Fri. Nov 22nd, 2024
ഹൈ​ദ​രാ​ബാ​ദ്:

അ​വ​സാ​ന​ പന്ത് വരെ ആവേശം നിറഞ്ഞ ത്രി​ല്ല​ർ ഫൈ​ന​ലി​ൽ ഒ​രു റ​ൺ​സി​നു ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി മും​ബൈ ഇ​ന്ത്യ​ൻ​സ് ഐ​.പി​.എ​ൽ കി​രീ​ടം സ്വ​ന്ത​മാ​ക്കി. മും​ബൈയുടെ നാ​ലാം കി​രീ​ട നേട്ടമാണിത്. ആ​ദ്യ​മാ​യാ​ണ് ഒ​രു ടീം ​നാ​ല് ഐ​.പി​.എ​ൽ കി​രീ​ട​ങ്ങ​ൾ സ്വ​ന്ത​മാ​ക്കു​ന്ന​ത്.

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ ഇന്ത്യന്‍സ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് നേടി. ചെന്നൈയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സ് നേടാന്‍ മാത്രമാണ് സാധിച്ചത്. അവസാന പന്തില്‍ രണ്ട് റണ്‍സായിരുന്നു ചെന്നൈയ്ക്ക് വേണ്ടിയിരുന്നത്. എന്നാല്‍ ലസിത് മലിംഗയുടെ പന്തില്‍ ഷാര്‍ദുല്‍ ഠാകൂര്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈയ്ക്ക് ഓപ്പണർമാരായ ക്വിന്റൻ ഡികോക് (17 പന്തിൽ 29), രോഹിത് ശർമ (14 പന്തിൽ 15) എന്നിവർ ഭേദപ്പെട്ട തുടക്കമായിരുന്നു നൽകിയത്. പിന്നീട് തുടരെ വിക്കറ്റുകൾ നഷ്ടപ്പെട്ട മുംബൈയെ കീറണ്‍ പൊള്ളാര്‍ഡ് (25 പന്തില്‍ പുറത്താവാതെ 41) ക്വിന്റണ്‍ ഡി കോക്ക് (17 പന്തില്‍ 29 ) എന്നിവരുടെ ഇന്നിങ്സാണ് കുറച്ചെങ്കിലും കരകയറ്റിയത്‌.
ദീപക് ചാഹർ (3 വിക്കറ്റ്), ഷാർദൂൽ ഠാക്കൂർ, ഇമ്രാൻ താഹിർ (ഇരുവരും 2 വിക്കറ്റ് വീതം) എന്നിവരുടെ ബൗളിംഗ് മികവാണ് മുംബൈയെ 149 എന്ന ശരാശരി സ്കോറിൽ പിടിച്ചു കെട്ടാൻ ചെന്നൈയെ സഹായിച്ചത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ നിരയിൽ ഷെയ്ന്‍ വാട്‌സണ്‍ (59 പന്തില്‍ 80) ഒഴികെ മറ്റാർക്കും തിളങ്ങാന്‍ സാധിച്ചില്ല. ഫാഫ് ഡു പ്ലെസിസ് (26), സുരേഷ് റെയ്‌ന (8), അമ്പാട്ടി റായുഡു (1), എം.എസ് ധോണി (2), ഡ്വെയ്ന്‍ ബ്രാവോ (15), ഷാര്‍ദുല്‍ ഠാകൂര്‍ (2) എന്നിവരാണ് ചെന്നൈയുടെ പുറത്തായ മറ്റുതാരങ്ങള്‍. നാല് സിക്‌സും എട്ട് ഫോറും അടങ്ങുന്നതായിരുന്നു വാട്‌സണിന്റെ ഇന്നിങ്‌സ്. നാ​ല് ഓ​വ​റി​ൽ 14 റ​ൺ​സ് മാ​ത്രം വി​ട്ടു​ന​ൽ​കി ര​ണ്ടു നി​ർ​ണാ​യ​ക വി​ക്ക​റ്റു​ക​ൾ പി​ഴു​ത ബും​മ്ര​യും നാ​ല് ഓ​വ​റി​ൽ 14 റ​ൺ​സി​ന് ഒ​രു വിക്കറ്റു വീഴ്ത്തിയ ചാ​ഹ​റും മും​ബൈ​ ബൗളിംഗ് നിരയിൽ തിളങ്ങി. എന്നിരുന്നാലും മലിംഗ തന്നെയായിരുന്നു ബൗളിംഗ് ഹീറോ.

മ​ലിം​ഗ എ​റി​ഞ്ഞ അ​വ​സാ​ന ഓ​വ​റി​ൽ ഒ​മ്പ​ത് റ​ൺ​സാ​യി​രു​ന്നു ചെ​ന്നൈ​യ്ക്കു ജ​യി​ക്കാ​ൻ വേ​ണ്ടി​യി​രു​ന്ന​ത്. അ​ർ​ധ​സെ​ഞ്ചു​റി​യു​മാ​യി ഷെ​യി​ൻ വാ​ട്സ​ൺ (80) ക്രീ​സി​ൽ. ആ​ദ്യ ര​ണ്ടു പ​ന്തു​ക​ളി​ൽ സിം​ഗി​ൾ. മൂ​ന്നാം പ​ന്തി​ൽ വാ​ട്സ​ൺ ഡ​ബി​ൾ. എ​ന്നാ​ൽ നാ​ലാം പ​ന്തി​ൽ ക​ളി​മാ​റി. ഡ​ബി​ൾ ഓ​ടി​യെ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ വാ​ട്സ​ൺ പു​റ​ത്ത്. ഇ​തോ​ടെ ക​ളി എ​ങ്ങോ​ട്ടും തി​രി​യാ​മെ​ന്നാ​യി. അ​ഞ്ചാം പ​ന്തി​ൽ വാ​ട്സ​ണു പ​ക​ര​മെ​ത്തി​യ താ​ക്കൂ​ർ രണ്ടു റൺസെടുത്തു. അ​വ​സാ​ന പ​ന്തി​ൽ ജയിക്കാൻ ര​ണ്ട് റ​ൺ​സ്. ആ​വേ​ശം കൊ​ടു​മു​ടി​ക​യ​റി. എന്നാല്‍ ലസിത് മലിംഗയുടെ പന്തില്‍ ഷാര്‍ദുല്‍ ഠാകൂര്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി. മും​ബൈ ച​രി​ത്രം സൃ​ഷ്ടി​ച്ച് നാലാമതും കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ടു.

Leave a Reply

Your email address will not be published. Required fields are marked *