Mon. Dec 23rd, 2024

 

ന്യൂഡല്‍ഹി:

ഹിന്ദി ഭൂമിയാണ് 2014ല്‍ രാജ്യത്തിന്‍റെ ഭരണം പിടിക്കാന്‍ ബി.ജെ.പിയെ സഹായിച്ചത്. എന്നാല്‍ ഇത്തവണ ഹിന്ദി സംസ്ഥാനങ്ങളില്‍ ബി.ജെ.പി കനത്ത വെല്ലുവിളി നേരിടുന്നുവെന്നാണ് പുതിയ സര്‍വ്വെ വ്യക്തമാക്കുന്നത്. 2014ലെ തിരഞ്ഞെടുപ്പില്‍ മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള 65 സീറ്റുകളില്‍ 62 സീറ്റിലും ബി.ജെ.പി ജയിച്ചിരുന്നു. എന്നാല്‍ ഇത്തവണ ഈ മൂന്ന് സംസ്ഥാനങ്ങളില്‍ ബി.ജെ.പിയെ കാത്തിരിക്കുന്നത് വന്‍ തിരിച്ചടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

മധ്യപ്രദേശില്‍ ഇത്തവണ വന്‍ തിരിച്ചടിയുണ്ടാകുമെന്നാണ് പോള്‍ ഐസ് നടത്തിയ സര്‍വ്വെ ഫലം വ്യക്തമാക്കുന്നത്. ജാര്‍ഖണ്ഡിലും കോണ്‍ഗ്രസ് മുന്നേറ്റത്തിനാണ് സാധ്യതയെന്ന് സര്‍വ്വെ പറയുന്നു. ഗുജറാത്തില്‍ മോദി തരംഗമുണ്ടാകില്ലെന്നും സര്‍വ്വെ വ്യക്തമാക്കുന്നു. എന്നാല്‍ ഹരിയാനയില്‍ കോണ്‍ഗ്രസിന് വോട്ട് കൂടുമെങ്കിലും ബി.ജെ.പി ജയിക്കുമെന്നാണ് പ്രവചനം.

മധ്യപ്രദേശില്‍ 29 ലോക്‌സഭാ മണ്ഡലങ്ങളുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 27 സീറ്റിലും ബി.ജെ.പിയാണ് ജയിച്ചത്. കമല്‍നാഥ് മല്‍സരിച്ച ചിന്ദ്വാരയിലും ജ്യോതിരാദിത്യ സിന്ധ്യ മല്‍സരിച്ച ഗുണയിലും മാത്രമാണ് കോണ്‍ഗ്രസ് 2014ല്‍ ജയിച്ചത്. എന്നാല്‍ 2014ലെ തിരഞ്ഞെടുപ്പ് ഫലവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് പോള്‍ ഐ സര്‍വ്വെ പറയുന്നു.

ബി.ജെ.പിയുടെ സീറ്റുകള്‍ 16 ആയി കുറയുമെന്നും കോണ്‍ഗ്രസിന്റേത് 13 ആയി ഉയരുകയും ചെയ്യുമെന്ന് സര്‍വ്വെ പറയുന്നു. ബി.ജെ.പിയുടെ സീറ്റുകളില്‍ 11 എണ്ണത്തിന്റെ കുറവുണ്ടാകുമെന്നാണ് സര്‍വ്വെ പറയുന്നത്. കോണ്‍ഗ്രസിന് 11 സീറ്റ് വര്‍ധിക്കും. വോട്ടിങ് ശതമാനം ഇരു പാര്‍ട്ടികളും ഏകദേശം സമമാകും. 47 ശതമാനം വോട്ടാണ് ഇരുപാര്‍ട്ടികള്‍ക്കും ലഭിക്കുകയെന്ന് സര്‍വ്വെ പറയുന്നു.

ഡിസംബറില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ട് പ്രകാരം ബി.ജെ.പി 17 ലോക്‌സഭാ മണ്ഡലങ്ങളില്‍ മുന്നിട്ട് നില്‍ക്കുന്നുണ്ട്. കോണ്‍ഗ്രസ് 12 മണ്ഡലങ്ങളിലും. എന്നാല്‍ പിന്നീട് സര്‍ക്കാര്‍ നടത്തിയ സുപ്രധാന പ്രഖ്യാപനങ്ങളുടെ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് വീണ്ടും ജനപ്രീതി വര്‍ധിച്ചുവെന്ന് സര്‍വ്വെ വ്യക്തമാക്കുന്നു. ജാര്‍ഖണ്ഡില്‍ ബി.ജെ.പി വിരുദ്ധ വികാരം ശക്തമാണ്. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, കോണ്‍ഗ്രസ്, ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച, ആര്‍.ജെ.ഡി എന്നിവരുടെ സഖ്യമാണ് ബി.ജെ.പിയെ നേരിടുന്നത്. ജാര്‍ഖണ്ഡില്‍ 14 ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്.

ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് 7 മണ്ഡലങ്ങളിലാണ് മല്‍സരിക്കുന്നത്. ബാക്കി മണ്ഡലങ്ങളില്‍ പ്രാദേശിക കക്ഷികളും മല്‍സരിക്കും. പ്രതിപക്ഷ സഖ്യം ഒമ്പത് മണ്ഡലങ്ങളില്‍ വിജയിക്കുമെന്നാണ് സര്‍വ്വെ പറയുന്നത്. എന്‍.ഡി.എ അഞ്ച് സീറ്റിലും. 2014ല്‍ 12 സീറ്റില്‍ എന്‍.ഡി.എ വിജയിച്ചിരുന്നു.

ഗുജറാത്തില്‍ ഇത്തവണ മോദി തരംഗമുണ്ടാകില്ലെന്ന് പൊളിറ്റിക്കല്‍ എഡ്ജ് നടത്തിയ സര്‍വ്വെ വ്യക്തമാക്കുന്നു. കോണ്‍ഗ്രസിന് മുന്നേറ്റമുണ്ടാകുമെന്നാണ് പ്രവചനം. ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് അവര്‍ക്ക് ഗുണം ചെയ്യുമെന്നാണ് പറയുന്നത്. 26 ലോക്‌സഭാ മണ്ഡലങ്ങളാണ് ഗുജറാത്തിലുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി എല്ലാ സീറ്റിലും ജയിച്ചിരുന്നു. എന്നാല്‍ ഇത്തവണ 16 സീറ്റിലാണ് ബി.ജെ.പിക്ക് മുന്‍തൂക്കം കല്‍പ്പിക്കുന്നത്. ബാക്കി കോണ്‍ഗ്രസ് നേടുമെന്ന് പൊളിറ്റിക്കല്‍ എഡ്ജ് പറയുന്നു.

ഗുജറാത്തില്‍ ബി.ജെ.പിക്ക് 50 ശതമാനം വോട്ട് ലഭിക്കും. കോണ്‍ഗ്രസിന് 43 ശതമാനവും. 2014ലെ വോട്ടുമായി താരതമ്യം ചെയ്യുമ്പോള്‍ വന്‍ മുന്നേറ്റം കോണ്‍ഗ്രസിന് പ്രകടമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടുകള്‍ അടിസ്ഥാനമാക്കിയാണ് ഈ സര്‍വ്വെ. ഹരിയാനയില്‍ ബി.ജെ.പി മുന്നേറ്റമുണ്ടാക്കുമെന്നാണ് പൊളിറ്റിക്കല്‍ എഡ്ജ് സര്‍വ്വെ പറയുന്നത്. ഹരിയാനയില്‍ 10 ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്. ഇതില്‍ എട്ടെണ്ണം ബി.ജെ.പിക്കെന്ന് പ്രവചിക്കുന്നു. 2014ല്‍ ബി.ജെ.പിക്ക് ഏഴ് സീറ്റാണ് ലഭിച്ചത്. ഒരു സീറ്റ് അധികം നേടും.

ജാട്ട് പ്രക്ഷോഭം, ആള്‍ദൈവം രാംപാലിനെതിരായ നടപടി, ദേരസച്ചാസൗധ വിഭാഗത്തിന്റെ ആക്രമണം, ഒട്ടേറെ ബലാല്‍സംഗങ്ങളും ആക്രമണങ്ങളും എന്നിങ്ങനെ ഹരിയാനയില്‍ ബി.ജെ.പി സര്‍ക്കാരിനെതിരായ വികാരം നിലനില്‍ക്കുന്നുണ്ട്. എങ്കില്‍ പോലും ബി.ജെ.പിക്ക് കൂടുതല്‍ സീറ്റ് ലഭിക്കുമെന്ന് സര്‍വ്വെ പറയുന്നു.

ഒഡീഷയില്‍ ബി.ജെ.പിക്ക് പ്രതീക്ഷിച്ച നേട്ടം കിട്ടില്ല. കഴിഞ്ഞ തവണ 21ല്‍ 20 സീറ്റ് നേടിയ ഭരണകക്ഷിയായ ബി.ജെ.ഡിക്ക് ഇത്തവണ 18 സീറ്റായി കുറയും. മൂന്ന് സീറ്റ് ബി.ജെ.പിക്ക് ലഭിക്കുമെന്ന് പോള്‍ ഐ സര്‍വ്വെയില്‍ പറയുന്നു. ബി.ജെ.ഡിക്ക് 50 ശതമാനം വോട്ടുകള്‍ ലഭിക്കുമെന്നും സര്‍വ്വെയില്‍ പറയുന്നുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *