ഫ്രണ്ട്സ് എന്ന മലയാളം സിനിമയിലെ പോണ്ടിച്ചേരി ലാസർ എളേപ്പനെ അറിയാത്ത മലയാളികൾ ഉണ്ടാവില്ല. ഈ സിനിമയുടെ തമിഴ് പതിപ്പിലെ ലാസർ എളേപ്പൻ എന്ന കഥാപാത്രമാണ് നേശാമണി. അവതരിപ്പിച്ചത് വടിവേലുവും. നേശാമണിക്ക് വേണ്ടി പ്രാർത്ഥിക്കുകയാണ് ഇപ്പോഴും സോഷ്യൽ മീഡിയ. മോഡിയുടെ സത്യപ്രതിജ്ഞ ചടങ്ങിന്റെ ഹാഷ് ടാഗ് പിന്തള്ളിക്കൊണ്ട് #Pray for Neshamani എന്ന ഹാഷ് ടാഗ് ട്വിറ്ററിൽ മുന്നി ലെത്തി.
ചുറ്റിക തലയിൽ വീണു കിളിപോയ നേശാമണിയുടെ ഫോട്ടോ അടക്കം പങ്കുവെക്കാനും ഒട്ടേറെ പേർ ഉണ്ടായി.
കഴിഞ്ഞ ദിവസം പാക്കിസ്ഥാനിലെ ഏതാനും ട്രോളന്മാരാണ് ചുറ്റികയുടെ ചിത്രം പങ്കുവെച്ച് ഇതിന് നിങ്ങളുടെ നാട്ടിൽ എന്ത് പറയും എന്ന തലക്കെട്ടോടെ പ്രചരിപ്പിച്ചത്. ഈ പോസ്റ്റ് ശ്രദ്ധയിൽ പെട്ട ഒരു തമിഴ് നാട് സ്വദേശി, എന്റെ നാട്ടിൽ ഇതിന് സുത്തിയൽ എന്നാണ് പറയുക എന്നും ഇത് തലയിൽ വീണ് പെയിന്റ് തൊഴിലാളിയായ നേശാമണിക്ക് പരിക്കേറ്റുവെന്നും ആശുപത്രിയിൽ ആണെന്നും കൂട്ടി ചേർത്തു. ഇതാണ് പിന്നെ ട്വിറ്ററിൽ ട്രെൻഡ് ആയി മാറിയത്.
പിന്നീട് വിവിധ ട്വീറ്റുകളുടെ ബഹളമായിരുന്നു.
നേശാമണിക്ക് വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് നിരവധിപേർ രംഗത്ത് വന്നു. ചുറ്റിക ചിഹ്നമായ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ലോഗോയിൽ നിന്ന് ചുറ്റിക ഒഴിവാക്കണമെന്ന് കൂടെ ആളുകൾ ട്വീറ്റ് ചെയ്തു.
നേശാമണിയുടെ രോഗ വിവരത്തിൽ പുരോഗതിയുണ്ട് എന്ന് പറയുന്ന അപ്പോളോ ആശുപത്രിയുടെ മെഡിക്കൽ റിപ്പോർട്ട് വരെ ചിലരുണ്ടാക്കി.
ധോണി ഉണ്ടായിരുന്നുവെങ്കിൽ ആ ചുറ്റിക ക്യാച്ച് പിടിച്ചേനെയെന്നും ദുരന്തം ഒഴിവാക്കാൻ കഴിഞ്ഞേനെയെന്നും ഉൾപ്പെടെയുള്ള ട്രോളുകളാണു പ്രചരിക്കുന്നത്.
മോദിയെ വരെ തകർത്തെറിഞ്ഞ നേശാമണിക്ക് വൻ വരവേൽപ്പാണ് സോഷ്യൽ മീഡിയ നൽകുന്നത്.