തിരുവനന്തപുരം :
കേരള സര്‍വകലാശാലയില്‍ പരീക്ഷയെഴുതിയ 45 വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ കാണാതായ സംഭവം ക്രൈംബ്രാഞ്ച് അന്വേഷണം നടത്താന്‍ സിന്‍ഡിക്കേറ്റ് യോഗത്തില്‍ തീരുമാനമായി. ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും അനാസ്ഥയാണോയെന്നും മനഃപൂര്‍വം ഉത്തരക്കടലാസ് മാറ്റിയതാണോയെന്നും മറ്റുമുള്ള കാര്യങ്ങളും മൂല്യനിര്‍ണയ രഹസ്യങ്ങള്‍ ചോരുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളും ക്രൈംബ്രാഞ്ച് അന്വേഷിക്കും.
എട്ടു പരീക്ഷകളെഴുതിയ 45 വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകളാണു കാണാതായത്. 15 എണ്ണം തന്റെ കയ്യില്‍ നിന്നു നഷ്ടപ്പെട്ടുവെന്നാണ് അഡീഷനല്‍ എക്‌സാമിനര്‍മാരില്‍ ഒരാള്‍ അറിയിച്ചത്. കുറിയര്‍ വാനില്‍ അയച്ചപ്പോള്‍ ഏതാനും ഉത്തരക്കടലാസുകള്‍ കത്തിപ്പോയതായും പറയപ്പെടുന്നു. ഉത്തരക്കടലാസ് കാണാതായതിനെ തുടര്‍ന്നു രണ്ടു പരീക്ഷകള്‍ വീണ്ടും നടത്തിയിരുന്നു.
ഗവ.കോളേജ് കാര്യവട്ടം, യൂണിവേഴ്‌സിറ്റി കോളജ്, ഗവ.കോളേജ് കാഞ്ഞിരംകുളം, എസ്.ഡി. കോളേജ് ആലപ്പുഴ, രാജധാനി കോളേജ് ഓഫ് എന്‍ജിനിയറിങ് തിരുവനന്തപുരം, നാഷനല്‍ കോളേജ് അമ്പലത്തറ എന്നിവിടങ്ങളില്‍ ബി.എ, ബി.എസ്.സി, എം.എസ്.സി, ബി.ടെക് പരീക്ഷകളെഴുതിയ വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകളാണു നഷ്ടപ്പെട്ടത്. ഉത്തരക്കടലാസ് നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി വീണ്ടും പരീക്ഷ നടത്തും. പരീക്ഷാ വിഭാഗം കാര്യക്ഷമവും കുറ്റമറ്റതും ആക്കുന്നതിനുളള ആധുനിക സംവിധാനം ഏര്‍പ്പെടുത്താനുള്ള ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ പരീക്ഷാ മോണിറ്ററിങ് കമ്മിറ്റിയെയും നിയോഗിച്ചു.