തിരുവനന്തപുരം:
കേരളം ഉള്‍പ്പടെ മൂന്നാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളില്‍ ഇന്നു മുതല്‍ ഏപ്രില്‍ നാലുവരെ പത്രിക നല്‍കാം. രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്നുവരെയാണ് വരണാധികാരികള്‍ പത്രിക സ്വീകരിക്കുന്നത്. ഏപ്രില്‍ അഞ്ചിനാണ് പത്രികകളുടെ സൂക്ഷ്മപരിശോധന. എട്ടുവരെ പിന്‍വലിക്കാം. ഏപ്രില്‍ 23ന് വോട്ടെടുപ്പ് നടക്കും. മേയ് 23ന് ഫലം അറിയാം. പത്രിക സമര്‍പ്പണം വരെ എത്തിയെങ്കിലും രണ്ടു മണ്ഡലങ്ങളില്‍ ഇതുവരെ യുഡിഎഫിന് സ്ഥാനാര്‍ഥിയായിട്ടില്ലെന്നതാണ് കൗതുകകരം. വടകര, വയനാട് എന്നീ മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാണ് ഇനിയും പ്രഖ്യാപിക്കാത്തത്. വടകരയില്‍ കെ.മുരളീധരന്‍ പ്രചരണം തുടരുകയാണെങ്കിലും എഐസിസി ഇതുവരെ സ്ഥാനാർത്ഥിയെ അംഗീകരിച്ചിട്ടില്ല. ഇത്ര ദിവസം വെയിലുകൊണ്ട മുരളീധരനോട് വടകരയില്‍ മത്സരിക്കേണ്ടെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം പറയുമോ എന്ന സംശയം വരെ പ്രവര്‍ത്തകര്‍ ചോദിച്ചു തുടങ്ങി.
മത്സരിക്കാന്‍ രാഹുല്‍ ഗാന്ധി എത്തുന്നുവെന്ന പ്രചരണമായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെല്ലാം വയനാട് മണ്ഡലത്തെ രാജ്യത്തിന്‍റെ ശ്രദ്ധയില്‍ എത്തിച്ചത്. എന്നാല്‍ സ്ഥാനാർത്ഥിത്വം അന്തരീക്ഷത്തില്‍ പറന്നു നടക്കുന്നതല്ലാതെ ഇതുവരെ ഒരു സ്ഥിരീകരണവും ഉണ്ടായിട്ടില്ല. വരുമോ ഇല്ലയോ എന്ന കാര്യത്തില്‍ ഇനിയും തീരുമാനം വൈകരുതെന്ന് വയനാട് ഡിസിസി പോലും എഐസിസിയെ അറിയിക്കേണ്ട സാഹചര്യത്തിലായി. സ്ഥാനാർത്ഥിത്വം അനന്തമായി നീളുന്നത് സാധ്യതകള്‍ ഇല്ലാതാക്കുമെന്ന് മുസ്ലിം ലീഗ് ഉള്‍പ്പടെയുള്ള ഘടകകക്ഷികള്‍ കോണ്‍ഗ്രസിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രഖ്യാപനം വൈകുന്നതിലെ അതൃപ്തി അവര്‍ നേതൃത്വത്തെ അറിയിക്കുകയും ചെയ്തു.
അതിനിടെ രാഹുല്‍ ആകെ ആശയക്കുഴപ്പത്തിലാണെന്നാണ് ഡല്‍ഹിയില്‍ നിന്നുള്ള സൂചനകള്‍. വയനാട്ടില്‍ ഇടതുപക്ഷത്തിനെതിരേ രാഹുല്‍ മത്സരിക്കുന്നതിനെ പ്രധാന ഘടകകക്ഷിയായ എന്‍സിപി എതിര്‍ക്കുകയാണ്. ഇത് തെറ്റായ സന്ദേശം നല്‍കുമെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിലെ ഒരു വിഭാഗ നേതാക്കളും രാഹുലിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വെള്ളിയാഴ്ചയെങ്കിലും വയനാട്, വടകര മണ്ഡലങ്ങളുടെ കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് കെപിസിസി നേതൃത്വം കരുതുന്നത്. കൊട്ടിഘോഷിച്ച് രാഹുല്‍ എത്തുമെന്ന് പ്രഖ്യാപിച്ചിട്ട് ഒടുവില്‍ വരുമോ ഇല്ലയോ എന്ന സന്ദേഹത്തിലായി നേതൃത്വം.