Mon. Dec 23rd, 2024

പകലിൽ ഊർജസ്വലമായി കാര്യങ്ങൾ ചെയ്യണമെങ്കിൽ രാത്രിയിൽ മികച്ച ഉറക്കം കൂടിയേ തീരു. ഒരു ദിവസത്തെ മാനസികവും ശാരീരികവുമായ എല്ലാ അധ്വാനത്തിനും ശേഷം നമ്മുടെ ശരീരത്തിലെ ഓരോ അവയവവും വിശ്രമിക്കുന്ന അവസരമാണ് ഇത്. ഉറക്കത്തിനുണ്ടാവുന്ന തടസങ്ങൾ നമുക്ക് മാനസികമായും ശാരീരവുമായ നിരവധി പ്രശ്നങ്ങൾക്ക് കാരണമായേക്കാം. ഇതാ നന്നായി ഉറങ്ങാനുള്ള ഏതാനും ടിപ്സ്.

1. ഉറക്കത്തിനും വേണം ഒരു ചിട്ട- കൃത്യമായ സമയത്ത് ഉറങ്ങുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. ദൈനംദിന ടൈം ടേബിളിൽ എല്ലാത്തിനും കൃത്യമായി സമയം നീക്കി വെക്കുമ്പോഴും, ഉറക്കത്തിന് പലരും പ്രാധാന്യം നൽകാറില്ല. നിത്യേന ഒരു പ്രത്യേക സമയത്ത് ഉറങ്ങാൻ കിടക്കുന്നത് പതിവാക്കുക. അതുപോലെ തന്നെ ഉറങ്ങുന്ന സമയത്തിലും കൃത്യത വേണം. പ്രായ പൂർത്തിയായ ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ആറു മുതൽ ഏഴു മണിക്കൂർ വരെ ഉറക്കം നിർബ്ബന്ധമാണ്.

2. ഉറങ്ങുന്നതിനു മുന്നേ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് നല്ലതാണ്. വെള്ളത്തിന് പകരം ചെറു ചൂട് പാലും കുടിക്കാം.

3. ഉറങ്ങുന്നുന്നതിനെ മുന്നേ ഡയറി എഴുതുന്ന ശീലം നല്ലതാണ്. ഡയറി ആയിട്ടല്ലെങ്കിലും ചെറു കുറിപ്പായി അന്നത്തെ മനസ്സിൽ തട്ടിയ സംഭവം എഴുതിവെക്കാം. ഇത് മനസിലെ ഭാരങ്ങളെ ലഘൂകരിക്കാൻ സഹായിക്കും. അല്ലെങ്കിൽ ഏറ്റവുമടുത്ത സുഹൃത്തിനോട് സംസാരിക്കുകയും ചെയ്യുന്നത് സമാധാന പൂർണമായ ഉറക്കം കിട്ടാൻ സഹായിക്കും.

4. ബെഡ് ടൈം യോഗ എന്ന വിഭാഗത്തിൽ നിരവധി യോഗ രീതികൾ പ്രചാരത്തിലുണ്ട്. ഇവ അഭ്യസിക്കുന്നതും മികച്ച ഉറക്കത്തിനു സഹായിക്കും. യോഗ അഭ്യസിക്കാൻ സാധിക്കാത്തവർക്ക് കിടക്കയിലിരുന്ന് ചെയ്യാവുന്ന മെഡിറ്റേഷൻ ഉൾപ്പെടെയുള്ളത് പരീക്ഷിക്കാവുന്നതാണ്. ഉറങ്ങുന്നതിനു മുൻപ് മനസ്സിനിഷ്ടപ്പെട്ട പാട്ടു കേൾക്കുന്നതും സമാധാനപരമായ വീഡിയോകൾ കാണുന്നതും നല്ലതാണ്.

5. കിടക്കുന്ന പ്രതലം വളരെ പ്രധാനപ്പെട്ടതാണ്. ശരീരത്തിനനുയോജ്യമായ മെത്തകൾ തിരഞ്ഞെടുക്കുക. അധികം കാഠിന്യമുള്ളതും, അല്ലെങ്കിൽ അധികം സോഫ്റ്റായതുമായ കിടക്കകൾ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

6. അലോസരപ്പെടുത്തുന്ന ശബ്ദമോ വെളിച്ചമോ മണമോ ഉള്ള മുറികളിൽ ഉറങ്ങുമ്പോഴും ഉറക്കക്കുറവ് ഉണ്ടാവാറുണ്ട്. അത്തരം സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കുക.

7. പകൽ നേരത്തെ ഉറക്കം കഴിവതും കുറയ്ക്കുക. ഇത് രാത്രിയിൽ ഉറക്കം കുറയ്ക്കും.

8. അംഗീകൃത ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ ഉറക്കക്കുറവിനു മരുന്നുകൾ കഴിക്കരുത്. മറ്റെന്തെങ്കിലും ആരോഗ്യപ്രശ്നത്തിന് മരുന്ന് കഴിക്കുന്നവരാണെങ്കിൽ ഉറക്കക്കുറവുണ്ടാവാൻ സാധ്യതയുണ്ട്. അത്തരം ബുദ്ധിമുട്ടുള്ളവരും ഡോക്ടറെ കാണുന്നതാണ് ഉചിതം.

Leave a Reply

Your email address will not be published. Required fields are marked *