തിരുവനന്തപുരം :
സംസ്ഥാനത്ത് എൽ.ഡി.എഫ് മികച്ച വിജയം നേടുമെന്ന് പിണറായി വിജയൻ അവകാശപ്പെട്ടു. ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു പിണറായി.കേരളത്തിൽ യുഡിഎഫ് തരംഗമെന്നായിരുന്നു എക്സിറ്റ് പോൾ ഫലങ്ങളിൽ ഭൂരിഭാഗവും.
23 വരെ കാത്തിരിക്കാമെന്നും എക്‌സിറ്റ് പോളുകൾ നേരത്തേയും ഉണ്ടായിട്ടുണ്ടെന്നും പലതും പാളിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയില്‍ സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിപ്പിച്ചത് ആരാണെന്ന് എല്ലാവര്ക്കും അറിയാം. ശബരിമലയെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
എക്സിറ്റ് പോൾ ഫലങ്ങൾക്ക് യാഥാർത്ഥ്യവുമായി ഒരു ബന്ധവുമില്ലെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പല ഇലക്ഷനും സി.പി.എം തോറ്റിട്ടുണ്ട്, എന്നാല്‍ തോറ്റാൽ കരഞ്ഞിരിക്കുന്നവരല്ല ഇടതുപക്ഷമെന്ന് കോടിയേരി ബാലകൃഷ്ണൻ കൂട്ടിച്ചേർത്തു.
അതിനിടെ ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ ഒരു ഘടകമാകുമെന്ന് ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദേൻ പറഞ്ഞു. എക്‌സിറ്റ് പോൾ ഫലങ്ങൾ മാറിമറിഞ്ഞേക്കാമെന്നും കടകംപള്ളി പ്രതികരിച്ചു. എക്‌സിറ്റ് പോൾ പ്രവചനം തള്ളിക്കളയുന്നു എന്ന് തിരുവനന്തപുരം എൽ.ഡി.എഫ് സ്ഥാനാർത്ഥി, സി.ദിവാകരനും പ്രതികരിച്ചു.
ബി.ജെ.പി ക്ക് അനുകൂലമായ എക്‌സിറ്റ് പോളുകളെ തള്ളി ശശി തരൂർ തരൂർ എം.പി യും ട്വീറ്റ് ചെയ്തു. ‘എല്ലാ എക്‌സിറ്റ് പോൾ ഫലങ്ങളും തെറ്റാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഓസ്‌ട്രേലിയയിൽ കഴിഞ്ഞ ആഴ്ച 56 എക്‌സിറ്റ് പോൾ ഫലങ്ങളാണ് തെറ്റാണെന്ന് തെളിഞ്ഞത്. ഇന്ത്യയിലെ വോട്ടർമാർ ആർക്കാണ് വോട്ട് ചെയ്തതെന്ന് വെളിപ്പെടുത്താറില്ല. ആർക്കാണ് വോട്ട് ചെയ്തതെന്ന് ചോദിക്കുന്നവർ സർക്കാർ ഉദ്യോഗസ്ഥരോ സർക്കാർ പ്രതിനിധികളോ ആയിരിക്കാമെന്ന് ഭയപ്പെടുന്നവരാണവർ. 23ാം തീയ്യതി യഥാർത്ഥ റിസൾട്ട് വരാനായി കാത്തിരിക്കുന്നു,’ അദ്ദേഹം പറഞ്ഞു.