Wed. Nov 6th, 2024
#ദിനസരികള് 710

1928 ല്‍ ആണ് ശിവഗിരി തീര്‍ത്ഥാടനം തീരുമാനിക്കപ്പെടുന്നത്. കിട്ടന്‍ റൈറ്ററാണ് ഗുരുവിനോട് ഇത്തരമൊരു ആവശ്യം ഉന്നയിച്ചുകൊണ്ട് സംസാരിക്കുന്നത്. ശിവഗിരി തീര്‍ത്ഥാടനം എന്നു കേട്ടപാടെ ഗുരുവിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു:- “തീര്‍ത്ഥാടനമോ? ശിവഗിരിയിലോ? കൊള്ളാം, നമ്മുടെ കുഴല്‍ വെള്ളത്തില്‍ കുളിക്കാം, ശാരദാ ദേവിയെ വന്ദിക്കുകയും ചെയ്യാം. നല്ല കാര്യം.”

റൈട്ടര്‍ തുടരുന്നു:- “കേരളത്തിലെ ഈഴവര്‍ക്ക് ശിവഗിരി പുണ്യസ്ഥലമായി തൃപ്പാദങ്ങള്‍ കല്പിച്ച് അനുവദിക്കണമെന്ന് അപേക്ഷിക്കുന്നു.”

സ്വാമികള്‍:- “വര്‍ക്കല ജനാര്‍ദ്ദനം പുണ്യസ്ഥലമാണല്ലോ. അതിനടുത്ത് വര്‍ക്കല കൂടി പുണ്യസ്ഥലമാകുമോ?”

റൈട്ടര്‍: “ഹിന്ദുക്കളുടെ പുണ്യസ്ഥലങ്ങളില്‍ ഞങ്ങള്‍ക്കാര്‍ക്കും പ്രവേശനമില്ല. അല്ലാതെ പോകുന്നവര്‍ക്ക് ഹേമദണ്ഡങ്ങളും മാനക്കേടും പണനഷ്ടവുമാണ് ഉണ്ടാകാറുള്ളത്. തൃപ്പാദങ്ങള്‍ കല്പിച്ചാല്‍ ശിവഗിരി പുണ്യസ്ഥലമാകും. കല്പന ഉണ്ടായാല്‍ മതി.”

സ്വാമികള്‍:- “നാം പറഞ്ഞാല്‍ ശിവഗിരി പുണ്യസ്ഥലമാകുമെന്ന് റൈട്ടരും വൈദ്യരും വിശ്വസിക്കുന്നു അല്ലേ?”

വൈദ്യര്‍:- “പൂര്‍ണമായും വിശ്വസിക്കുന്നു.”

സ്വാമികള്‍:- “നാം പറയുകയും നിങ്ങള്‍ രണ്ടാളും വിശ്വസിക്കുകയും ചെയ്താല്‍ ആകെ മുന്നുപേരായി – മതിയാകുമോ?”

വൈദ്യര്‍:- “കല്പന ഉണ്ടായാല്‍ ഞങ്ങള്‍ ഇരുപതു ലക്ഷവും ഞങ്ങളെപ്പോലെയുളള മറ്റ് അധഃകൃതരും ശിവഗിരി പുണ്യസ്ഥലമായി സ്വീകരിക്കുകയും വിശ്വസിക്കുകയും ചെയ്യും.”

സ്വാമികള്‍:- “വിശ്വാസമുണ്ടല്ലോ കൊള്ളാം, അനുവാദം തന്നിരിക്കുന്നു.”

അങ്ങനെയാണ് ശിവഗിരി തീര്‍ത്ഥാടന കേന്ദ്രമായി മാറുന്നത്. യൂറോപ്യന്മാരുടെ കലണ്ടറനുസരിച്ച് ജനുവരി ഒന്നാണ് തീര്‍ത്ഥാടനദിവസമായി നിശ്ചയിച്ചത്. അതുപോലെതന്നെ പത്തു ദിവസത്തെ വ്രതം ശ്രീബുദ്ധന്റെ പഞ്ചശുദ്ധിയോടുകൂടി (ശരീര ശുദ്ധി, ആഹാര ശുദ്ധി, മനശുദ്ധി, വാക് ശുദ്ധി, കര്‍‌മ്മശുദ്ധി എന്നിവയാണ് പഞ്ചശുദ്ധി) ആചരിച്ച് മഞ്ഞത്തുണിയുടുത്ത് ഭക്തര്‍ വന്നുകൊള്ളട്ടെ എന്നാണ് ഗുരു ആഗ്രഹിച്ചത്. അതൊടൊപ്പം തന്നെ, “യാത്ര ആര്‍ഭാട രഹിതമാകണം.വിനീതമായിരിക്കണം. ഈശ്വരസ്ത്രോത്രങ്ങള്‍ ഭക്തിയായി ഉച്ചരിക്കുന്നതും കൊള്ളാം. തീര്‍ത്ഥയാത്രയുടെ പേരില്‍ ആര്‍ഭാടങ്ങളും ആഡംബരങ്ങളും ഒച്ചപ്പാടുകളുമുണ്ടാക്കി ഈ പ്രസ്ഥാനത്തെ മലിനപ്പെടുത്തരുത്. അനാവശ്യമായി ഒരു കാശുപോലും ചിലവഴിക്കരുത്,” എന്നും അതോടൊപ്പം എട്ടു വിഷയങ്ങള്‍ നിര്‍‌ദ്ദേശിച്ച് അതിലൊക്കെയും പ്രസംഗപരമ്പര നടത്തണമെന്നും ലോകത്തിനും ഇതര മത വിഭാഗങ്ങള്‍ക്കും ഗുണമുള്ള കാര്യങ്ങള്‍ ചെയ്യണമെന്നും ഗുരു നിര്‍‍ദേശിക്കുന്നുണ്ട്.

ഗുരു ഇപ്പോള്‍ ശിവഗിരിയിലേക്ക് മടങ്ങി വരുന്നുവെന്ന് ഒരു കൌതുകത്തിനു വേണ്ടി സങ്കല്പിക്കുക. അവിടെ കാണുന്ന കാഴ്ചകള്‍ താന്‍ നിര്‍‌ദ്ദേശിച്ചവയുമായി പുലബന്ധമില്ലാത്തതാണല്ലോയെന്ന് കണ്ട് അത്ഭുതപ്പെടാതിരിക്കുമോ? പണ്ടൊരു പ്രവാചകന്‍ ദൈവത്തിന്റെ ആലയം കച്ചവട കേന്ദ്രമാക്കിയതുകണ്ട് കോപാന്ധനായി ചമ്മട്ടിയെടുത്ത് വ്യാപാരികളെ തല്ലിയിറക്കിയത് ഓര്‍മയില്ലേ? അതുപോലെ നാരായണ ഗുരുവും തന്റെ കൈയ്യില്‍ കിട്ടുന്ന ആയുധവുമായി ഇന്ന് ശിവഗിരിയിലെ കനകസിംഹാസനങ്ങളില്‍‌ അരുളിമരുവുന്നവരെ തല്ലിയിറക്കുമായിരുന്നു.

ഹിന്ദുക്കളായി തങ്ങളെ കണക്കാക്കാത്തതുകൊണ്ട്, തങ്ങള്‍ക്കും ഒരു തീര്‍ത്ഥാടന കേന്ദ്രം അനുവദിക്കണമെന്നായിരുന്നു ഗുരുവിനോടുള്ള പ്രാര്‍ത്ഥന എന്നതു കൂടി മറക്കാതിരിക്കുക. അങ്ങനെ താഴ്ന്ന ജാതിയായതുകൊണ്ട് ഹിന്ദുക്കള്‍ തങ്ങളുടെ കൂട്ടത്തില്‍ പെടുത്താത്ത, അവര്‍ണരായി പരിഗണിക്കപ്പെട്ട ഒരു ജനതതിയാണ് ഇന്ന് ഹിന്ദു സംരക്ഷണത്തിനും, ഭാരതീയ ധര്‍‌മ്മത്തിനു വേണ്ടി പോരാടുവാനും മുന്നിട്ടിറങ്ങിയിരിക്കുന്നതെന്നുകൂടി പരിഗണിക്കുമ്പോഴാണ് ശ്രീനാരായണീയര്‍ എന്ന് സ്വയം അവകാശമുന്നയിക്കുന്നവര്‍‌ ഗുരുവില്‍ നിന്നും എത്രയോ കാതം അകലെയാണെന്ന് നാം മനസ്സിലാക്കുക.

നാരായണ ഗുരുവിനെ വിപരീത ദിശയിലേക്ക് ആനയിക്കുന്നവരുടെ കൈയില്‍ നിന്നും അദ്ദേഹത്തെ മോചിപ്പിച്ചെടുക്കേണ്ടിയിരിക്കുന്നു.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *