Wed. Nov 6th, 2024
ആലുവ:

സ്‌കൂള്‍ ഫീസടച്ചില്ലെന്ന കാരണത്താല്‍ രണ്ടാംക്ലാസ് വിദ്യാര്‍ത്ഥികളെ പരീക്ഷയെഴുതിക്കാതെ പുറത്തു വെയിലത്തു നിര്‍ത്തി ശിക്ഷിച്ചു. കരുമാലൂര്‍ സെറ്റില്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ രണ്ട് വിദ്യാര്‍ത്ഥികളെയാണു മാനേജ്‌മെന്റിന്റെ നിര്‍ദേശപ്രകാരം പരീക്ഷഹാളിനു പുറത്തു നിര്‍ത്തി ശിക്ഷിച്ചത്. കാരക്കുന്നു സ്വദേശി ദേവനാരായണന്‍, വെളിയത്തുനാട് സ്വദേശി റൈഹാന്‍ എന്നീ കുഞ്ഞുങ്ങളെയാണ് അധ്യാപകര്‍ വെയിലത്ത് നിര്‍ത്തിയത്. വെയിലേറ്റു തളര്‍ന്നു വീണ കുട്ടികളെ ആലുവ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രണ്ടര മണിക്കൂറോളം വിദ്യാര്‍ത്ഥികള്‍ വെയിലത്ത് നില്‍ക്കുകയായിരുന്നു. പരീക്ഷ എഴുതിക്കാത്തതിനെ തുടര്‍ന്നു രക്ഷിതാക്കള്‍ സ്‌കൂള്‍ അധികൃതരെ ബന്ധപ്പെട്ടപ്പോഴാണ് ഫീസ് അടയ്ക്കാത്തതു കൊണ്ടാണ് പരീക്ഷ എഴുതിക്കാത്തത് എന്നും, സാധാരണ ശിക്ഷാ നടപടികള്‍ മാത്രമാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയതെന്നും സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിക്കുന്നത് വെയിലത്ത് പുറത്തിറങ്ങുന്നതിന് പോലും ആരോഗ്യ വകുപ്പിന്റെ കര്‍ശന നിര്‍ദേശമുള്ള ഈ സാഹചര്യത്തിലാണ് പിഞ്ചു കുഞ്ഞുങ്ങളെ അധ്യാപകര്‍ വെയിലത്ത് നിര്‍ത്തി ശിക്ഷിക്കുന്നത്.

സംഭവത്തെ തുടര്‍ന്നു കരുമാലൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയകക്ഷികള്‍, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്‌കൂളിനു മുന്നില്‍ ഇന്ന് രാവിലെ ഉപരോധ സമരം നടത്തി. കണക്ക് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥികളോട് ഈ മാസത്തെ ഫീസ് ആവശ്യപ്പെട്ടു. കൊണ്ടുവരാത്തതിനെ തുടര്‍ന്നു പരീക്ഷയെഴുതിക്കാതെ രണ്ടര മണിക്കൂറോളം കുട്ടികളെ ക്ലാസിനു പുറത്തു വെയിലത്തു നിര്‍ത്തുകയായിരുന്നെന്നു പരാതിയില്‍ പറയുന്നു. ഫീസിനത്തില്‍ 950 രൂപയാണു വിദ്യാര്‍ത്ഥികള്‍ നല്‍കാനുണ്ടായിരുന്നത്.

തുടര്‍ന്ന് ആലുവ ഡി.ഇ.ഒ ടി.വത്സല കുമാരി സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിന് എതിരെ നടപടിക്കു ശുപാര്‍ശ ചെയ്തു. ജുവനൈല്‍ നിയമപ്രകാരം കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. ശിശുക്ഷേമ സമിതി അധികൃതര്‍ ആലുവ ജില്ലാ ആശുപത്രിയിലെത്തി കുട്ടികളില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ചു. വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളോട് പല പ്രാവശ്യം ഫീസ് അടയ്ക്കാല്‍ ആവശ്യപ്പെട്ടിരുന്നുവെന്നും നല്‍കാത്തതിനെ തുടര്‍ന്ന് അധ്യാപിക കുട്ടികളെ വെളിയില്‍ നിര്‍ത്തിയതാകാമെന്നുമാണു സ്‌കൂള്‍ മനേജ്‌മെന്റിന്റെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *