ന്യൂഡല്‍ഹി:
ലോക്‌സഭാ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് രാഷ്ട്രീയ പോര്‍ മുറുകുന്ന സാഹചര്യത്തില്‍ ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്ക് അടിപതറുന്നു. ഉത്തര്‍പ്രദേശിലെ ബി.ജെ.പി. എം.പി. കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുകയാണ്. യു.പിയിലെ മുന്‍ മന്ത്രിയും നിലവില്‍ ഇറ്റാവയിലെ ബി.ജെ.പി. എം.പി.യുമായ അശോക് കുമാര്‍ ദൊഹ്‌റയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. പാര്‍ട്ടിയില്‍ ചേര്‍ന്ന അശോക് കുമാറിനെ രാഹുല്‍ ഗാന്ധി ഷാള്‍ അണിയിച്ച് സ്വീകരിച്ചു.
അശോക് കുമാര്‍ ദോഹ്റെ 2014 ല്‍ ഇറ്റാവയില്‍ നിന്ന് ജയിച്ച് ലോക്സഭാംഗമായിരുന്നു. എന്നാല്‍ ഇത്തവണ അദ്ദേഹത്തിന് ബി.ജെ.പി സീറ്റ് നിഷേധിച്ചിരുന്നു. എസ്.സി/എസ്.ടി. ചെയര്‍മാനും ആഗ്ര എം.പിയുമായ രാം ശങ്കര്‍ കതാരിയയാണ് ഇറ്റാവയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി. തനിക്ക് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് ദോഹ്റെ ബി.ജെ.പി വിട്ടത്. ദോഹ്റെയെ പാര്‍ട്ടിയില്‍ എത്തിക്കാന്‍ കഴിഞ്ഞത് കോണ്‍ഗ്രസിന് നേട്ടമാകുമെന്നാണ് വിലയിരുത്തല്‍.
മുന്‍ മന്ത്രിയും ബി.ജെ.പി എം.പിയുമായ അശോക് കുമാര്‍ പാര്‍ട്ടി മാറിയത് ബി.ജെ.പിക്ക് തിരിച്ചടിയായിരിക്കുകയാണ്. അശോക് കുമാര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതിനെ സ്വാഗതം ചെയ്ത് രാഹുല്‍ ഗാന്ധിയുമായി നില്‍ക്കുന്ന ചിത്രം കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ പേജില്‍ പങ്കുവച്ചിരുന്നു. കഴിഞ്ഞ ദിവസം ബോളിവുഡ് താരം ഊര്‍മിള മാട്ടോന്ദ്ക്കറും കോണ്‍ഗ്രസില്‍ അംഗത്വം സ്വീകരിച്ചിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസില്‍ എത്തിയ ഊര്‍മിള മാട്ടോന്ദ്ക്കര്‍ മുംബൈ നോര്‍ത്ത് ലോക്‌സഭ സീറ്റില്‍ സ്ഥാനാര്‍ത്ഥിയാകും.