Fri. Mar 29th, 2024
#ദിനസരികള്‍ 748

മഹാഭാരതത്തിലും രാമായണത്തിലും ആക്രമണോത്സുകത ധാരാളമുണ്ട് എന്ന് സീതാറാം യെച്ചൂരി പറയുന്നതില്‍ അതിശയോക്തി ഒട്ടും തന്നെയില്ല. (“Sadhvi Pragya Singh Thakur said that Hindus don’t believe in violence. Many kings and principalities have fought battles in the country. Ramayana and Mahabharata are also filled with instances of violence and battles. Being a pracharak, you narrate the epics but still claim Hindus can’t be violent?”)

വര്‍ണ്ണ ധര്‍മ്മത്തെ പിന്തുടരുന്ന സാമൂഹിക ജീവിതത്തെ സംസ്ഥാപിക്കുന്നതിലും അതിനെതിരെ നിലകൊള്ളുന്ന ആശയങ്ങളേയും വ്യക്തികളേയും ഉന്മൂലനം ചെയ്യുന്നതിലും തുടങ്ങി വര്‍ത്തമാനകാലത്ത് ഇതരമതവിഭാഗങ്ങളോടും ദളിതരോടുമുള്ള പല വിധ നീചവൃത്തികളോളം എത്തിനില്ക്കുന്ന ഹിന്ദുത്വ, എല്ലാക്കാലത്തും മേമ്പൊടിയായി സഹിഷ്ണുതയുടെ വിവിധ വിശേഷണങ്ങളെ ചേര്‍ത്തു വെച്ചിട്ടുമുണ്ട്. ഗാന്ധി അടക്കമുള്ള അഹിംസാവാദികള്‍ സഹിഷ്ണുതാവാദത്തിന്റെ വക്താക്കളും പ്രയോക്താക്കളുമായി രംഗത്തിറങ്ങിയിട്ടുണ്ടെങ്കിലും പക്ഷേ അതൊക്കെ പൊള്ളയാണെന്നും ആന്തരികമായി അന്യമതങ്ങളോടും ആശയങ്ങളോടും കടുത്ത എതിര്‍പ്പാണ് ഹൈന്ദവത പുലര്‍ത്തുന്നതെന്നും വസ്തുതകളെ മുന്‍നിറുത്തി നമുക്ക് കണ്ടെത്താന്‍ കഴിയും.

ഗാന്ധിയുടെ ഹിന്ദുമതം യഥാര്‍ത്ഥ ഹിന്ദുമതമല്ലെന്നും അതുകൊണ്ടുതന്നെ ഗാന്ധി ഹിന്ദുവല്ലെന്നും ആരോപിച്ചുകൊണ്ടാണ് ആറെസ്സെസ്സുകാരനായ നഥുറാം വിനയാക് ഗോഡ്സേ അദ്ദേഹത്തെ വെടി വെച്ചു കൊന്നത്. നാഥുറാമിന്റെ ഹിന്ദുമതമാണ് ഇന്ന് സംഘപരിവാരം സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നതെങ്കില്‍ അവിടെ ഹിംസയല്ലാതെ മറ്റെന്താണ് ഉണ്ടാകുക? തങ്ങള്‍ പുലര്‍ത്തിപ്പോരുന്ന ഹിംസാത്മകതയുടെ പ്രത്യക്ഷ ഉദാഹരണമാണ് ഹിന്ദുമഹാസഭയുടെ നേതൃത്വത്തില്‍ അടുത്ത കാലത്ത് നടന്ന ഗാന്ധി വധത്തിന്റെ പുനരാഖ്യാനമെന്ന് എടുത്തു പറയേണ്ടതില്ലല്ലോ!

ഏതുകാലത്താണ് ഇന്ത്യയിലെ ഹൈന്ദവ ജനത യുദ്ധത്തില്‍ നിന്നും മുക്തരായി നിന്നിട്ടുള്ളത് ? ചില ഇടവേളകളുണ്ടായിട്ടുണ്ടാകാം എന്നല്ലാതെ? വൈദികരും അവൈദികരും തമ്മിലുള്ള യുദ്ധം പൌരാണിക സ്ഥാനങ്ങളില്‍ നിന്നും തുടങ്ങി ആധുനിക കാലത്തും തുടരുക തന്നെയല്ലേ? ബുദ്ധനും ജൈനനുമൊക്കെ ഇത്തരത്തില്‍ ശത്രുക്കളായി പരസ്പരം എത്രയോ കാലം പോരാടിയിട്ടുണ്ട് ? ബ്രാഹ്മണന്‍ അബ്രാഹ്മണനോട് ? ശൈവന്‍ വൈഷ്ണവനോട്? ചാര്‍വാകന്‍ എന്നും യുദ്ധത്തില്‍ തന്നെയായിരുന്നില്ലേ? ആധുനിക കാലമാകുമ്പോഴേക്കും ഹിന്ദുത്വ കുടുതല്‍ കൂടുതല്‍ രാഷ്ട്രീയവത്കരിക്കപ്പെടുന്നത് മുസ്ലിംമിനെ പ്രതിസ്ഥാനത്തു നിറുത്തിക്കൊണ്ടുള്ള ദേശീയതയെ പ്രതിനിധാനം ചെയ്യുന്നുവെന്നതിന്റെ പേരിലല്ലേ ? മുസ്ലിമിനെ ഹിന്ദുമതം അവസാനിപ്പിക്കാന്‍ നിരന്തരമായി ശ്രമിക്കുന്ന ഒന്നായി ചിത്രികരിച്ചുകൊണ്ടും അവനെതിരെ കലാപം പ്രഖ്യാപിച്ചുകൊണ്ടുമല്ലേ സംഘപരിവാരം അധികാരത്തിലേക്ക് നടന്നെത്തിയത് ?

ഭാര്യയെ അപഹരിച്ചു പോയവനെതിരെ ഭര്‍ത്താവിന്റെ കേവലമായ പ്രതികാരമാണ് രാമായണം എന്ന് നാം വായിച്ചെടുത്താല്‍ അത് ചരിത്രത്തോടു ചെയ്യുന്ന കൊടിയ അനീതിയായിമാറും. തങ്ങളെക്കാള്‍ ഉയര്‍ന്ന നിലവാരത്തില്‍ ജീവിക്കുന്ന ദളിതുവിഭാഗങ്ങളോടുള്ള പ്രതികാരമനോഭാവമാണ് രാമായണത്തിന്റെ ആന്തരികഘടനയാകുന്നത്. ശംബൂക വധം അതേ ദളിതുവിരോധത്തിന്റെ ഏറ്റവും ചെറുതും എളുപ്പം മനസ്സിലാക്കനാകുന്നതുമായ ഒരധ്യായമാണ്.

മഹാഭാരതമാകട്ടെ ലോകമിതുവരെ കാണാത്ത യുദ്ധത്തിന്റെ കഥയാണെന്നു തന്നെയാണ് അവകാശപ്പെടുന്നത്. അനന്തരാവകാശത്തിനുവേണ്ടി നടത്തിയ ആ ഘോരയുദ്ധത്തംപോലെയൊന്ന് നാളിതുവരെ നമ്മുടെ രാജ്യം കണ്ടിട്ടില്ലെന്നാണ് മഹാഭാരതത്തിന്റെ വക്താക്കള്‍ തന്നെ അവകാശപ്പെടുന്നത്. പതിനെട്ട് അക്ഷൌഹിണികള്‍ പങ്കെടുത്ത അത്തരമൊരു യുദ്ധം നടന്നുവോ ഇല്ലയോയെന്ന് ശാസ്ത്രീയയുക്തികള്‍ കലഹിക്കുമെങ്കിലും അവരുടെ അവകാശവാദങ്ങളെ നാം അംഗീകരിക്കുക. അങ്ങനെ വരുമ്പോള്‍ ബന്ധുവും ബന്ധുവും തമ്മില്‍ കുടുംബവും കുടുംബവും തമ്മില്‍ കുലവും കുലവും തമ്മില്‍ ഗോത്രവും ഗോത്രവും തമ്മിലുള്ള കുടിപ്പകയുടെ കഥ തന്നെയല്ലേ മഹാഭാരതവും പറയുന്നത് ?

ഹിന്ദുവിന്റെ ആക്രമണോത്സുകതയെ പ്രോത്സാഹിപ്പിച്ചു നിറുത്തുവാനുള്ള ഉപകരണങ്ങളായിട്ടാണ് മഹാഭാരതവും രാമായണവുമൊക്കെ ഉപയോഗിച്ചു പോന്നിട്ടുള്ളത്. ഭാരതത്തിന്റെ ഭാഗമായ ഭഗവത് ഗീത ഹിംസക്ക് സൈദ്ധാന്തികമായ പരിവേഷം അനുവദിച്ചുകൊടുത്തു. കൊല്ലുന്നതിനു പിന്നില്‍ പ്രത്യക്ഷത്തില്‍ വിശ്വാസിയായ ഒരു ഹിന്ദുവിന് ന്യായമെന്ന് തോന്നാവുന്ന ആശയങ്ങളെ സ്ഥാപിച്ചു. ബ്രാഹ്ണ വിധേയത്വങ്ങളെ വിദഗ്ദമായ വിധത്തില്‍ ഒളിപ്പിച്ചു വെച്ചുകൊണ്ട് – പലപ്പോഴും അത് പ്രത്യക്ഷമായിത്തന്നെയുണ്ട് – പ്രസ്ഥാന ത്രയങ്ങളെ സൃഷ്ടിച്ച് വര്‍ണാശ്രമ ധര്‍മ്മത്തെ കോട്ടം കൂടാതെ സംരക്ഷിക്കാനുള്ള ശ്രമങ്ങളുമുണ്ടായി. ഓരോരന്നിനേയും അങ്ങനേയും വ്യാഖ്യാനിക്കാം ഇങ്ങനേയുമാകാം എന്ന നിലയിലേക്കെത്തിച്ചുകൊണ്ട് ആവശ്യാനുസരണം പ്രയോഗിച്ചു പോന്നു.

സതീഷ് ദേശ്പാണ്ഡേ തന്റെ Contemporary India A Sociologica View എന്ന ഗ്രന്ഥത്തില്‍ സ്ഥലത്തെ അടിസ്ഥാനപ്പെടുത്തി ഹിന്ദുത്വയുടെ നീക്കങ്ങളെക്കുറിച്ച് പറയുന്നുണ്ട്.സ്ഥലപരമായ തന്ത്രങ്ങളുടെ വിശദമായ ആ പഠനത്തില്‍ ദേശം ഒരു പുണ്യഭൂമിയായി മാറുന്നതിന്റേയും ആ പുണ്യഭൂമിയിലെ ചില ഇടങ്ങ‍ള്‍ കൂടുതല്‍‌ പുണ്യപ്രദായിനികളായി മാറുന്നതിന്റേയും രീതി മനസ്സിലാക്കാന്‍ നമുക്കു കഴിയും. അങ്ങനെ വിശേഷമായി രൂപപ്പെടുത്തിയെടുത്ത പ്രദേശമായ അയോധ്യ എങ്ങനെയൊക്കെയാണ് ആക്രമണോത്സുകതയ്ക്ക് പ്രോത്സാഹനം വഹിക്കുന്ന ആശയമായി നിലകൊള്ളുന്നതെന്നത് സ്ഥലത്തെ മുന്‍നിറുത്തി നടത്തപ്പെടുന്ന തന്ത്രങ്ങള്‍ക്ക് ഉദാഹരണമാകുന്നു.

ഈ ആക്രമണോത്സുകതയെക്കുറിച്ച് തുറന്നു പറഞ്ഞ യെച്ചൂരി, നടത്തിയത് നാം വര്‍ത്തമാനകാലത്ത് തുടര്‍ന്നുപോരുന്ന സാംസ്കാരികപരിപ്രേക്ഷ്യങ്ങളില്‍ നിന്നുമൊരു വെട്ടിത്തിരിയലാണ്. പൊതുവേ നമ്മുടെ ഇടതുപക്ഷത്തെ വിമര്‍ശകര്‍ സ്വീകരിച്ചുപോരുന്ന ഒരു നിലപാട് ഹിന്ദുമതം ഇങ്ങനെയൊന്നുമല്ല, എന്നാല്‍ സംഘപരിവാരം അങ്ങനെയാക്കി മാറ്റി എന്നാണ്. പുതിയൊരു പോര്‍മുഖമായി യെച്ചൂരിയുടെ പ്രസ്താവനയെ കണ്ടുകൊണ്ട് ഗോ‌ഡ്സേയുടെ ഗീതയല്ല ഗാന്ധിയുടെ ഗീതയെയാണ് നമുക്ക് വേണ്ടത് എന്ന് വാദിക്കുന്ന ചിന്തകരാണ് തിരുത്തേണ്ടത്.

ഹിന്ദുമതവും മറ്റേതൊരു മതത്തെയെന്നപോലെത്തന്നെയും  ആക്രമണോത്സുകതയിലൂന്നിത്തന്നെയാണ് വളര്‍ന്നു വന്നത്. ഇതരമതങ്ങളോടുള്ള അസഹിഷ്ണുത നിറഞ്ഞ സമീപനങ്ങള്‍ വൈദിക കാലം മുതല്‍ക്കുതന്നെ നമുക്ക് കണ്ടെത്താനാകുന്നതാണ്. അന്ന് നിലനിന്ന അവൈദിക ആശയങ്ങളോടാണ് ആ പോരാട്ടങ്ങള്‍ നടന്നതെങ്കില്‍ ഇന്നത് മറ്റൊരു നിലയില്‍  തുടരുകയുമാണ്.ആ ആക്രമണോത്സുകതയുടെ വിശദമായ ആഖ്യാനങ്ങളായും മാതൃകകളായും പാടിപ്പുകഴ്ത്താറുള്ളതു മഹാഭാരതത്തേയും രാമായണത്തേയുമാണ്.അതുകൊണ്ടു തന്നെ യെച്ചൂരിയുടെ നിലപാട് കൃത്യതയാര്ന്ന ഒന്നാകുന്നു.

           

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *