ഭോപ്പാൽ:
മഹാത്മാ ഗാന്ധിയുടെ ഘാതകനായ ഗോഡ്സെയെ ദേശസ്നേഹിയെന്നു വിളിച്ച പ്രജ്ഞാസിംഗിനെ തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദിയും, അമിത് ഷായും രംഗത്തു വന്നു. പ്രജ്ഞയ്ക്ക് മാപ്പ് നൽകാനാകില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. നേതാക്കളുടെ ഇത്തരം പരാമർശങ്ങളുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായും പറഞ്ഞു.
പ്രജ്ഞയുടെ പരാമർശം വൻ വിവാദമായതിനു പിന്നാലെ ബി.ജെ.പി ക്കു ഇത് രാഷ്ട്രീയമായി തിരിച്ചടി ഉണ്ടാകും എന്ന് വ്യക്തമായതോടെയാണ് മോദിയും, അമിത് ഷായും പ്രജ്ഞയെ തള്ളിപ്പറയാൻ തയ്യാറായിട്ടുള്ളത്. കോൺഗ്രസ്സ് വിവാദ പരാമര്‍ശത്തിനെതിരെ ശക്തമായി രംഗത്തു വന്നിരുന്നു.
വിവാദ പരാമർശം നടത്തിയ ശേഷവും കേന്ദ്രമന്ത്രിമാർ ഉൾപ്പടെയുള്ള ബി.ജെ.പി നേതാക്കൾ പ്രജ്ഞയെ ശക്തമായി അനുകൂലിച്ച് രംഗത്ത് വന്നിരുന്നു.വിഷയത്തിൽ പ്രജ്ഞ മാപ്പു പറയേണ്ടതില്ലെന്നും ഗോഡ്സെ ഇപ്പോൾ ചർച്ചയായതിൽ തനിക്ക് സന്തോഷമുണ്ടെന്നുമായിരുന്നു കേന്ദ്രമന്ത്രി അനന്ത് കുമാർ ഹെഗ്ഡെയുടെ ട്വീറ്റ്. ഇപ്പോൾ ഇത് ചർച്ചയാകുന്നതിൽ ഗോഡ്സെയും സന്തോഷിക്കുന്നുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പിന്നീട് വിവാദം മുറുകിയപ്പോൾ തന്റെ ട്വിറ്റർ പേജ് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും തന്റേതെന്നു പേരിൽ വന്ന പരാമർശങ്ങളിൽ ഖേദിക്കുന്നുവെന്നും വിശദീകരണവും ഹെഗ്ഡെ നൽകി.
സമാനമായ രീതിയിലായിരുന്നു ബി.ജെ.പി എം.പി നളിൻ കുമാർ കട്ടീലിന്റെയും ട്വീറ്റ്. ഒരാളെ കൊന്ന ഗോഡ്സെയാണോ 72 പേരെ കൊന്ന അജ്മൽ കസബാണോ 17,000 പേരെ കൊന്ന രാജീവ് ഗാന്ധിയാണോ ക്രൂരൻ എന്നായിരുന്നു കട്ടീലിന്റെ ട്വീറ്റ്.
ഭോപ്പാലിലെ ബിജെപി സ്ഥാനാർഥി പ്രജ്ഞാ സിംഗ് താക്കൂർ, കേന്ദ്രമന്ത്രി അനന്ത് കുമാർ ഹെഗ്ഡെ, എംപി നളിൻ കുമാർ കട്ടീൽ തുടങ്ങിയവരുടെ പരാമർശങ്ങൾ പാർട്ടി അച്ചടക്ക സമിതി പരിശോധിക്കുമെന്നും ഷാ പറഞ്ഞു. സമിതിയോട് 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, പാർട്ടി നേതൃത്വത്തിന്റെ നിർദേശമുണ്ടായിട്ടും വിഷയത്തിൽ മാപ്പു പറയാൻ പ്രജ്ഞ തയാറായിരുന്നില്ല. ഒടുവിൽ നേതാക്കൾ സമ്മർദ്ദം ശക്തമാക്കിയപ്പോഴാണ് ട്വിറ്ററിലൂടെ അവർ മാപ്പപേക്ഷ നടത്തിയത്. നേരത്തെ മുംബൈ ഭീകരാക്രമണത്തിനിടെ വീരമൃത്യു വരിച്ച ഭീകരവിരുദ്ധ സ്ക്വാഡ് തലവൻ ഹേമന്ത് കര്‍ഖരയെ അപമാനിച്ച് പ്രജ്ഞ രംഗത്തു വന്നിരുന്നു. താൻ ശപിച്ചതിനാലാണ് കാര്‍ഖരെ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടതെന്നും കാര്‍ഖരെ ദേശ വിരുദ്ധനാണെന്നും പ്രജ്ഞാ സിങ്ങ് ഠാക്കൂര്‍ പറഞ്ഞിരുന്നു. മലേഗാവ് സ്ഫോടനക്കേസ് അന്വേഷിച്ചിരുന്നത് ഹേമന്ത്ര കര്‍ഖരെയാണ്. തെളിവില്ലെങ്കിൽ തന്നെ വിട്ടയാക്കാമെന്ന് അന്വേഷണ സംഘം പറഞ്ഞെങ്കിലും കര്‍ഖരെ അനുവദിച്ചില്ല അതിനാല്‍ കര്‍ഖരയെ ശപിച്ചുവെന്നായിരുന്നു പ്രജ്ഞാ സിങ് ഠാക്കൂര്‍ പറഞ്ഞത്.
ഇതിന് പിന്നാലെയായിരുന്നു ബാബറി മസ്ജിദ് പൊളിക്കാന്‍ താനുണ്ടായിരുന്നെന്ന് അവര്‍ പറഞ്ഞത്. രാമക്ഷേത്ര നിർമ്മാണത്തിൽ നിന്ന് ഞങ്ങളെ ആര്‍ക്കും തടയാനാവില്ലെന്നുമുള്ള പ്രജ്ഞയുടെ പരാമര്‍ശത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാമത്തെ നോട്ടീസ് നല്‍കിയിരുന്നു.
മഹാത്മാഗാന്ധിയുടെ ഘാതകൻ നാഥുറാം വിനായക് ഗോഡ്സെയെ പ്രകീർത്തിച്ച ബിജെപി, ആർഎസ്എസ് നേതാക്കളെ പരിഹസിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ട്വീറ്റ് ചെയ്തിരുന്നു. ഇതോടെ, ബി.ജെ.പി, ആർ.എസ്.എസ് നേതാക്കൾ ഗോഡ്-കെ സ്നേഹികളല്ല (ദൈവസ്നേഹികളല്ല) ഗോഡ്-സെ സ്നേഹികളാണെന്ന് വെളിപ്പെട്ടെന്നായിരുന്നു രാഹുലിന്റെ പരിഹാസം.
എന്തായാലും ബി.ജെ.പി നേതാക്കളുടെ തുടർച്ചയായ വിവാദ പരാമർശങ്ങൾ ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ പ്രതിരോധത്തിൽ ആക്കിയിരിക്കുകയാണ്. എന്നാൽ ഒരു വിഭാഗം നേതാക്കളെ കൊണ്ട് ഇത്തരം തീവ്ര നിലപാടുകൾ പറയിപ്പിച്ചു ബി.ജെ.പി വലിയൊരു വർഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും ആരോപണം ഉയരുന്നുണ്ട്.