#ദിനസരികള് 712
“If I find the constitution being misused, I shall be the first to burn it.”
“Though I was born a Hindu, I solemnly assure you that I will not die as a Hindu” ― Bhimrao Ramji Ambedkar.
മുസ്ലിങ്ങളും അംബേദ്‌കറും എന്ന ലഘു പുസ്തകത്തിന്റെ ആമുഖത്തില്‍ ആനന്ദ് തെല്‍തുംഡെ എഴുതുന്നു:- “ആദ്യമൊക്കെ ഹിന്ദുവായ എന്തിനേയും കഠിനമായി വിശ്വസിക്കുന്ന ആള്‍, ഹിന്ദു മതം വിട്ട് ബുദ്ധ മതം സ്വീകരിച്ച ആള്‍ എന്നൊക്കെയുള്ള നിലയില്‍ അംബേദ്‌കറെക്കുറിച്ച് ഹിന്ദുത്വ ശക്തികള്‍ക്ക് വെറുപ്പായിരുന്നു. പക്ഷേ, രാജ്യത്തെ മൊത്തം ജനസംഖ്യയുടെ പതിനാറു ശതമാനത്തോളം വരുന്ന ദളിതരുടെ അഭിലാഷങ്ങളെ പ്രതിനിധാനം ചെയ്യുന്ന വ്യക്തിയാണ് അംബേദ്‌കര്‍ എന്ന് തിരിച്ചറിഞ്ഞതോടെ അവര്‍ അഭിപ്രായം മാറ്റി. കാരണം അംബേദ്‌കറെ മാറ്റിയാല്‍ സംഘപരിവാറില്‍ നിന്നും ദളിത് ബഹുജനങ്ങള്‍ ഒന്നടങ്കം അകലും എന്നവര്‍ക്ക് മനസ്സിലായി. അപ്പോഴാണ് അംബേദ്‌കറെ സ്വന്തമാക്കാനുള്ള ശ്രമം തുടങ്ങിയതും, അതിനായി തന്ത്രം മെനഞ്ഞു തുടങ്ങിയതും.”
ബാബാസാഹേബ് അംബേദ്‌കറെ കൂടെ നിറുത്തുവാനും, അതുവഴി ദളിത് ജനവിഭാഗത്തെ കയ്യിലെടുക്കുവാനുമുളള വഴികള്‍ ആവിഷ്കരിക്കാന്‍ സംഘപരിവാരം ഒരുങ്ങിയിറങ്ങിയപ്പോള്‍ ആ പ്രചാരണ കോലാഹലത്തില്‍ ചില ദലിതു ബുദ്ധിജീവികളെന്നു നടിക്കുന്നവരും പോയി വീണു. അവരെ മുന്നില്‍ നിറുത്തി അംബേദ്‌കറെ ഹിന്ദുവാക്കാനും, സാംസ്കാരിക ദേശീയ വാദിയാക്കാനുമുള്ള ശ്രമങ്ങള്‍ സംഘപരിവാരം ആരംഭിച്ചു. തന്റെ ജീവിതകാലം മുഴുവന്‍ താനെന്തിനെതിരെയാണോ പോരാടിയത്, ആ പോരാട്ടങ്ങളെയൊക്കെ മറച്ചു വെച്ചു കൊണ്ട് അദ്ദേഹത്തെ ഹിന്ദു മതത്തിനോട് വിധേയത്വം കാണിക്കുന്നവനായി ചിത്രീകരിച്ചു.
എന്നാല്‍ ദളിതരിലെ മേല്‍ത്തട്ടു വിഭാഗത്തിലെ ചിലര്‍ക്ക് സംഘപരിവാരത്തോട് ആഭിമുഖ്യം തോന്നിയെന്നതു ശരിതന്നെയാണെങ്കിലും പരിവാരം എന്താണെന്ന് അറിയാവുന്ന ഭൂരിപക്ഷം വരുന്ന അടിസ്ഥാന വിഭാഗത്തിന് അവരുമായോ തിരിച്ചോ യോജിച്ചു പോകുക അസാധ്യമായിരുന്നുവെന്ന് തെല്‍തുംഡേ നിരീക്ഷിക്കുന്നുണ്ട്. എന്നിരുന്നാലും ഒരാശയക്കുഴപ്പമുണ്ടാക്കുവാനും മുസ്ലിം വിരോധിയായ ഒരു ഹിന്ദുത്വവാദിയായും
സംഘപരിവാരത്തിലെ സ്മരിക്കപ്പെടേണ്ട ഒരു നേതാവായും അംബേദ്‌കറെ മാറ്റിയെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കൊണ്ടു പിടിച്ചു നടന്നു.
അംബേദ്‌കര്‍ മുസ്ലിം വിരോധിയായിരുന്നു എന്ന വാദം ഇന്ത്യയിലെ അവസ്ഥകളില്‍ കൂടുതല്‍ സാധ്യതയുള്ള ഒന്നായിരുന്നു. അതുകൊണ്ട് അംബേദ്‌കറെ യഥാര്‍ത്ഥ ദേശീയവാദിയായും ഹിന്ദു പുനരുത്ഥാനവാദിയായും കമ്യൂണിസ്റ്റ് വിരോധിയായുമൊക്കെ ചിത്രീകരിക്കുന്നതിനെക്കാള്‍ ശ്രദ്ധ കൊടുത്തുകൊണ്ട് അദ്ദേഹം മുസ്ലിം വിരോധിയാണ് എന്ന് പ്രചരിപ്പിക്കാന്‍ തുടങ്ങി. താന്‍ ഹിന്ദുവായി ജനിച്ചുവെങ്കിലും, ഹിന്ദുവായി മരിക്കുകയില്ലെന്ന് പ്രഖ്യാപിച്ച ആ മനുഷ്യനെ മുസ്ലിംവിരോധിയായ ഹിന്ദുത്വവാദിയാക്കി മാറ്റുക എന്ന നിഷ്ഠൂരമായ കൃത്യത്തിന് ദളിതു കപട ബുദ്ധിജീവികള്‍ കൂടി സിന്ദാബാദ് വിളിക്കാന്‍ തുടങ്ങിയതോടെ അംബേദ്‌കറിലേക്ക് ഹിന്ദു സ്നേഹവും മുസ്ലിം വിരോധവും ധാരാളമായി വന്നു വീഴാന്‍ തുടങ്ങി.
അംബേദ്‌കര്‍, പരിവാരം വിചാരിച്ചതുപോലെ നിരായുധനായിരുന്നില്ല. ചരിത്രം അദ്ദേഹത്തിന് അനുവദിച്ചു കൊടുത്ത പ്രതിരോധ ചട്ടകളില്‍ ഒന്നിനെപ്പോലും ഭേദിക്കാന്‍ അവര്‍ക്ക് കഴിഞ്ഞതുമില്ല. എന്നാല്‍ ഒരാശയക്കുഴപ്പമുണ്ടാക്കാന്‍ കഴിഞ്ഞുവെന്നത് വസ്തുതയാണ്. അതുകൊണ്ടുതന്നെ വസ്തുതകളെ തേടി കൂടുതല്‍ കൂടുതലായി ആളുകള്‍ അദ്ദേഹത്തിലേക്ക് വന്നു ചേരുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. അതിന്റെ ഫലമായി കൂടുതല്‍ തലയെടുപ്പോടെ ഉറച്ച കാല്‍വെപ്പുകളോടെ അംബേദ്‌കര്‍ കൂടുതല്‍ ഊര്‍ജ്ജസ്വലനായി നമ്മുടെ തെരുവീഥികളില്‍ ഇറങ്ങി നടക്കാന്‍ തുടങ്ങി.
അംബേദ്‌കറെ ഹിന്ദുത്വവാദിയായും മുസ്ലിം വിരുദ്ധനായും ചിത്രീകരിച്ചുകൊണ്ട് സംഘപരിവാരം നടത്തിയ പ്രചാരണങ്ങളില്‍ ചിലരെയെങ്കിലും കുടുക്കിയിടാന്‍ കഴിഞ്ഞുവെന്നു നാം കണ്ടുവല്ലോ. അങ്ങനെ തെറ്റിദ്ധാരണ പരത്താന്‍ അദ്ദേഹത്തിനെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളെയാണ് തെല്‍തുംഡേ മുസ്ലിങ്ങളും അംബേദ്‌കറും എന്ന പുസ്തകത്തില്‍ ഓരോന്നോരോന്നായി പരിശോധിക്കുന്നത്. മുസ്ലിമിനെ പ്രതിസ്ഥാനത്തു നിറുത്തിക്കൊണ്ട് അംബേദ്കറെ ഹിന്ദുവാക്കുവാന്‍ നടത്തിയ ഓരോ വാദങ്ങളേയും തെല്‍തുംഡേ ഫലപ്രദമായി ഖണ്ഡിക്കുന്നുണ്ട്. ഹിന്ദുയിസം ജനതയുടെ സ്വാതന്ത്ര്യത്തിനും സമത്വത്തിനും എതിരായ ഒരാശയമാണെന്ന് വിശ്വസിക്കുകയും അതുകൊണ്ടുതന്നെ തന്റെ അനുയായികളുമായി ബുദ്ധമതം സ്വീകരിക്കുകയും ചെയ്ത ഒരാളെ ഹിന്ദുവാക്കുകയും അതുവഴി ദളിതരെ തങ്ങളുടെ കൂടെ നിറുത്തുവാനുമുള്ള ശ്രമങ്ങളെ തുറന്നു കാണിക്കുന്നതിന് ഈ പുസ്തകം പര്യാപ്തമാണ്.
വളരെ ശ്രദ്ധയോടെ വേണം അംബേദ്‌കറും മുസ്ലിമും തമ്മിലുള്ള ബന്ധങ്ങളെ പരിശോധിക്കുവാന്‍. കാരണം ചില ഘട്ടങ്ങളില്‍ അംബേദ്‌കര്‍ക്ക് മുസ്ലിം വിഭാഗത്തോട് അഭിപ്രായ വ്യത്യാസം പ്രകടിപ്പിക്കേണ്ടി വന്നിട്ടുണ്ട്. അത് ആ മതത്തോടോ ആശയത്തോടോ ഉള്ള എതിര്‍പ്പല്ല, മറിച്ച് അധസ്ഥിതര്‍ക്ക് കിട്ടേണ്ട ആനുകൂല്യങ്ങളെ അകാരണമായി കൈവശം വെക്കുവാന്‍ ശ്രമിക്കുന്നു എന്ന അര്‍ത്ഥത്തിലാണ്. അത് മതവിരോധമായി വ്യാഖ്യാനിക്കുന്നതിനാണ് പരിവാരം ശ്രമിച്ചത്.
“രാഷ്ട്രീയ അധികാരം വീണ്ടെടുക്കുവാനുള്ള ഉത്കണ്ഠയില്‍ ഹിന്ദു നേതൃത്വം മുസ്ലിം ആവശ്യങ്ങള്‍ കൂടുതല്‍ ഉള്‍ക്കൊള്ളാന്‍ തത്രപ്പെട്ടു. എണ്ണം കൊണ്ട് അര്‍ഹിക്കുന്നതിനെക്കാള്‍ കൂടുതല്‍ വലിയ പങ്ക് കിട്ടാനായി മുസ്ലിംങ്ങള്‍ നടത്തിയ ശ്രമങ്ങളില്‍ നഷ്ടം സഹിക്കേണ്ടി വന്നത് അസ്പൃശ്യര്‍ക്കാണ്.” ഇത് കേവലും സംഘപരിവാരം പുലര്‍ത്തിപ്പോരുന്ന മുസ്ലിം വിരോധമല്ല, മറിച്ച്, വളരെ വിശാലമായ പരിപ്രേക്ഷ്യത്തില്‍ നിന്നും മനസ്സിലാക്കിയെടുക്കേണ്ട സാമൂഹികാവസ്ഥയാണ്. ഇവിടെ മുസ്ലിംവിരോധമെന്നതല്ലെന്നതു ശ്രദ്ധിക്കുക. അധഃകൃതരായവര്‍ക്ക് അര്‍ഹിക്കുന്നത് കിട്ടുന്നില്ലല്ലോ എന്ന വേദനയാണ് അംബേദ്‌കറെ നയിക്കുന്നത്. അത് അദ്ദേഹം പ്രകടിപ്പിക്കുന്നത് മനസിലാക്കേണ്ടത് വിശാലമായ അര്‍ത്ഥത്തിലുമാണ്.
ചരിത്രത്തില്‍ വേരുകളില്ലാത്ത സംഘപരിവാരം, തങ്ങള്‍ക്ക് വേരുകളുണ്ടാക്കുവാനും നേതാക്കളെ നിര്‍മ്മിച്ചെടുക്കുവാനും നടത്തുന്ന ശ്രമങ്ങളെ ഇന്ത്യന്‍ ജനത ഗൌരവപൂര്‍വ്വം നോക്കിക്കാണേണ്ടതുണ്ട്. അംബേദ്‌കറെ ഹിന്ദുവാക്കുകയും, പട്ടേലിനെ പ്രതിമയാക്കുകയും ചെയ്തുകൊണ്ട് അവര്‍ ചെയ്യാന്‍ ശ്രമിക്കുന്നത് വിപരീത ദിശയിലേക്ക് നമ്മെ നയിക്കുന്നതിനാണ് എന്ന് മനസ്സിലാക്കുക തന്നെ വേണം. അല്ലെങ്കില്‍ നാം പോയി വീഴുന്നത് ഒരിക്കലും തിരിച്ചു കയറാനാകാത്ത പടുകുഴിയിലേക്കായിരിക്കും.
മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.
അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.