തിരുവനന്തപുരം:
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ളയ്ക്കു സാഡിസ്റ്റ് മനോഭാവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാരിന് രഹസ്യമായി കത്തയച്ച് കേരളത്തിന്റെ ദേശീയപാത വികസനം തടയാൻ ശ്രീധരൻ പിള്ള ശ്രമിച്ചെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ബി.ജെ.പിക്കും പാർട്ടി അധ്യക്ഷൻ ശ്രീധരൻ പിള്ളയ്ക്കും എതിരെ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ആഞ്ഞടിച്ചത്.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട നിലപാടുകൾ പുറത്തുപറയാതെ ശ്രീധരൻ പിള്ള കേന്ദ്രത്തിനു രഹസ്യമായി കത്തയ്ക്കുകയാണ് ചെയ്യുന്നത്. അദ്ദേഹത്തിനു സാഡിസ്റ്റ് മനോഭാവമാണ് ഉള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.യാതൊരു കാരണവും പറയാതെയാണ് സംസ്ഥാനത്തെ ദേശീയ പാത വികസനത്തിൽ നിന്ന് ദേശീയ പാത അതോറിറ്റി പിൻമാറുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. സ്ഥലമേറ്റെടുപ്പ് അടക്കം നടപടികൾ ക്രിയാത്മകമായി മുന്നോട്ട് പോകുകയാണ്. ഇതിനിടയിലാണ് പദ്ധതി നിര്‍ത്തിവയ്കക്കാൻ തീരുമാനിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമാണ് ദേശീയ പാത വികസന പദ്ധതി നിര്‍ത്തി വയ്ക്കാൻ തീരുമാനിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. രണ്ട് വര്‍ഷത്തേക്ക് തുടര്‍ നടപടികൾ നടത്താനാകാത്ത സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിക്കുകയാണ് ഉദ്ദേശ്യം. ഇടത് സര്‍ക്കാരിന്റെ കാലയളവിൽ ദേശീയ പാത വികസനം സാധ്യമല്ലാതാക്കുകയാണ് ഈ തീരുമാനത്തിന് പിന്നിലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു.
ദേശീയപാത സ്ഥലമേറ്റെടുപ്പ് നിർത്തിവയ്ക്കാൻ കേന്ദ്രം തീരുമാനിച്ചത് ഒരു ചർച്ചയും നടത്താതെയായിരുന്നു. കേരളത്തിലെ വികസനത്തെ അട്ടിമറിക്കാനുള്ള ഒടുവിലത്തെ ഉദാഹരണമാണിത്. കേരളത്തെ തകർക്കുന്ന സംഘടനയാണ് സംഘപരിവാർ. ഇതുവരെ കേരളത്തിന്റെ ചരിത്രത്തിൽ ഒരു സംഭാവനയും നൽകാത്ത സംഘടനയാണിതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേരളത്തിന്റെ വികസനത്തെ തടയുന്നവരെ ജനം തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.