Sat. Apr 27th, 2024
ഇടുക്കി:

തൊടുപുഴയില്‍ ഏഴുവയസ്സുകാരന് ക്രൂരമര്‍ദ്ദനമേറ്റ സംഭവത്തില്‍ അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇടുക്കി ജില്ലാ അധികാരികളോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ കുട്ടിക്ക് വിദഗ്ധ ചികിത്സയടക്കമുള്ള എല്ലാ സഹായവും നല്‍കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കുട്ടിയെ മര്‍ദ്ദിച്ചയാള്‍ക്ക് പരമാവധി ശിക്ഷ ലഭ്യമാക്കുമെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി. സുരേഷ് വ്യക്തമാക്കി.

കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച രണ്ടാനച്ഛനെതിരെ കേസെടുത്തിരുന്നു. രണ്ടാനച്ഛന്‍ മര്‍ദ്ദിച്ചെന്ന ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസ്സെടുത്തത്. സഹോദരനായ നാലു വയസുകാരന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ രണ്ടാനച്ഛനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കുട്ടിയുടെ അമ്മയെ പൊലീസ് ഇന്ന് ചോദ്യം ചെയ്‌തേക്കും. കുട്ടി ഗുരുതരാവസ്ഥായില്‍ കോലഞ്ചേരി ആശുപത്രിയില്‍ ചികിത്സയിലാണ്. തലയോട്ടി തകര്‍ന്ന് രക്തസ്രാവമുള്ളതിനാലാണ് കുട്ടിക്ക് അടിയന്തിര ശസ്ത്രക്രിയ നടത്തി. കുട്ടിയുടെ മുഖത്തും ശരീരത്തും മര്‍ദനമേറ്റ പാടുകളുണ്ട്.

മാതാവിന്റെ സുഹൃത്ത്, സഹോദരനെ വടികൊണ്ട് മര്‍ദിച്ചതാണെന്നും സഹോദരന്റെ തലയ്ക്കു പിന്നില്‍ ശക്തമായി അടിച്ചെന്നും, കാലില്‍ പിടിച്ച് നിലത്തടിച്ചെന്നും ഇളയ കുട്ടി മൊഴി നല്‍കി. തലപൊട്ടി ചോര വന്നപ്പോള്‍ താനാണ് അതു തുടച്ചതെന്നും ഇളയ കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ.ജോസഫ് അഗസ്റ്റിനോടും കമ്മിറ്റി അംഗങ്ങളോടും പറഞ്ഞു. ഇളയകുട്ടിയുടെ കാലുകളില്‍ അടിയേറ്റ പാടുകളും പല്ല് പൊട്ടിയ നിലയിലുമാണ്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം ഇളയ കുട്ടിയെ താല്‍ക്കാലിക സംരക്ഷണത്തിന് അടുത്ത ബന്ധുവിനു കൈമാറി.

ഇന്നലെ രാവിലെയാണു ഇതു സംബന്ധിച്ച് എറണാകുളം – ഇടുക്കി ജില്ലകളിലെ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്ക് വിവരം ലഭിച്ചത്. കുട്ടിയുടെ ശരീരത്തിലെ മുറിവുകളും അടിയേറ്റ പാടുകളും കണ്ട് സംശയം തോന്നിയതിനെ തുടര്‍ന്നു ഡോക്ടറാണ് പൊലീസിനെയും ചൈല്‍ഡ് ലൈനിലും വിവരം അറിയിച്ചത്. തുടര്‍ന്ന് പൊലീസും ഇടുക്കി ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അംഗങ്ങളും സംഭവം നടന്ന വീട്ടിലെത്തുകയും, മര്‍ദനമേറ്റ കുട്ടിയുടെ ഇളയ സഹോദരനില്‍ നിന്നു വിവരം ശേഖരിക്കുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *