Sun. Jan 19th, 2025
ബ്രൂണൈ:

അടുത്ത ആഴ്ച മുതൽ സ്വവർഗ്ഗ ലൈംഗികതയിലും വിവാഹേതര ലൈംഗിക ബന്ധത്തിലും ഏർപ്പെടുന്നവരെ കല്ലെറിഞ്ഞ് കൊല്ലാൻ തീരുമാനിച്ച് ബ്രൂണൈ. രാജ്യത്ത് നടപ്പിലാക്കിയിട്ടുള്ള ശരീഅത്ത് നിയമപ്രകാരമാണ് ഇത്. ഏപ്രിൽ 4 മുതലാണ് നിയമം പ്രബല്യത്തിൽ വരുന്നത്. മോഷണക്കുറ്റത്തിന്, കൈയും കാലും അറക്കുക എന്ന ശരീഅത്ത് നിയമപ്രകാരമുള്ള ശിക്ഷയും നടപ്പിലാക്കും.

കർശനമായി ശാരീരിക ശിക്ഷകൾ ഉള്ള ഇസ്ലാമിക നിയമവ്യവസ്ഥയായ ശരീഅത്ത് നിയമം പ്രബല്യത്തിൽ കൊണ്ടുവരാൻ 2014-ലാണ് ബ്രൂണൈ തീരുമാനിക്കുന്നത്. ബ്രൂണൈ സുൽത്താനായ ഹസ്സാനൽ ബോൽഖിയയുടെ ഉത്തരവ് പ്രകാരമാണ് ഇത്. 1967 മുതൽ ഹസ്സാനൽ ബോൽഖിയയാണ് ബ്രൂണൈ സുൽത്താൻ. ഏതാണ്ട് 20 ബില്ല്യൻ ഡോളർ ആസ്തി ഉള്ള ഇദ്ദേഹം ലോകത്തിലെ ഏറ്റവും ധനികരായ നേതാക്കളിൽ ഒരാളാണ്.

1984 വരെ ബ്രിട്ടീഷ് കോളനിയായിരുന്ന ബ്രൂണൈയിൽ സ്വവർഗ്ഗരതിക്ക്‌ കോളോണിയൽ നിയമപ്രകാരം തടവ് ശിക്ഷയുണ്ടായിരുന്നു. എന്നാൽ പുതിയ നിയമ പ്രകാരം അത് ക്രൂരമായ വധശിക്ഷയായി മാറുകയാണ്. ‘പ്രകൃതിവിരുദ്ധഭോഗം'(sodomy), ബലാത്സംഗം എന്നിവയ്ക്കും വധശിക്ഷയുണ്ട്.

മദ്യം നേരത്തെ തന്നെ ബ്രൂണൈയിൽ നിരോധിച്ചിട്ടുണ്ട്. വിവാഹേതര ബന്ധത്തിൽ കുട്ടികൾ ഉണ്ടാവുന്നതും, വെള്ളിയാഴ്ച പ്രാർത്ഥന മുടക്കുന്നതും, പിഴയും ജയിൽ ശിക്ഷയും ലഭിക്കാവുന്ന കുറ്റങ്ങളാണ്. അന്താരാഷ്ട്ര തലത്തിലുള്ള സമ്മർദ്ദങ്ങളെ തുടർന്ന് കഴിഞ്ഞ അഞ്ചു വർഷമായി ക്രൂരമായ ശാരീരിക പീഡ ഏൽപ്പിക്കുന്ന ശിക്ഷകൾ ബ്രൂണൈ പൂർണ്ണമായും നടപ്പിലാക്കുന്നില്ലായിരുന്നു.

ബ്രൂണൈയുടെ മാറിയ തീരുമാനത്തോട് മനുഷ്യാവകാശ സംഘടനകൾ ഞെട്ടലോടെയാണ് പ്രതികരിച്ചത്. രാജ്യത്തെ ജനസംഖ്യയുടെ മൂന്നിൽ രണ്ടുഭാഗം വരുന്ന മുസ്ലിംങ്ങൾക്ക് മാത്രമാണ് ശരീഅത്ത് നിയമം ബാധകമാവുക.

Leave a Reply

Your email address will not be published. Required fields are marked *