വാഷിംഗ്‌ടൺ:
ഇറാനില്‍നിന്ന് എണ്ണ വാങ്ങരുതെന്ന ശാസന ഇന്ത്യക്കുമേല്‍ അമേരിക്ക അടിച്ചേല്‍പ്പിച്ചത് പുല്‍വാമ ആക്രമണത്തിന്റെയും മസൂദ് അസ്‌ഹറിന്റെയും പേരില്‍. പുല്‍വാമ ആക്രമണത്തെ തുടര്‍ന്നുള്ള ഘട്ടത്തില്‍ ഇന്ത്യയ്ക്കൊപ്പം നിലയുറപ്പിച്ചതും അസ്‌ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാന്‍ മുന്‍കൈയെടുത്തതും മോദി സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച ട്രംപ് ഭരണകൂടം, പകരമായി ഇറാന്‍ വിഷയത്തില്‍ ഒപ്പം നില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
ഇന്ത്യക്ക് സാമ്പത്തികമായി വലിയ ബാധ്യത വരുത്തുന്ന നിര്‍ദേശമാണിതെങ്കിലും ഒരു മടിയുംകൂടാതെ മോദി സര്‍ക്കാര്‍ അംഗീകരിച്ചു. മെയ് രണ്ടു മുതല്‍ ഇറാനില്‍നിന്ന് ക്രൂഡോയില്‍ വാങ്ങുന്നത് ഇന്ത്യ പൂര്‍ണമായും നിര്‍ത്തിവച്ചിരിക്കുകയാണ്. എണ്ണ വ്യാപാരം തുടരണമെന്ന് അഭ്യര്‍ത്ഥിച്ച് ഇറാന്‍ വിദേശമന്ത്രി ജവാദ് സരിഫ് വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും അനുകൂല പ്രതികരണമുണ്ടായില്ല.