Mon. Dec 23rd, 2024
#ദിനസരികള് 711

നമ്മുടെ സമൂഹത്തില്‍ ഏറ്റവും അധികം പ്രിവിലേജുകള്‍ അനുഭവിക്കുന്നവര്‍ മാധ്യമപ്രവര്‍ത്തകരാണെന്നും, എന്നാല്‍ അവരാകട്ടെ ഓരോ ദിവസം ചെല്ലുന്തോറും ജനത എന്താണോ തങ്ങളില്‍ നിന്നും ആഗ്രഹിക്കുന്നത് അതിന്റെ വിപരീതങ്ങളെയാണ് അവരിലേക്ക് എത്തിക്കുന്നതെന്നും സൂചിപ്പിച്ചുകൊണ്ട് മാധ്യമങ്ങള്‍ സ്വയം പരിശോധിക്കുമോ? എന്നൊരു ലേഖനം ഡോക്ടര്‍ സുകുമാര്‍ അഴിക്കോട് എഴുതിയിട്ടുണ്ട്.

തങ്ങളുടെ ഇഷ്ടങ്ങളെ നടപ്പില്‍ വരുത്താനുള്ള അവസരമായിട്ടാണ് മാധ്യമപ്രവര്‍ത്തനത്തെ ചിലര്‍ കാണുന്നത്. പല കാരണംകൊണ്ടും പ്രിയപ്പെട്ടവരെ വാനോളം പുകഴ്ത്തിയും, അല്ലാത്തവരെ പാതാളത്തോളം താഴ്ത്തിയും അവര്‍ തങ്ങളുടെ കഴിവുകളെ പ്രകടിപ്പിക്കുന്നു. അപരാധികള്‍ നിരപരാധികളാകുന്നതും, നിരപരാധികളെ അപരാധികളുമാക്കുന്ന മാന്ത്രികത നമ്മള്‍ ഏറെ കണ്ടിട്ടുണ്ട്.

രണ്ടുദാഹരണങ്ങളെ അഴീക്കോട് എടുത്തു കാണിക്കുന്നുണ്ട്:- “ഇപ്പോള്‍ നമ്മുടെ പത്രപ്പുറങ്ങളില്‍ ഏറ്റവും പ്രാധാന്യത്തോടെ എന്നും കുറ്റവാളിയെന്ന മട്ടില്‍ ഒരു നേതാവിനെ വരഞ്ഞു കാണിക്കുന്നണ്ടല്ലോ. ഈ കേസിന്റെ പ്രതിപ്പട്ടികയില്‍ ഇദ്ദേഹം ഒമ്പതാം സ്ഥാനത്താണ്. ആകെ പതിനൊന്ന് പ്രതികള്‍ ഈ കേസിലെ ഒന്നും രണ്ടും മൂന്നും പ്രതികളെ ആര്‍ക്കും വേണ്ട. ഒമ്പതാം പ്രതിയെ അവര്‍ ഒന്നാം പ്രതിയായി ചമയ്ക്കുന്നതില്‍ വിജയിച്ചിരിക്കുന്നു. കോടതി വിധിക്കുന്നത് എന്താണെന്ന് നമുക്കാര്‍ക്കും പറയാനാകില്ല. ആകയാല്‍ ഇന്നത്തെ നിലയ്ക്ക് ആ ഒമ്പതുകാരനെ ഒന്നാമനാക്കുന്ന വിദ്യ ആടിനെ പട്ടിയാക്കലല്ലേ? മാധ്യമ പവിത്രത കപടതാല്പര്യങ്ങള്‍ക്ക് കീഴടങ്ങലല്ലേ?”

മറ്റൊരു സന്ദര്‍ഭം കൂടി നോക്കുക:- പഞ്ചാബുകാരനായ മന്‍‌മോഹന്‍ സിംഗ് കഴിഞ്ഞ തവണ പ്രധാനമന്ത്രിയായത് അസമിലൂടെയോ മറ്റോ കിട്ടിയ ഒരു രാജ്യ സഭാ ഒഴിവിലൂടെയായിരുന്നു. ഇത്തവണയും ആ സൌഭാഗ്യം അദ്ദേഹം തുടരുന്നു. താനായിരിക്കും പ്രധാനമന്ത്രി എന്നറിഞ്ഞുകൊണ്ട് ലോകസഭയില്‍ നിന്നുള്ള തിരഞ്ഞെടുപ്പില്‍ നിന്നും അദ്ദേഹം മാറിയതിനെപ്പറ്റി ഈ പത്രങ്ങള്‍ ഒരു കാര്‍ട്ടൂണെങ്കിലം വരയുകയോ ഒരു മുഖപ്രസംഗം എഴുതുകയോ ചെയ്തോ? ഇന്ത്യയെപ്പോലെയുള്ള ഒരു ജനാധിപത്യ റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രി ലോകസഭയില്‍ അംഗമാകാനുള്ള അവസരം വന്നിട്ടുകൂടി വീട്ടില്‍ പനിച്ചു കൂടിയത് ശരിയായില്ലെന്ന് പറയേണ്ട കടമ ഇന്ത്യയിലെ ഓരോ പൌരനുമുണ്ട്. പക്ഷേ പത്രങ്ങളിലും ടി.വി. ചാനലുകളിലും എന്തൊരു നിശബ്ദത!”

ഇന്ത്യയിലെതന്നെ രണ്ടു നേതാക്കളോട് നമ്മുടെ മാധ്യമങ്ങള്‍ പെരുമാറിയ രീതിയെ വ്യക്തമാക്കാന്‍‌ ഈ ഉദാഹരണങ്ങള്‍ സഹായിക്കുമെന്ന് കരുതുന്നു. ഒന്നാമനെ രാഷ്ട്രീയമായും വ്യക്തിപരമായും വേട്ടയാടുമ്പോള്‍ രണ്ടാമനെ സംരക്ഷിച്ചു തണലിലേക്ക് മാറ്റി നിറുത്തുന്നു. കുറ്റവാളിയെന്ന് വിധിക്കപ്പെടാത്ത ആദ്യത്തെയാളെ കുറ്റവാളിയാക്കി വിചാരണ ചെയ്യുന്നു. സമൂഹത്തില്‍ വളരോ മോശമായ പ്രതിച്ഛായ സൃഷ്ടിക്കുന്നു. പ്രതിപട്ടികയില്‍ പേരു ചേര്‍‌ക്കപ്പെട്ടു എന്ന ഒരൊറ്റ കാരണം കൊണ്ട് കുറ്റവാളിയാക്കി വിധി പറയുന്നു.

വാര്‍ത്തകളെ സത്യസന്ധമായി വിതരണം ചെയ്യുക എന്നതല്ലാതെ വാര്‍ത്തകള്‍ സൃഷ്ടിച്ചും വളച്ചൊടിച്ചും തങ്ങളുടെ താല്പര്യത്തിന് ഇണങ്ങുന്ന രീതിയില്‍ മാറ്റിയെടുക്കുന്നതാണ് ഇന്ന് ഈ രംഗത്തുള്ളവരുടെ പ്രധാനപ്പെട്ട തൊഴില്‍ തന്നെ. മതസ്പര്‍ദ്ധ വളര്‍ത്തുന്ന വിധത്തില്‍ മുസ്ലിം വിഭാഗത്തെ മാത്രം അഭിവാദ്യം ചെയ്തുകൊണ്ട് വേണു ബാലകൃഷ്ണന്‍ നടത്തിയ പ്രസ്താവന (“കേരളത്തിലെ മുസ്‌ലിം സഹോദരങ്ങളെ….നിങ്ങള്‍ ഉമിനീര് പോലും ഇറക്കാതെ നോമ്പ് ശുദ്ധിയില്‍ കഴിയുകയാണ്; ആ നിങ്ങള്‍ക്ക് മേലാണ് ഇത്ര വലിയൊരു കളങ്കം മുഖ്യമന്ത്രി ചാര്‍ത്തിയത്: നോമ്പ് തുറക്കാന്‍ പോയവന് തുറുങ്ക് കിട്ടുന്ന നാടാണിത്.”) എത്ര കുടിലവും നീചവുമായ താല്പര്യങ്ങളിലാണ് നമ്മുടെ മാധ്യമ പ്രവര്‍ത്തകര്‍ അഭിരമിക്കുന്നതെന്നതിന് പ്രത്യക്ഷോദാഹരണമാണ്.

ചാനലുകളില്‍ വന്നിരുന്ന് വിധി പറയുന്ന ജഡ്ജിമാരുടെ റോളിലാണ് ഇന്ന് മിക്ക മാധ്യമപ്രവര്‍ത്തകരും വിരാജിക്കുന്നത്.തങ്ങളാണ് എല്ലാം എന്നുള്ള ആ ഭാവത്തില്‍ ചവിട്ടിയരക്കപ്പെടുന്നത് സത്യങ്ങളാണ്. സിംഹാസനത്തിലേക്ക് ആനയിച്ചുയര്‍ത്തുന്നതാകട്ടെ നുണകളെയും. നവമാധ്യമരംഗത്തെ സാധ്യതകളെ മുതലെടുത്തുകൊണ്ട് കൂണുപോലെ മുളച്ചുയരുന്ന യൂട്യൂബ് അടക്കമുള്ള ചാനലുകളില്‍ മുക്കാലേ മുണ്ടാണിയും നുണ പ്രചരിപ്പിക്കുവാന്‍ വേണ്ടിയുള്ളതു മാത്രമാണ്. വിലപേശാനും പേരെടുക്കാനും മാത്രമായി ഈ മേഖലയെ ഇക്കൂട്ടര്‍‌ തരം എത്രത്തോളം തരംതാഴ്ത്താമോ അത്രത്തോളം താഴ്ത്തിയിരിക്കുന്നു.

കാഴ്ചക്കാരെ വര്‍ദ്ധിപ്പിക്കുക എന്നതു മാത്രം ലക്ഷ്യം വെച്ചു മുന്നോട്ടു പോകുന്ന ഒരു മീഡിയക്കും സത്യത്തെ സത്യമായി അവതരിപ്പിക്കുവാന്‍ കഴിയുന്നതല്ല. പൊടിപ്പും തൊങ്ങലും കേട്ടു കേള്‍വിയുമൊക്കെ വെച്ച് അവര്‍ വാര്‍ത്തകളെ സൃഷ്ടിച്ചുകൊടുക്കുന്നു. ആ വാര്‍ത്തകളില്‍ മയങ്ങി ആളുകള്‍ ശവം തേടിയെത്തുന്ന ഈച്ചയെപ്പോലെ വന്നെത്തുമെന്ന് അവര്‍ പ്രത്യാശിക്കുന്നു, വിജയിക്കുന്നു. ശബരിമല യുവതിപ്രവേശന വിധിയുമായി ബന്ധപ്പെട്ടു നടന്ന കോലാഹലങ്ങളുടെ കാലത്തെ മാധ്യമ പ്രവര്‍ത്തനം വളരെ വിശദമായി പഠിക്കേണ്ട ഒന്നാണ്. വസ്തുതകളെ മറച്ചു വെച്ചും തെറ്റായി വ്യാഖ്യാനിച്ചും കുഴപ്പങ്ങളുണ്ടാക്കുവാന്‍ മാധ്യമങ്ങള്‍ കൊണ്ടു പിടിച്ചു ശ്രമിക്കുന്നതിന് എത്രയോ ഉദാഹരണം അന്ന് നമുക്ക് ലഭിച്ചു.

മരണം കാത്തിരിക്കുന്ന ശവപ്പെട്ടി കച്ചവടക്കാരനെപ്പോലെയാണ് മാധ്യമപ്രവര്‍ത്തകര്‍ കുഴപ്പങ്ങള്‍ക്കു വേണ്ടി കാത്തിരിക്കുന്നത്. ശവപ്പെട്ടി കച്ചവടക്കാര്‍ മരണം നടക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിലും കൊല്ലാനായി മുന്നോട്ടിറങ്ങാറില്ല. എന്നാല്‍ മാധ്യമങ്ങള്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുവാനും അതു നിലനിറുത്തുവാനുമാണ് ശ്രമിക്കാറുള്ളതെന്നതാണ് വസ്തുത. അവര്‍ ജനങ്ങളെ കൂടുതല്‍ സംഘര്‍ഷത്തിലേക്ക് ആനയിക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു. നുണകളെക്കൊണ്ട് കോട്ടകള്‍ പണിയുന്നു.എന്നാല്‍ അങ്ങനെയല്ലാത്ത, സത്യം പറയണമെന്ന് ആഗ്രഹിക്കുന്ന ചിലരും അപൂര്‍വ്വമായിട്ടുണ്ട് എന്ന വസ്തുത കാണാതിരുന്നു കൂട. അതുകൊണ്ടുതന്നെ അടക്കിപ്പറയുകയെന്നത് അപരാധമാകുമെന്ന് ഞാന്‍ കരുതുന്നു.

നമ്മുടെ മാധ്യമ രംഗം ഏറെ മാറേണ്ടതുണ്ട് എന്ന കാര്യത്തില്‍ എനിക്കു സംശയമൊന്നുമില്ല. ജനാധിപത്യത്തിന്റെ സ്വാതന്ത്ര്യം എന്തും പറയാനുള്ള അവസരമല്ലെന്ന തിരിച്ചറിവ് നമ്മുടെ മാധ്യമങ്ങള്‍ക്ക് ഉണ്ടാകുക തന്നെ വേണം.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *