Mon. Dec 23rd, 2024
ഫ്രാൻസ്:

ലോകപ്രശസ്ത ഫ്രഞ്ച് ചലച്ചിത്ര സംവിധായിക ആഗ്നസ് വാർദ അന്തരിച്ചു. 90 വയസ്സായിരുന്നു. ക്യാൻസർ ബാധിതയായിരുന്ന ആഗ്നസ് വ്യാഴാഴ്ച രാത്രി ലോകത്തോട് വിടപറഞ്ഞതായി കുടുംബാംഗങ്ങൾ അറിയിക്കുകയായിരുന്നു.

ആഗ്നസ് വാർദയുടെ അരങ്ങേറ്റ ചിത്രമായ, 1955 ൽ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഫ്രഞ്ച് ചിത്രം ‘ല പോയിന്റെ കോർട്ട്’ (La Pointe Courte) ഫ്രഞ്ച് ന്യൂ വേവ് എന്ന ചലച്ചിത്ര പ്രസ്ഥാനത്തിന് വിത്ത് പാകിയ ചിത്രമായിട്ടാണ് നിരൂപകർ വിലയിരുത്തുന്നത്. ഈ ചിത്രത്തിലൂടെ ആഗ്നസ് വാർദ നടപ്പിലാക്കിയ നോൺ-പ്രൊഫഷണൽ അഭിനേതാക്കളെ ഉപയോഗിച്ച്‌, യഥാർത്ഥ ലൊക്കേഷനുകളിൽവച്ചുള്ള ചിത്രീകരണം 1950 കളിലെ ഫ്രഞ്ചു സിനിമയുടെ രീതികൾക്ക് അനുസരിച്ചു അസാധാരണമായിരുന്നു. ഈ അസാധാരണ രീതികൾ പിന്നീട് ലോക സിനിമയെത്തന്നെ സ്വാധീനിച്ച ഫ്രഞ്ച് ന്യൂവേവിന്റെ മുഖമുദ്രകളായി മാറി.

മ്യൂസിയം ക്യൂറേറ്റർ ആകാൻ കല ചരിത്രം പഠിച്ചുതുടങ്ങിയ ആഗ്നസ് പിന്നീട് ഫോട്ടോഗ്രാഫി പഠനത്തിലേക്ക് തിരിയുകയും കുറച്ചുനാൾ ഫോട്ടോഗ്രാഫറായി ജോലി നോക്കുകയും ചെയ്തിരുന്നു. പിന്നീടാണ് അവർ സിനിമയുടെ രംഗത്തേക്ക് വരുന്നത്.

ബെൽജിയത്തിൽ ജനിച്ച ആഗ്നസ് വാർദയുടെ സിനിമകൾ, ഫോട്ടോഗ്രാഫുകൾ, പ്രതിഷ്ഠാപന കലകൾ എന്നിവ ഡോക്യുമെന്ററി റിയലിസം, ഫെമിനിസം, സാമൂഹിക വിമർശനം എന്നിവയെ അടിസ്ഥാനപ്പെടുത്തി പരീക്ഷണാത്മക ശൈലിയിൽ ഉള്ളവയായിരുന്നു. ഫ്രാൻസിലാണ് ജീവിതത്തിന്റെ ഭൂരിഭാഗം സമയവും അവർ ചിലവഴിച്ചത്. വളരെ ഊർജ്വസലയായിരുന്ന അവർ തൊണ്ണൂറാം വയസ്സിലും ചലച്ചിത്ര നിർമ്മാണത്തിൽ നിന്നും വിരമിച്ചിരുന്നില്ല. 2018 ൽ ഇറങ്ങിയ ഫേസസ്‌ പ്ലെസ്സ് (Faces Places) 2019 ൽ ഇറങ്ങിയ വാർദ ബൈ ആഗ്നസ് (Varda par Agnès) എന്നിവ അവസാന ചിത്രങ്ങളാണ്

ക്ലിയോ ഡി 5 à 7(Cléo de 5 à 7) വാഗബോണ്ട് (Vagabond) ദി ബീച്ചസ് ഓഫ് ഏഗ്നസ് (The Beaches of Agnès) എന്നിവ ആഗ്നസ് വാർദയുടെ പ്രധാന സിനിമകളാണ്. ഹ്രസ്വ ചിത്രങ്ങൾ, ടെലിവിഷൻ ചിത്രങ്ങൾ, ഡോക്യൂമെന്ററികൾ തുടങ്ങി അൻപതോളം ചലച്ചിത്രങ്ങൾ ആഗ്നസ് വാർദ സാക്ഷാത്കരിച്ചിട്ടുണ്ട്.

1958 ൽ പ്രശസ്ത സംവിധായകനായിരുന്ന ജാക്ക് ഡെമിയെ ഫ്രാൻ‌സിൽ വച്ച് കണ്ടുമുട്ടിയ ആഗ്നസ്, 1959 ൽ അദ്ദേഹത്തോടൊപ്പം ജീവിച്ചു തുടങ്ങുകയും, 1962 ൽ ഇരുവരും വിവാഹിതരാവുകയും, 90 ൽ ജാക്ക് ഡെമി മരിക്കുന്നതുവരെ ആ ബന്ധം തുടരുകയും ചെയ്തു. ഈ ബന്ധത്തിൽ മാത്യു എന്നൊരു മകനുണ്ട്. ഡെമിയുടെ മരണത്തിനു ശേഷം ആഗ്നസ് ഡോക്യൂമെന്ററികൾ മാത്രമേ സംവിധാനം ചെയ്തിട്ടുള്ളു. ഓപ്പറ/നാടക സംവിധായകനും കൊമേഡിയനുമായ ആന്റൈൻ ബോർസില്ലർ ആഗ്നസ് വാർദയുടെ ജീവിത പങ്കാളിയായിരുന്നു, ഈ ബന്ധത്തിൽ റോസെല്ലി വാർദ എന്ന മകളുണ്ട്, ഈ മകൾക്കൊപ്പം ചേർന്നാണ് ഫേസസ്‌ പ്ലെസ്സ് എന്ന ചിത്രം ചെയ്യുന്നത്. ഈ ചിത്രം ഡോക്യുമെന്ററി വിഭാഗത്തിൽ ഓസ്‌കാറിന്‌ നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. ഓസ്‌കാറിന്‌ നോമിനേറ്റ് ചെയ്യപ്പെടുന്ന ഏറ്റവും പ്രായം കൂടിയ സ്ത്രീയാണ് ആഗ്നസ് വാർദ. ‘വാഗബോണ്ട്’ എന്ന ചലച്ചിത്രത്തിന് വെനീസ് അന്താരാഷ്ട്ര ചലചിത്രോത്സവത്തിൽ ഉയർന്ന പുരസ്‌കാരമായ ഗോൾഡൻ ലയൺ കരസ്ഥമാക്കിയിട്ടുള്ള ആഗ്നസിന് 2015 ൽ കാൻ ചലച്ചിത്രമേളയിൽ ബഹുമാനസൂചകമായി ‘പാം ദി ഓർ’ പുരസ്‌ക്കാരം നൽകി ആദരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *