ന്യൂഡൽഹി :
പ്രധാന മന്ത്രിയായ ശേഷം ആദ്യമായി വാർത്ത സമ്മേളനം നടത്തിയ മോദിയെ കൊട്ടി രാഹുൽ ഗാന്ധി. മോദി മാധ്യമങ്ങളെ കാണാൻ തീരുമാനിച്ചത് വളരെ നല്ല കാര്യമാണ് എന്നാൽ ആദ്യമായി മാധ്യമങ്ങളെ കാണാൻ എത്തിയ പ്രധാനമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കാൻ മാധ്യമപ്രവർത്തകരുടെ ശ്രദ്ധ വേണമെന്ന് അദ്ദേഹം പറഞ്ഞു.
മുൻപ് പലർക്കും മോദി അഭിമുഖം അനുവദിച്ചിട്ടുണ്ട്. അന്ന് പലരും ചോദിച്ച പോലെ താങ്കളുടെ കുർത്ത മനോഹരമാണല്ലോ. എന്താണ് ഈ ഹാഫ് കൈ കുർത്ത ധരിക്കുന്നത്? എവിടെ നിന്നാണ് ഈ ഐഡിയ കിട്ടിയത്? താങ്കളുടെ ഭക്ഷണം കഴിക്കുന്ന രീതി എന്താണ്? എന്നിങ്ങനെ ഉള്ള കാര്യങ്ങൾ ചോദിക്കാതെ രാജ്യത്തെ കുറിച്ച് ചോദിക്കണം എന്ന് രാഹുൽ ഓർമ്മപ്പെടുത്തി.
കഴിഞ്ഞ മാസം ബോളിവുഡ് നടന്‍ അക്ഷയ് കുമാറിനു മോദി അഭിമുഖത്തിന് അവസരം നൽകിയിരുന്നു. മോദിയുടെ ഉറക്കം, തമാശ പറച്ചില്‍, ചായകുടി ശീലം തുടങ്ങിയ കാര്യങ്ങളൊക്കെയായിരുന്നു സംഭാഷണ വിഷയങ്ങള്‍. ഇതിനെ പരിഹസിച്ച് കൊണ്ടാണ് രാഹുൽ മാധ്യമ പ്രവർത്തകരോട് ഗൗരവകരമായ വിഷയങ്ങൾ ചോദിയ്ക്കാൻ ആവശ്യപ്പെട്ടത്.
അടുത്ത പ്രധാനമന്ത്രിയാരായിരിക്കും എന്ന ചോദ്യത്തിന് ഇന്ത്യയിലെ ജനങ്ങളാണ് അത് തീരുമാനിക്കുകയെന്നും മെയ് 23ന് ഇനി അധികം താമസമില്ലെന്നും രാഹുൽ പ്രതികരിച്ചു. പലപ്പോഴും ഒരു തുറന്ന സംവാദത്തിന് ഞാൻ മോദിയെ ക്ഷണിച്ചിരുന്നു. പക്ഷേ അയാൾ വന്നില്ല. ഇപ്പോൾ പത്ര സമ്മേളനത്തിൽ എന്തായിരിക്കും പറയുക എന്ന് നോക്കാം എന്നും രാഹുൽ പറഞ്ഞു.