വയനാട്:
എ.ഐ.സി.സി. അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ മത്സരിക്കുമെന്നു തീർച്ചയായി. കോൺഗ്രസ്സ് നേതാവ് എ. കെ. ആന്റണിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നാമനിർദ്ദേശപട്ടിക സമർപ്പിക്കുന്ന തീയതി തീരുമാനിച്ചിട്ടില്ല. മുൻപ് സ്ഥാനാർത്ഥിയായി തീരുമാനിച്ചിരുന്ന ടി. സിദ്ദിഖ്, രാഹുൽ ഗാന്ധി മത്സരിക്കുമെന്ന് അറിഞ്ഞതിനെത്തുടർന്നു പിന്മാറിയിരുന്നു.
സംസ്ഥാന കോണ്‍ഗ്രസ് ഘടകം ഇക്കാര്യം നേരത്തെ കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം രാഹുല്‍ ഗാന്ധിക്കു മുന്നില്‍ വച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടി നേരത്തെ സ്ഥിരീകരിച്ചിരുന്നു. വയനാട്ടില്‍ മത്സരിക്കുന്ന കാര്യം രാഹുലിന്റെ പരിഗണനയിലുണ്ടെന്നാണ് ഉമ്മന്‍ ചാണ്ടി അറിയിച്ചത്. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകുമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ഏഴാമത്തെ സ്ഥാനാര്‍ത്ഥി പട്ടികയിലും വയനാട്, വടകര മണ്ഡലങ്ങള്‍ ഇടംപിടിച്ചിരുന്നില്ല. രണ്ടു മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികള്‍ പ്രചാരണവുമായി മുന്നോട്ടുപോവുമ്പോഴാണ് നേതാക്കളേയും പ്രവര്‍ത്തകരെയും ആശയക്കുഴപ്പത്തിലാക്കി നേതൃത്വം വയനാടും വടകരയുമില്ലാതെ പുതിയ പട്ടിക പുറത്തിറക്കിയത്. ഇതിനു പിന്നാലെയാണ് കെ.പി.സി.സിയുടെ ആവശ്യം, ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയത്.
നേരത്തെ കർണ്ണാടക പി.സി.സി. അധ്യക്ഷൻ ദിനേശ് ഗുണ്ടു റാവു കർണ്ണാടകയിൽ നിന്ന് മത്സരിക്കണം എന്നാവശ്യപ്പെട്ട് രാഹുലിന് കത്തയച്ചിരുന്നു. രാഹുൽ, കർണ്ണാടകയിൽ നിന്ന് ജനവിധി തേടിയാൽ കോൺഗ്രസ് സംവിധാനം പ്രതിസന്ധികളിൽ നിന്ന് മുക്തമായി സജീവമാകും എന്നായിരുന്നു ദിനേശ് ഗുണ്ടുറാവുവിന്റെ നിർദ്ദേശം. ഇതിനു പിന്നാലെ വയനാട്ടിൽ തട്ടി, കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ വഴിമുട്ടിയപ്പോൾ ചർച്ചകൾക്കിടെ കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല ‘രാഹുൽജിക്ക് വയനാട് മത്സരിച്ചുകൂടേ?’ എന്ന് പകുതി തമാശയായും പകുതി കാര്യമായും ചോദിച്ചതായി വാർത്തകൾ പുറത്തുവന്നിരുന്നു.
രാഹുലിന്റെ മനസ്സ് അറിയാനായിരുന്നു ചോദ്യമെങ്കിലും വയനാട്ടില്‍ മല്‍സരിച്ചാല്‍ കോണ്‍ഗ്രസ് സംഘടനാപരമായ പ്രതിസന്ധി നേരിടുന്ന കർണ്ണാടകത്തില്‍ അതിന്റെ ആവേശമുണ്ടാകുമെന്നും നേരത്തെ തന്നെ കേരള നേതാക്കള്‍ രാഹുല്‍ ഗാന്ധിയോട് പറഞ്ഞിരുന്നു. വയനാടിനെക്കുറിച്ച് തനിക്ക് നന്നായറിയാമെന്നും കേരളത്തിലെ കോൺഗ്രസിന്റെ ഒന്നാം നമ്പർ വിജയസാധ്യതയുള്ള മണ്ഡലമാണെന്ന് ധാരണയുണ്ടെന്നും ആയിരുന്നു അന്ന് രാഹുൽ ഗാന്ധിയുടെ പ്രതികരണം.
ഉത്തർപ്രദേശിലെ അമേഠിക്ക് പുറമെയാണ് രാഹുൽ വയനാട്ടിൽ കൂടി മത്സരിക്കുക. കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാഹുല്‍ വയനാട്ടിൽ മത്സരിക്കുമെന്ന വിവരം കേരളത്തിലെ കോൺഗ്രസ്സ് നേതാക്കൾ അറിയിച്ചത്. തുടർന്ന് വയനാട്ടിൽ കോൺഗ്രസ്സിന്റെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരുന്ന ടി.സിദ്ദീഖ് മത്സരത്തിൽ നിന്നും പിന്മാറിയിരുന്നു. എന്നാൽ രാഹുലിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കാതെ അനിശ്ചിതമായി നീണ്ടു പോയതിനാൽ കോൺഗ്രസ്സിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തെ തന്നെ അത് ബാധിച്ചിരുന്നു.
അതിനിടെ രാഹുൽ വയനാട്ടിൽ മത്സരിക്കുന്നതിനെതിരെ പിണറായി വിജയൻ അടക്കമുള്ള സി.പി.എം നേതാക്കൾ രംഗത്തു വന്നിരുന്നു. കേന്ദ്രത്തിൽ ബി.ജെ.പി സർക്കാരിനെതിരെ ഒന്നിച്ചു നിൽക്കേണ്ട പാർട്ടികൾ ഇവിടെ പരസ്പരം മത്സരിച്ചാൽ അത് തെറ്റായ സന്ദേശം ആയിരിക്കും നൽകുക എന്നായിരുന്നു സി.പി.എമ്മിന്റെ വിമർശനം. അമേഠിയിൽ സ്മൃതി ഇറാനിയോട് തോൽവി ഭയന്ന് രാഹുൽ വയനാട്ടിലേക്ക് ഒളിച്ചോടുകയാണ് എന്ന പ്രചാരണവും ബി.ജെ. പി യുടെ ഭാഗത്തു നിന്നും ഉണ്ടായി. കേരളത്തിലെ കോൺഗ്രസ്സ് ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായി ഉറച്ച സീറ്റിൽ ടി.സിദ്ദിഖിന്റെ സ്ഥാനാർത്ഥിത്വം തടയാൻ ഐ ഗ്രൂപ്പുകാർ കളിച്ചതിന്റെ ഭാഗമാണ് രാഹുലിന്റെ സ്ഥാനാർത്ഥിത്വം എന്നും ആരോപണം ഉയർന്നു. അതിനിടെ സി.പി. എമ്മിന്റെ സമ്മർദ്ദം മൂലം രാഹുൽ വയനാട്ടിലേക്ക് വരില്ലെന്ന് റിപ്പോർട്ടുകൾ വന്നു.
വയനാട്ടിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ പ്രചാരണം വഴി മുട്ടിയ അവസ്ഥയിൽ കോൺഗ്രസ്സിന്റെ ഉറച്ച ഒരു സീറ്റ് നഷ്ടപ്പെടുമോ എന്ന ആശങ്കയും കോൺഗ്രസ്സ് അണികളിൽ ഉണ്ടായി. മറ്റു സീറ്റുകളിലും ഇത് ബാധിച്ചു തുടങ്ങിയപ്പോൾ മുസ്ലിം ലീഗ് അടക്കമുള്ള ഘടക കക്ഷികളും വേഗത്തിൽ തീരുമാനം എടുക്കാൻ കോൺഗ്രസ്സ് ഹൈക്കമാന്റിൽ സമ്മർദ്ദം ചെലുത്തിയിരുന്നു. എന്തായാലും സ്ഥാനാർഥി പ്രഖ്യാപനത്തോടെ വീണ്ടും ആവേശത്തിലായിരിക്കുകയാണ് കേരളത്തിലെ കോൺഗ്രസ്സ് പാർട്ടിയും അണികളും.