കൊച്ചി:
ഉപതിരഞ്ഞെടുപ്പ് ചെലവ് സിറ്റിങ് എം.എല്‍.എമാരില്‍ നിന്ന് ഈടാക്കാനാവില്ലെന്നു ഹൈക്കോടതി. സിറ്റിങ് എം.എല്‍.എമാര്‍ ലോക്‌സഭയിലേക്കു മത്സരിക്കുന്നതു നിയമപരമായും ഭരണഘടനാപരമായും അനുവദിക്കപ്പെട്ടതാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിക്കുന്ന സിറ്റിങ് എം.എല്‍.എമാരില്‍നിന്നു നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ ചെലവ് ഈടാക്കണമെന്നാവശ്യപ്പെട്ട് കൊച്ചി തിരുവാങ്കുളം മാമല സ്വദേശി എം. അശോകന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ പരാമര്‍ശം.
ലോക്‌സഭയിലേക്കു മത്സരിച്ചു ജയിക്കുന്ന സിറ്റിങ് എം.എല്‍.എമാര്‍, ഉപതിരഞ്ഞെടുപ്പിന്റെ ചെലവും, പഴയതും പുതിയതുമായ അംഗങ്ങളുടെയും, സ്റ്റാഫിന്റെയും ശമ്പളവും, അലവന്‍സ് ബാധ്യതകളും വഹിക്കാന്‍ വ്യവസ്ഥ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. പൊതു താല്‍പര്യമുണ്ടെങ്കില്‍ സിറ്റിങ് എം.എല്‍.എയെ പാര്‍ലമെന്റിലേക്ക് അയയ്ക്കരുതെന്ന് ഹര്‍ജിക്കാരനു ക്യാമ്പൈന്‍ നടത്താം. ഹര്‍ജിയുടെ ലക്ഷ്യം സദുദ്ദേശ്യപരമാണെന്നു തോന്നുന്നില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കോടതിച്ചെലവ് ഈടാക്കേണ്ടി വരുമെന്നു മുന്നറിയിപ്പു നല്‍കിയതിനെത്തുടര്‍ന്നു ഹര്‍ജി പിന്‍വലിക്കുകയായിരുന്നു.
ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ്, ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.