ടുണ്ട്.അവിടെ എന്തെല്ലാം സംഭവിക്കുന്നുണ്ടെന്ന് അറിയട്ടെ. അതിനുശേഷം അവര്‍ തന്നെ എന്തുവേണമെന്ന് തീരുമാനിക്കട്ടെ അതെന്റെ പ്രശ്നമല്ല.” എന്നാണു പറഞ്ഞിരിക്കുന്നത്.

സത്യത്തോടുള്ള പ്രതിബദ്ധത വ്യക്തമാക്കുന്ന ഗെയിലിന്റെ ഈ അഭിപ്രായത്തെ നാം പരിഗണിച്ചതേയില്ലെന്നു മാത്രവുമല്ല അവഗണിക്കുകയും ചെയ്തു. തങ്ങളുടേതായ സ്ഥാപനങ്ങളുടെ നേരെ ഉയരുന്ന ഏതൊരു ആക്ഷേപത്തേയും സത്യാനന്തര സമൂഹം ഇതേ രീതിയില്‍ തന്നെയാണ് കണക്കിലെടുക്കുക. ഉദാഹരണത്തിന്, രാജ്യത്തിന്റെ വികസനത്തേയും തൊഴിലില്ലായ്മയേയും ജനത നേരിടുന്ന ഇതര പ്രതിസന്ധികളേയും കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനു പകരം കൃത്രിമ ശത്രുക്കളേയും മതവൈരങ്ങളേയും വിഷയമാക്കി ഇലക്ഷന്‍ നേരിട്ട ഹിന്ദുത്വശക്തികള്‍ നേടിയ വന്‍ വിജയം നോക്കുക. വികാരങ്ങള്‍ക്ക് പരമപ്രാധാന്യം നല്കുന്ന ഒരു സമൂഹത്തില്‍ നിന്നും ഇതല്ലാതെ മറ്റെന്താണ് പ്രതീക്ഷിക്കുക?

വസ്തുതകളല്ല, വൈകാരികതകളാണ് നമുക്ക് പ്രിയപ്പെട്ടതായിരിക്കുന്നത്. സത്യത്തിന് പ്രാധാന്യം കൊടുക്കുന്ന ഒരു സമൂഹത്തിലേക്ക് നാം നയിക്കപ്പെടണമെങ്കില്‍ ഇനിയും എത്രയോ തിരുത്തപ്പെടണമെന്നു ബോധ്യപ്പെടുത്തുന്നതിനു വേണ്ടിയാണ് ഗെയിലിന്റെ അഭിമുഖത്തെ ഞാന്‍ ഉദാഹരിച്ചത്. അമൃതാനന്ദമയി മഠം പോലെയുള്ള സ്ഥാപനങ്ങള്‍ നേടിയെടുത്തിരിക്കുന്ന “വിശ്വാസ്യതകൾ” നിരന്തരം ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യങ്ങളുണ്ടാകണം. എന്നാല്‍ ഒരു ചുവടുവെച്ചതിനു ശേഷം മൂന്നു ചുവടു പിന്നോട്ടു വെയ്ക്കുന്ന നമ്മുടെ പൊതുസ്വഭാവം ഇനിയെങ്കിലും പുനഃപരിശോധിക്കേണ്ടതുണ്ട്.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

One thought on “വിശ്വാസവും വെളിപ്പെടുത്തലുകളും”
  1. അമൃതാനന്ദമയി മഠം പോലെയുള്ള സ്ഥാപനങ്ങള്‍ നേടിയെടുത്തിരിക്കുന്ന “വിശ്വാസ്യതകൾ” എന്ന് താങ്കൾ പറയുമ്പോൾ കമ്മ്യൂണിസം പോലുള്ള ആശയങ്ങൾ എന്തുകൊണ്ട് ചവറ്റുകൊട്ടയിൽ എറിയപെടുന്നു?

Leave a Reply

Your email address will not be published. Required fields are marked *