അഹമ്മദാബാദ്:
അടുത്തയിടെ കോൺഗ്രസ്സിൽ ചേർന്ന പട്ടേൽ സംവരണ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേലിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. 2015 ല്‍ ഗുജറാത്തിലെ മെഹ്‌സാനയില്‍ കലാപമുണ്ടാക്കിയെന്ന കേസിലെ ശിക്ഷാ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹാര്‍ദിക് സമര്‍പ്പിച്ച ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണിത്.
2015 ലെ മെഹ്‌സാന കലാപ കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്ന ഹാര്‍ദിക് പട്ടേലിന് 2018 ജൂലൈയില്‍ വിസ്‌നഗറിലെ സെഷന്‍സ് കോടതി രണ്ടു വര്‍ഷത്തെ തടവ് വിധിച്ചു. 2018 ആഗസ്തില്‍ ഗുജറാത്ത് ഹൈക്കോടതി ഹാര്‍ദിക്കിന് ജാമ്യം അനുവദിച്ചിരുന്നു. പ്രക്ഷോഭത്തിനിടെ ബി.ജെ.പി എം.എല്‍.എ ആയ ഋഷികേശ് പട്ടേലിന്റെ ഓഫീസ് അടിച്ചുതകര്‍ത്ത സംഭവത്തിലാണ് ശിക്ഷ.
കേസിലെ ശിക്ഷാ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹാര്‍ദിക് സമര്‍പ്പിച്ച ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളി. ഹാർദിക്കിന്റെ പേരില്‍ 17 എഫ്.ഐ.ആറുകളുണ്ടെന്നും നിരവധി ക്രിമിനല്‍ കേസുകളുണ്ടെന്നും കോടതി നിരീക്ഷിച്ചു. വിവിധ കോടതികളിലായി വാദം കേള്‍ക്കാനിരിക്കുന്ന കേസുകളുണ്ടെന്നും ജനങ്ങളെ സേവിക്കണമെങ്കിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് നിർബന്ധമില്ലെന്നും കോടതി പറഞ്ഞു. ഇതോടെ ജനപ്രാതിനിധ്യ നിയമം അനുസരിച്ച് ഹാർദിക്കിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല.
രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ അഹമ്മദാബാദില്‍ വെച്ച് ഈ മാസം ഹാര്‍ദിക് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഗുജറാത്തിലെ ജാംനഗറില്‍ നിന്ന് ഹാർദിക് പട്ടേൽ മത്സരിക്കാനിരിക്കുകയായിരുന്നു. ഏപ്രില്‍ 23 നാണ് ഗുജറാത്തിൽ തിരഞ്ഞെടുപ്പ് നടക്കുക. നാമനിർദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ നാലിനാണ്.
നിരവധി ബി. ജെ. പി നേതാക്കൾക്കെതിരെ കേസും, ശിക്ഷവിധികൾ പോലും ഉണ്ടെങ്കിലും അവർക്കൊന്നും നിയമം ബാധകമാകുന്നില്ലെന്നു ഹാർദിക് പട്ടേൽ പ്രതികരിച്ചു. മത്സരിക്കാൻ പറ്റിയില്ലെങ്കിലും കോൺഗ്രസ്സിന് വേണ്ടി ഗുജറാത്ത് മുഴുവൻ പ്രചാരണം നടത്തുമെന്ന് ഹാർദിക് പട്ടേൽ അറിയിച്ചു. ബി.ജെ.പി ക്കു മുന്നിൽ തല കുനിക്കാത്തതായിരുന്നു ഞാൻ ചെയ്ത ഏക തെറ്റെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.