Wed. Jan 22nd, 2025

വേനൽക്കാലത്തെ പ്രതിരോധിക്കാൻ നാം പലതും ചെയ്യുന്നുണ്ട്. ശരീരത്തിന്റെ നിർജലീകരണം അകറ്റി ജലത്തിന്റെ അളവ് നിലനിർത്താൻ വെള്ളം കുടിച്ചേതീരൂ. തിളപ്പിച്ചാറ്റിയ വെള്ളം ധാരാളം കുടിക്കാൻ പലർക്കും മടിയാണ്. അത്തരക്കാർക്ക് മികച്ചൊരു പ്രതിവിധിയാണ് ഉപ്പിട്ട നാരങ്ങാവെള്ളം. വളരെ കുറഞ്ഞ ചെലവിൽ വീട്ടിൽ തന്നെ ഉണ്ടാക്കി എടുക്കാവുന്ന പാനീയമാണിത്. ദാഹം നിയന്ത്രിക്കുന്നതോടൊപ്പം ശരീരത്തിന്റെ തളർച്ചയോ ക്ഷീണവുമകറ്റുവാനും ഇത് സഹായിക്കും.

വേനൽക്കാലത്തു വിയർപ്പിലൂടെയും മറ്റും ശരീരം നിരവധി ലവണങ്ങളെ പുറംതള്ളുന്നുണ്ട്. അപ്പോൾ ഇവയെ എല്ലാം വീണ്ടെടുക്കുന്നതാവണം നമ്മുടെ ഭക്ഷണ രീതി. കോശങ്ങളുടെ രൂപവും പ്രവര്‍ത്തനവും നിയന്ത്രിക്കാനും, നാഡികളുടെ ഉത്തേജനത്തിനും, മസിലുകളുടെ പ്രവർത്തനത്തിനും സോഡിയം അഥവാ ഉപ്പ് ആവശ്യമാണ്.

അമിതമായ ചൂടിൽ ശരീരത്തിലെ ഉപ്പ് കുറഞ്ഞു പോവുന്നത് ശരീരത്തിന്റെ പ്രവർത്തനങ്ങളെ താളം തെറ്റിച്ചേക്കാം. കൂടാതെ ചെറുനാരങ്ങയും ശരീരത്തിന്റെ ഊർജം വീണ്ടെടുക്കാൻ സഹായിക്കുന്ന പദാർത്ഥമാണ്. ഈ കാലത്ത് ശാരീരികാധ്വാനം അമിതമായി ആവശ്യമുള്ള ജോലികൾ ചെയ്യേണ്ടി വരുന്നവരും നിർബന്ധമായും ഉപ്പിട്ട നാരങ്ങാവെള്ളം ശീലമാക്കുക.

ഉപ്പിന്റെ ഉപയോഗം കുറയ്ക്കുവാൻ ഡോക്ടർ നിർദ്ദേശിച്ചിട്ടില്ലെങ്കിൽ ധൈര്യമായി ഉപ്പിട്ട നാരങ്ങാ വെള്ളം കുടിക്കാം. അമിതമാവരുതെന്നു മാത്രം!

Leave a Reply

Your email address will not be published. Required fields are marked *