തൃണമൂൽ കോൺഗ്രസ്സിന്റെ 40 എം.എൽ.എ മാർ തന്റെ കൂടെയാണെന്ന് ഒരു റാലിയിൽ പ്രസംഗിച്ചുകൊണ്ട് മോദി പറഞ്ഞു. “മെയ് 23 നു ശേഷം ബംഗാൾ മുഴുവൻ താമര വിരിയുമ്പോൾ, ദീദി (മമത), നിങ്ങളുടെ എം.എൽ.എ മാർ നിങ്ങളെ ഉപേക്ഷിച്ച് ഓടിപ്പോകുന്നത് നിങ്ങൾക്കു കാണാം. നിങ്ങളുടെ 40 എം.എൽ.എമാർ ഇന്നും ഞാനുമായി അടുപ്പത്തിലാണ്,” വെസ്റ്റ് ബംഗാളിലെ ഹൂഗ്ലിയിലെ ഒരു റാലിയിൽ പ്രസംഗിച്ചുകൊണ്ട് മോദി ഇങ്ങനെ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ടു ചെയ്തു.
ബി.ജെ.പി, തങ്ങളുടെ നോട്ടുനിരോധനത്തിലൂടെ ആരെ വേണമെങ്കിലും വിലയ്ക്കെടുക്കാനുള്ള ധനം സമ്പാദിച്ചിട്ടുണ്ട്. വിലയ്ക്കു വാങ്ങാനുള്ള ഈ കഴിവിന്റെ കാര്യം ഇന്ന് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ്. പണം ലഭിക്കുകയാണെങ്കിൽ, സിനിമാതാരങ്ങളായ മഹിമ ചൌധരിയടക്കമുള്ളവർ, ബി.ജെ.പിയ്ക്ക് അനുകൂലമായി ട്വീറ്റു ചെയ്യാൻ തയ്യാറാണെന്ന് കോബ്ര പോസ്റ്റിന്റെ സ്റ്റിങ് ഓപ്പറേഷനിൽ വ്യക്തമായതാണ്. ബി.ജെ.പിയ്ക്ക് ഇഷ്ടംപോലെ പണമുണ്ടെന്നും, മാസത്തിൽ ഒരു കോടി വരെ തരാൻ കഴിയുമെന്നും അവർ പ്രസ്താവിച്ചിരുന്നു.
2017 ലെ ഗോവ അസംബ്ലി തിരഞ്ഞെടുപ്പിൽ അതു നമ്മൾ കണ്ടതാണ്. അന്ന് ബി.ജെ.പിക്ക് 13 സീറ്റും, കോൺഗ്രസ്സിനു 17 സീറ്റും ആണ് ലഭിച്ചത്. ഗോവ ഫോർവേർഡ് പാർട്ടി, മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി, എന്നിവയുടെ പിന്തുണയും, രണ്ടു സ്വത്രന്ത്ര സ്ഥാനാർത്ഥികളുടെ പിന്തുണയും ബി.ജെ.പി. നേടിയെടുത്തു. അങ്ങനെ 40 അംഗ മന്ത്രിസഭയിൽ ബി.ജെ.പിയ്ക്ക് 21 സീറ്റുകളുമായി ഭൂരിപക്ഷം ലഭിച്ചു.
പക്ഷേ, ഇപ്പോൾ, തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ടം അവസാനിച്ചപ്പോൾ, വീണ്ടും ഒരു മോദി തരംഗം സൃഷ്ടിക്കാൻ കഴിയുമെന്ന സാദ്ധ്യതകൾ രാഷ്ട്രീയനിരീക്ഷകർ എഴുതിത്തള്ളിയിരിക്കുകയാണ്.
തിരഞ്ഞെടുപ്പിനു ശേഷം നടക്കാൻ പോകുന്ന സഖ്യസാദ്ധ്യതകൾ പ്രവചിക്കുവാൻ, രാഷ്ട്രീയ നിരീക്ഷകർ ആരംഭിച്ചിട്ടുണ്ട്. അതിലൊന്നാണ് ആന്ധ്രാപ്രദേശിലെ വൈ.എസ്.ആറുമായുള്ള സഖ്യം. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ. സർക്കാരിന് അംഗബലം കുറയുകയാണെങ്കിൽ, പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണയ്ക്കാൻ തയ്യാറാണെന്ന് വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി അദ്ധ്യക്ഷൻ ജഗൻ മോഹൻ റെഡ്ഡി, ഇന്ത്യാ ടുഡേയ്ക്കു കൊടുത്ത ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
ആന്ധ്രാപ്രദേശിനു പ്രത്യേക വിഭാഗ പദവി അനുവദിയ്ക്കാൻ തയ്യാറുള്ള ആർക്കും, തന്റെ പാർട്ടി പിന്തുണ നൽകുമെന്നും, 25 മണ്ഡലങ്ങളിൽ വിജയിക്കുന്നവർ, തന്റെ പക്കലുണ്ടെന്നും റെഡ്ഡി പറഞ്ഞു.
കഴിഞ്ഞവർഷം നടന്ന അസംബ്ലി തിരഞ്ഞെടുപ്പിൽ, ടി.ഡി.പിയെ തോൽപ്പിക്കാനായി, തെലങ്കാനയിൽ, ടി.ആർ. എസ് പാർട്ടി, വൈ.എസ്.ആറിനെ കൂട്ടുപിടിച്ചിരുന്നു.