ഭോപ്പാൽ :
മധ്യപ്രദേശിൽ വിശ്വാസവോട്ടെടുപ്പിന് കോൺഗ്രസ്സ് തയ്യാറെന്ന് മുഖ്യമന്ത്രി കമൽനാഥ്. അധികാരമേറ്റത് മുതൽ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുകയാണ്. ബി.ജെ.പിയുടെ പരാജയം മറയ്ക്കാനാണ് ഇത്തരം നീക്കങ്ങളെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി പറഞ്ഞു.
അഞ്ചു മാസത്തിനിടെ നാല് തവണയോളം ഭൂരിപക്ഷം തെളിയിച്ചതാണ്. അവർ വീണ്ടും അതിനുള്ള ശ്രമം നടത്തുന്നു. ഞങ്ങള്‍ക്ക് ഒരു പ്രശ്നവുമില്ല. വിശ്വാസ വോട്ടെടുപ്പിന് സർക്കാർ തയാറാണെന്നും കമല്‍നാഥ് വ്യക്തമാക്കി.
ചില കോൺഗ്രസ് എം.എൽ.എ മാർ പാർട്ടി വിടുമെന്നും, ജനങ്ങള്‍ക്ക് കമല്‍നാഥ് സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും, സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്നും,വിശ്വാസവോട്ട് തേടാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഗോപാൽ ഭാർഗവ ഗവർണർക്കു കത്ത് നൽകിയിരുന്നു.
എക്സിറ്റ് പോളുകളിൽ ബി.ജെ.പി ക്കു മുൻതൂക്കം ലഭിച്ചതിനാൽ കോൺഗ്രസ്സിൽ നിന്നും ബി.ജെ.പി യിലേക്ക് എം.എൽ.എ മാർ കൂറുമാറാൻ തയ്യാറാകും എന്ന കണക്കു കൂട്ടലിൽ ആയിരുന്നു ബി.ജെ.പിയുടെ ഈ നീക്കം.
മധ്യപ്രദേശ് ഭരിക്കുന്ന കമൽ നാഥ് സർക്കാരിന് കേവല ഭൂരിപക്ഷത്തിനു രണ്ടു വോട്ടിന്റെ കുറവുണ്ട്. എസ്.പി, ബി.എസ്.പി, സ്വതന്ത്രർ എന്നിവരുടെ പിന്തുണയാലാണ് ഇപ്പോൾ ഭരണം. മോഡി സർക്കാർ വീണ്ടും അധികാരത്തിലെത്തിയാൽ കുറച്ചു എം.എൽ.എ മാർ ബി.ജെ.പി ക്കു അനുകൂലമായി കൂറ് മാറാൻ തയ്യാറാകും എന്ന അഭ്യൂഹം ശക്തമാണ്.