Mon. Dec 23rd, 2024
ന്യൂഡൽഹി:

കോൺഗ്രസ്സിന്റെ നേതൃത്വത്തിലുള്ള യു.പി.എ സർക്കാർ അധികാരത്തിൽ വരികയാണെങ്കിൽ പ്രമുഖ സാമ്പത്തിക വിദഗ്ദ്ധനും മുൻ റിസർവ് ബാങ്ക് ഗവർണ്ണറുമായ രഘുറാം രാജൻ ധനമന്ത്രിയാകാൻ സാധ്യത തെളിയുന്നു. രഘുറാം രാജന്റെ പുതിയ പുസ്തകമായ “ദി തേഡ് പില്ലർ” ന്റെ പ്രകാശന വേളയിലായിരുന്നു ഇത് സംബന്ധിച്ച് അദ്ദേഹം മനസ്സ് തുറന്നത്. ” ഞാൻ എന്റെ ഇപ്പോളുള്ള ജോലിയിൽ സന്തുഷ്ടനാണ്. പക്ഷെ കൂടുതൽ ഉപകാരപ്രദമായ അവസരങ്ങൾ ലഭിച്ചാൽ സ്വീകരിക്കാൻ ഞാൻ തയ്യാറാണ്” എന്നായിരുന്നു ഇത് സംബന്ധിച്ച ചോദ്യങ്ങൾക്കു അദ്ദേഹം മറുപടി പറഞ്ഞത്.

നിലവിൽ രഘുറാം രാജൻ യു.എസിലെ യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോയുടെ ബൂത്ത് സ്‌കൂൾ ഓഫ് ബിസിനസിൽ ഫിനാൻസ് പ്രഫസറായി ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര നാണ്യ നിധിയിൽ ചീഫ് ഇക്കണോമിസ്റ്റായും, ചിക്കാഗോ യൂണിവേഴ്‌സിറ്റിയിൽ പ്രൊഫസറായും പ്രവർത്തിച്ചിരുന്ന ഇദ്ദേഹം ഇന്ത്യൻ ധനമന്ത്രാലയത്തിലെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവും, പിന്നീട് റിസർവ് ബാങ്ക് ഗവർണറുമായി. എന്നാൽ മോദി സർക്കാർ റിസർവ് ബാങ്ക് ഗവർണറായി തുടരാൻ രണ്ടാം ടേമിൽ അവസരം കൊടുത്തിരുന്നില്ല. തുടർന്ന് അദ്ദേഹം അമേരിക്കയിലേക്ക് പോകുകയായിരുന്നു.

അഹമ്മദാബാദ് ഐ.ഐ.എമ്മിലും ഡൽഹി ഐ.ഐ.ടി യിലും പഠിച്ച രഘുറാം മസാച്ചുസെറ്റ്‌സ് ഇൻസ്റ്റിറ്റൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട്. 2008 ലെ ആഗോള സാമ്പത്തിക മാന്ദ്യം പ്രവചിച്ചതോടെയാണ് സാമ്പത്തിക വിദഗ്ദ്ധരുടെ ഇടയിൽ രഘുറാം പ്രശസ്തനാകുന്നത്. ധനകാര്യ മേഖലയിലെ പരിഷ്കരണങ്ങൾക്കായി പ്ലാനിങ് കമ്മീഷന് വേണ്ടി റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്.

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും സമാന സാഹചര്യങ്ങളിൽ കോൺഗ്രസ്സ് സർക്കാരിൽ ധനമന്ത്രിയും പിന്നീട് പ്രധാനമന്ത്രിയുമായ വ്യക്തിയാണ്. 1991 ൽ അന്നത്തെ നരസിംഹറാവു സർക്കാർ മുൻ റിസർവ് ബാങ്ക് ഗവർണറായിരുന്ന മൻമോഹൻ സിംഗിനെ അപ്രതീക്ഷിതമായി ധനമന്ത്രിയാക്കുകയായിരുന്നു. പിന്നീട് അദ്ദേഹം പ്രധാന മന്ത്രി ആയപ്പോൾ രഘുറാം രാജനെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചിരുന്നു. അതിലുപരി കോൺഗ്രസ്സിന്റെ പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന മിനിമം ഇൻകം ഗ്യാരണ്ടീ സ്‌കീമിന്റെ (ന്യായ് സ്‌കീം) പുറകിലുള്ള പ്രധാന ബുദ്ധി രഘുറാമിന്റേതാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ചൊവ്വാഴ്ച വെളിപ്പെടുത്തിയിരുന്നു. കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഇന്ത്യയിലെ 20 ശതമാനം വരുന്ന ഏറ്റവും ദരിദ്ര കുടുംബങ്ങൾക്ക് വർഷത്തിൽ 73,000 രൂപ അല്ലെങ്കിൽ മാസത്തിൽ 6000 രൂപ ലഭ്യമാക്കുന്ന പദ്ധതിയാണിത്. അതിനാൽ തന്നെ കോൺഗ്രസ്സ് അധികാരത്തിൽ വന്നാൽ ഈ പദ്ധതി നടപ്പാക്കാനായി പാർട്ടിയുമായി അടുപ്പം പുലർത്തുന്ന രഘുറാം രാജന്റെ സേവനം ഉപയോഗപ്പെടുത്തുമെന്നു ഏതാണ്ട് ഉറപ്പായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *