ന്യൂഡൽഹി:
ദേശീയ വിദ്യാഭ്യാസ പദ്ധതിയുടെ കരടുരേഖ മാത്രമാണ് തയ്യാറാക്കിയിട്ടുള്ളതെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. പദ്ധതി നടപ്പിലാക്കുന്നതിന് മുന്‍പ് പൊതുസമൂഹത്തിന്റെയും സംസ്ഥാന സര്‍ക്കാരുകളുടെയും ഈ വിഷയത്തിലുള്ള അഭിപ്രായം തേടുമെന്നും ഏകപക്ഷീയമായി ഒരു ഭാഷയും അടിച്ചേല്‍പ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
‘പൊതുജനങ്ങളില്‍ നിന്ന് പ്രതികരണം തേടും. സംസ്ഥാന സര്‍ക്കാരിനോട് ചോദിക്കും. ഇതൊക്കെ കഴിഞ്ഞേ ഇത് നടപ്പിലാക്കൂ. എല്ലാ ഭാഷകളെയും ഇന്ത്യ ഗവണ്‍മെന്റ് ബഹുമാനിക്കുന്നുണ്ട്. ഏതെങ്കിലും ഭാഷ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കില്ല,’ അദ്ദേഹം വ്യക്തമാക്കി. മുന്‍ ഐ.എസ്.ആര്‍ ഒ. തലവന്‍ കെ. കസ്തൂരിരംഗന്‍ അദ്ധ്യക്ഷനായ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് ഹിന്ദി ഇതര സംസ്ഥാനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ അവിടുത്തെ പ്രാദേശിക ഭാഷയും ഹിന്ദിയും ഇംഗ്ലീഷും പഠിക്കണമെന്നാണ്. ഹിന്ദി സംസാരിക്കുന്ന പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ഹിന്ദിയും ഇംഗ്ലീഷും ഒരു ആധുനിക ഇന്ത്യന്‍ ഭാഷയും പഠിക്കണം എന്നും നിര്‍ദ്ദേശിക്കുന്നു.