ദുബായ് :
രാജ്യാന്തര ക്രൂഡോയിൽ നീക്കത്തിൽ തന്ത്രപ്രധാന സ്ഥാനമുള്ള ഹോർമുസ് കടലിടുക്കിനു സമീപം, യു.എ.ഇ യിലെ ഫുജൈറ തീരത്ത് രണ്ടു സൗദി എണ്ണ ടാങ്കറുകളടക്കം 4 കപ്പലുകൾക്കു നേരെ ആക്രമണം. ഒരു കപ്പൽ തങ്ങളുടേതാണെന്നു നോർവേ കമ്പനി അറിയിച്ചു. നാലാമത്തെ കപ്പൽ യു.എ.ഇ യുടേതാണെന്നു സൂചനയുണ്ട്.
ഞായറാഴ്ച രാവിലെ ആറു മണിക്കാണ് ഫുജൈറക്കു സമീപം യു.എ.ഇ ജലാതിർത്തിയിലൂടെ അറേബ്യൻ ഉൾക്കടൽ താണ്ടുന്നതിന് നീങ്ങുകയായിരുന്ന കപ്പലുകൾക്കു നേരെ ആക്രമണമുണ്ടായതെന്ന് സൗദി ഊർജ, വ്യവസായ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹ് പറഞ്ഞു. ഇതിൽ ഒരു കപ്പൽ കിഴക്കൻ സൗദിയിലെ റാസ് തന്നൂറ തുറമുഖത്തു നിന്ന് എണ്ണ കയറ്റുന്നതിന് പോവുകയായിരുന്നു. റാസ് തന്നൂറയിൽ നിന്ന് കയറ്റുന്ന എണ്ണയുമായി അമേരിക്കയിൽ എത്തിക്കുന്നതിനായിരുന്നു പദ്ധതി. ആക്രമണത്തിൽ ആളപായവും എണ്ണ ചോർച്ചയും ഉണ്ടായിട്ടില്ല. എന്നാൽ എല്ലാ കപ്പലിലും വലിയ കുഴികൾക്ക് സമാനമായ ഗർത്തം രൂപപ്പെട്ടിരുന്നു. സ്‌ഫോടനത്തിന്റെ ഫലമായാണ് ഇതെന്നാണ് വിലയിരുത്തൽ.
ആക്രമണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനോ ആക്രമണത്തിന് പിന്നിലുള്ളതാരെന്ന് വ്യക്തമാക്കാനോ യു.എ.ഇ-സൗദി സർക്കാരുകൾ തയ്യാറായില്ല. ഫുജൈറ തുറമുഖത്തു സ്ഫോടനവും തീപിടിത്തവുമുണ്ടായെന്ന വാർത്ത യു.എ.ഇ നിഷേധിച്ചു. യു.എ.ഇ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ആക്രമണ രീതി വെളിപ്പെടുത്തിയിട്ടില്ല. ഏതെങ്കിലും രാജ്യത്തെ സംശയിക്കുന്നതായും പറഞ്ഞിട്ടില്ല.
ആക്രമണത്തിന് ഉത്തരവാദി ഇറാൻ ആണെന്നാണ് അമേരിക്ക സംശയം പ്രകടിപ്പിക്കുന്നത്. എണ്ണക്കപ്പലുകളുടെ നേർക്ക് ആക്രമണത്തിന് ഇറാൻ മുതിർന്നേക്കുമെന്നും ജാഗ്രത പുലർത്തണമെന്നും യു.എസ് മാരിടൈം അഡ്മിനിസ്ട്രേഷൻ മുന്നറിയിപ്പു നൽകി മൂന്നു ദിവസത്തിനുള്ളിലാണ് ആക്രമണം ഉണ്ടായത്. അക്രമങ്ങൾക്ക് മുതിർന്നാൽ ഇറാൻ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഇത് ഗൾഫ് മേഖലയിൽ യുദ്ധസമാനമായ സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്.
ലോകത്തെ ക്രൂഡോയിൽ നീക്കത്തിന്റെ 20 ശതമാനവും ഹോർമുസ് കടലിടുക്ക് വഴിയാണ്. ഇറാന്റെ സാമീപ്യമാണ് ഇവിടെ ഗൾഫ് രാജ്യങ്ങൾ ഭീഷണിയായി കാണുന്നത്. മുൻപ് ഉപരോധം നേരിട്ടപ്പോൾ മറ്റു രാജ്യങ്ങളുടെ എണ്ണനീക്കവും തടയുമെന്ന് ഇറാൻ ഭീഷണി മുഴക്കിയിരുന്നു.
‘ബാഹ്യ ശക്തി’കളുടെ കൈവിട്ട കളിയാണിതെന്നും അന്വേഷണം വേണമെന്നുമായിരുന്നു ഇറാന്റെ പ്രതികരണം. കുഴപ്പം കുത്തിപ്പൊക്കാനായി മൂന്നാം രാജ്യങ്ങളാരെങ്കിലുമായിരിക്കും ആക്രമണം നടത്തിയതെന്നും വിശദമായ അന്വേഷണം വേണമെന്നും ഇറാൻ ആവശ്യപ്പെട്ടു. അമേരിക്ക അനാവശ്യ വിവാദങ്ങളും പ്രശ്നങ്ങളും സൃഷ്ടിക്കുകയാണെന്ന് ഇന്ത്യ സന്ദർശിക്കുന്ന ഇറാനിയൻ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് സരീഫ് ഡൽഹിയിൽ പറഞ്ഞു. ഇറാൻ ഒരിക്കലും അമേരിക്കയുമായുള്ള പ്രശ്നങ്ങൾ മൂർച്ഛിക്കുന്നതിന് വഴിയൊരുക്കിയിട്ടില്ലെന്നും സരീഫ് പറഞ്ഞു.
ഇറാനുമായുള്ള ആണവക്കരാറിൽ നിന്നു കഴിഞ്ഞ വർഷം ഏകപക്ഷീയമായി പിന്മാറിയ അമേരിക്ക ഈയിടെ ഗൾഫ് മേഖലയിലേക്ക് വിമാനവാഹിനിക്കപ്പലുകളും യുദ്ധക്കപ്പലുകളും പേട്രിയട്ട് മിസൈലുകളും അയച്ചിരുന്നു.തങ്ങളുടെ എണ്ണക്കപ്പലുകൾ ആക്രമിക്കാൻ ഇറാൻ പദ്ധതിയിടുന്നതായി ആരോപിച്ച് യുഎസ് കഴിഞ്ഞദിവസം ഈ മേഖലയിലേക്ക് ഒരു യുദ്ധക്കപ്പൽ കൂടി അയയ്ക്കുകയും ചെയ്തു.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ യു.എസ് പ്രതിരോധ സെക്രട്ടറി മൈക്ക് പോംപെയോ മോസ്കോ സന്ദർശനം റദ്ദാക്കി, യൂറോപ്യൻ യൂണിയനുമായി ചർച്ചയ്ക്കു ബ്രസൽസിലേക്കു പോയി. ഇറാനും യു.എസും തമ്മിലുള്ള സംഘർഷം വൻ യുദ്ധത്തിലേക്കു നയിക്കാമെന്ന് ബ്രസൽസിൽ ബ്രിട്ടീഷ് വിദേശ സെക്രട്ടറി ജറമി ഹണ്ട് അഭിപ്രായപ്പെട്ടു.
ആക്രമണവാർത്തയെത്തുടർന്ന് ക്രൂഡ് ഓയിൽ വില 1.8ശതമാനം ഉയർന്നു.ലണ്ടനിൽ ബ്രെന്റ് ക്രൂഡിന് വീപ്പയ്ക്ക് വില 71.90 ഡോളറായി. ഗൾഫ് ഓഹരി വിപണിയിൽ ഇടിവുണ്ടായി.