ഒരു കാലത്തു യു. ഡി. എഫിന്റെ സുരക്ഷിത മണ്ഡലം ആയിരുന്ന മുകുന്ദപുരം മണ്ഡലമാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ നടത്തിയ മണ്ഡല പുനഃക്രമീകരണത്തിന് ശേഷം 2009ലെ പൊതുതിരഞ്ഞെടുപ്പ് മുതൽ ചാലക്കുടി ലോക്സഭാ മണ്ഡലം ആയി മാറിയത്. തൃശൂർ ജില്ലയിലെ നാലും, എറണാകുളം ജില്ലയിലെ മൂന്നും മണ്ഡലങ്ങളടങ്ങിയതായിരുന്നു പഴയ മുകുന്ദപുരം. എന്നാൽ മണ്ഡല പുനർ നിർണയത്തോടെ മണ്ഡലത്തിന്റെ ഘടന നേരെ വിപരീതമായി. തൃശൂർ ജില്ലയിലെ മൂന്നു മണ്ഡലങ്ങളും, എറണാകുളം ജില്ലയിലെ നാലു മണ്ഡലങ്ങളും ചേർത്തതാണ് പുതിയ ചാലക്കുടി. പഴയ മുകുന്ദപുരത്തിൽ യു. ഡി. എഫ് പത്തു തവണയും, എൽ. ഡി. എഫ് മൂന്നു തവണയും വിജയിച്ചപ്പോൾ പുതിയ ചാലക്കുടി മണ്ഡലത്തിൽ എൽ. ഡി. എഫും, യു. ഡി എഫും ഓരോ തവണ വിജയിച്ച് സമനിലയിൽ നിൽക്കുകയാണ്. ബി. ജെ. പി വോട്ടുകളിൽ വളർച്ച ഉണ്ടാകുന്നുണ്ടെങ്കിലും വിജയ സാധ്യത ഇല്ലാത്ത മണ്ഡലമായാണ് വിലയിരുത്തുന്നത്.
അറബിക്കടലും, പശ്ചിമ ഘട്ടവും എന്നീ കേരളത്തിന്റെ രണ്ടതിരുകൾ പങ്കു വെക്കുന്നു എന്ന പ്രത്യേകത കൂടി ഈ മണ്ഡലത്തിനുണ്ട്. അതിരപ്പിള്ളി-വാഴച്ചാലും, തുമ്പൂർ മുഴിയും, ചാർപ്പാ വെള്ളച്ചാട്ടങ്ങളുമെല്ലാം ചാലക്കുടിയ്ക്ക് സ്വന്തം. സീറോ മലബാർ സഭയുടെയും യാക്കോബായ വിഭാഗങ്ങളുടെയും ശക്തി കേന്ദ്രം കൂടിയാണ് ചാലക്കുടി. അങ്കമാലി, ഇരിഞ്ഞാലക്കുട രൂപതകളുടെ നിലപാടുകൾ തിരഞ്ഞെടുപ്പുകളിൽ സ്വാധീനം ചെലുത്താറുണ്ട്. അതിനാൽ തന്നെ രണ്ടു മുന്നണികളും ഇത്തവണ ക്രിസ്ത്യൻ സ്ഥാനാർത്ഥികളെയാണ് പരീക്ഷിക്കുന്നത്. ഈഴവ വിഭാഗമാണ് മറ്റൊരു നിർണ്ണായക ശക്തി. കൈപ്പമംഗലം, ആലുവ, പെരുമ്പാവൂർ എന്നിവിടങ്ങളിൽ മുസ്ലിം വോട്ടുകളും വിധി നിർണയിക്കും.
ന്യൂനപക്ഷ സ്വാധീനം മൂലം വലതുപക്ഷ രാഷ്ട്രീയത്തോട് അൽപ്പം കൂടുതൽ കൂറു പുലർത്തിയിട്ടുള്ള പഴയ മുകുന്ദപുരം ഇടക്ക് എല് ഡി എഫിന് മൃഗീയ ഭൂരിപക്ഷം നല്കി വഴിമാറി നടക്കുകയും ചെയ്തിട്ടുണ്ട്. സി. പി. എം താത്വികാചാര്യൻ പി. ഗോവിന്ദപിള്ളയെയും, ഇ. എം. എസ് നമ്പൂരിപ്പാടിന്റെ മകൻ ഇ. എം. ശ്രീധരനെയും, മുൻ മന്ത്രി വിശ്വനാഥനെയും തോൽപ്പിച്ച പാരമ്പര്യമുള്ള മുകുന്ദപുരം മണ്ഡലത്തിൽ ലീഡർ കെ കരുണാകരന്റെ മകൾ പത്മജയെ റെക്കോർഡ് ഭൂരിപക്ഷത്തിൽ തോൽപ്പിച്ച ചരിത്രവുമുണ്ട്. ഒരു ലക്ഷത്തിൽ പരം വോട്ട് വാങ്ങി വിജയിച്ച ലോനപ്പൻ നമ്പാടനായിരുന്നു മുകുന്ദപുരത്തിന്റെ അവസാനത്തെ എം.പിയെങ്കിൽ കോൺഗ്രസ്സിലെ കെ. പി ധനപാലനായിരുന്നു ചാലക്കുടി മണ്ഡലത്തിലെ ആദ്യത്തെ എം. പി. യു.ഡി.എഫിന്റെ ശക്തികേന്ദ്രമായതിനാലാണ് കഴിഞ്ഞതവണ എൽ.ഡി.എഫ്. ഇന്നസെന്റിന്റെ രൂപത്തിൽ ഒരു സ്വതന്ത്രനെ അവതരിപ്പിച്ചത്. ചാലക്കുടി, തൃശ്ശൂർ മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർഥികൾ അവസാനനിമിഷം പരസ്പരം മാറിയിരുന്നു. ഇതുണ്ടാക്കിയ ആശയക്കുഴപ്പവും മുറുമുറുപ്പുകളും മുതലാക്കാനും എൽ.ഡി.എഫിന് കഴിഞ്ഞു. 13,884 വോട്ടിനായിരുന്നു ഇന്നസെന്റിന്റെ വിജയം.
നിയമസഭ മണ്ഡലങ്ങൾ
തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ, കൈപ്പമംഗലം,ചാലക്കുടി നിയമസഭ മണ്ഡലങ്ങളും, എറണാകുളത്തെ പെരുമ്പാവൂർ, അങ്കമാലി, ആലുവ, കുന്നത്തുനാട് നിയമസഭ മണ്ഡലങ്ങളും ചേർന്നതാണ് ചാലക്കുടി ലോക്സഭാ മണ്ഡലം. കഴിഞ്ഞ തവണ ഇന്നസെന്റിനു കയ്പമംഗലം(13,258), കൊടുങ്ങല്ലൂർ(3973), പെരുമ്പാവൂർ(2807), കുന്നത്തുനാട്(2385) മണ്ഡലങ്ങളിൽ ലീഡ് കിട്ടിയപ്പോൾ എതിരാളിയായിരുന്ന യു. ഡി. എഫിലെ പി. സി. ചാക്കോയ്ക്ക് ചാലക്കുടി(617), അങ്കമാലി(5922), ആലുവ(2086) മണ്ഡലങ്ങളിൽ ലീഡ് നേടാൻ കഴിഞ്ഞിരുന്നു. എന്നാൽ 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇന്നസെന്റിന് ലീഡ് നൽകിയ പെരുമ്പാവൂർ, കുന്നത്തുനാട് മണ്ഡലങ്ങൾ യു. ഡി. എഫ് ആയിരുന്നു വിജയിച്ചത്. അങ്കമാലി, ആലുവ, പെരുമ്പാവൂർ നിയോജക മണ്ഡലങ്ങളിൽ യു. ഡി. എഫിന് ശക്തമായ വോട്ട് ബാങ്കുണ്ട്. ചാലക്കുടിയിലും, കുന്നത്ത് നാട്ടിലും ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്. എന്നാൽ കൈപ്പമംഗലം മണ്ഡലം എല്ലാ കാലത്തും എൽ. ഡി. എഫിന്റെ ഉറച്ച കോട്ടയാണ്.
വിജയം ആവർത്തിക്കാൻ ഇന്നച്ചൻ :
2104 ഇൽ യു. ഡി. എഫിന്റെ കയ്യിൽ നിന്നും ചാലക്കുടി തിരിച്ചു പിടിക്കാൻ ഇടതു മുന്നണി കണ്ടെത്തിയ വജ്രായുധമായിരുന്നു ഇന്നസെന്റിന്റെ സ്ഥാനാർത്ഥിത്വം. ‘എ.എം.എം.എ’ പ്രസിഡന്റായിരുന്ന അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വത്തിന്റെ പിന്നിൽ മമ്മൂട്ടി,ദിലീപ് അടക്കമുള്ള സിനിമ മേഖലയുടെയും, ഇരിഞ്ഞാലക്കുട രൂപതയുടെയും ഉറച്ച പിന്തുണ ഉണ്ടായിരുന്നു. യു. ഡി. എഫ് അണികളുടെ കൂടി വോട്ടു നേടാൻ “കുടം” ചിഹ്നത്തിൽ സ്വതന്ത്രനായി മത്സരിപ്പിച്ചാണ് എൽ.ഡി. എഫ് ഇന്നസെന്റിനെ വിജയിപ്പിച്ചെടുത്തത്. ഇത്തവണ ഇടതുമുന്നണി പല പേരുകളും ചർച്ച ചെയ്‌തെങ്കിലും ഒടുവിൽ ഇന്നസെന്റിനു തന്നെ വീണ്ടും നറുക്കു വീഴുകയായിരുന്നു. പക്ഷെ ദേശീയ പാർട്ടി പദവി നഷ്ടപ്പെടാതിരിക്കാൻ ഇത്തവണ സി. പി. എം പാർട്ടി ചിഹ്നത്തിലാണ് ഇന്നസെന്റിനെ മത്സരിപ്പിക്കുന്നത്. അപ്രതീക്ഷിതമായി വീണ്ടും കിട്ടിയ സ്ഥാനാർത്ഥിത്വമാണെങ്കിലും തികഞ്ഞ വിജയ പ്രതീക്ഷയിലാണ് ഇന്നസെന്റ്. കഴിഞ്ഞ അഞ്ചു വർഷത്തെ പ്രവർത്തനങ്ങൾ എടുത്തുകാട്ടി ഒരു പ്രോഗ്രസ്സ് കാർഡും അദ്ദേഹം പുറത്തിറക്കിയിരുന്നു. 1750 കോടിയുടെ പ്രവർത്തനങ്ങളാണ് മണ്ഡലത്തിലാകെ നടപ്പാക്കിയെന്ന് പ്രോഗ്രസ് റിപ്പോർട്ട് പറയുന്നു. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പ് കണക്കുകളും എൽ. ഡി. എഫിന് അനുകൂലമാണ്. മൊത്തം ഏഴു നിയമസഭ മണ്ഡലങ്ങളിലും കൂടി യു.ഡി.എഫിനേക്കാൾ 45000 ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം എൽ. ഡി. എഫിനുണ്ട്. അതിനു പുറമെ ഇന്നസെന്റിനു സിനിമ മേഖലയിലും പുറത്തുമുള്ള വ്യക്തി ബന്ധങ്ങളും തുണയാകുമെന്നു എൽ. ഡി. എഫ് ക്യാമ്പുകൾ പ്രതീക്ഷിക്കുന്നു.
കറുത്ത കുതിരകളാകാൻ ട്വൻറി ട്വന്റി:
ഇരുമുന്നണികളോടും പോരാടി കിഴക്കമ്പലം പഞ്ചായത്തു ഭരണം പിടിച്ച കിറ്റെക്‌സ് ഗ്രൂപ്പ് നേതൃത്വം നല്‍കുന്ന ജനകീയ മുന്നണി ട്വന്റി ട്വന്റി ചാലക്കുടി സീറ്റിൽ സ്ഥാനാർത്ഥിയെ നിർത്തും എന്ന് പ്രഖ്യാപിച്ചതോടെ ചാലക്കുടിയുടെ മത്സരത്തിന് അപ്രതീക്ഷിത മാനം കൈവന്നു. യാക്കോബായ സഭാ നേതൃത്വവുമായി ട്വന്റി-ട്വന്റിക്കുള്ള അടുപ്പം മണ്ഡലത്തില്‍ യു.ഡി.എഫിന്റെ മുന്നേറ്റത്തിന് തടയിടാന്‍ സഹായകരമാകുമെന്നാണു കണക്കുകൂട്ടല്‍. പ്രളയകാലത്ത് സഹായമെത്തിച്ച് സ്വാധീനമുണ്ടാക്കിയ കിഴക്കമ്പലത്തിന്റെ സമീപപഞ്ചായത്തുകളിലും ട്വന്റി-ട്വന്റിക്ക് പിന്തുണയുണ്ട്. രാഷ്ട്രീയേതര വോട്ടുകളിലാണ് ട്വന്റി-ട്വന്റി കണ്ണ് വെക്കുന്നത്. സസ്‌പെന്‍ഷനിലായ ഡി.ജി.പി. ജേക്കബ് തോമസ് ആയിരിക്കും ട്വന്റി ട്വന്റിയുടെ സ്‌ഥാനാര്‍ഥിയായി വരിക എന്നാണ് സൂചന. പ്രചാരണത്തിന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഉള്‍പ്പെടെയുള്ള വ്യവസായ പ്രമുഖരുടെ സാന്നിധ്യമുണ്ടാകും.
നില മെച്ചപ്പെടുത്തുവാൻ ബി.ജെ. പി
ചാലക്കുടിയിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് എ. എൻ രാധാകൃഷ്ണനാണ്. 2014 ഇൽ ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച ബി.ഗോപാലകൃഷ്ണൻ 92848 വോട്ടുകളായിരുന്നു നേടിയത്. എന്നാൽ 2016 നിയമസഭാ തിരഞ്ഞെടുപ്പിൽ ഏഴു മണ്ഡലങ്ങളിലും കൂടി 153616 വോട്ടു ബി ജെ പി നേടിയിരുന്നു. തൃശൂർ ജില്ലയിലെ മൂന്നു മണ്ഡലങ്ങളിലും ഗണ്യമായി വോട്ടു വർദ്ധിപ്പിക്കാൻ ബി.ജെ.പി ക്കു കഴിഞ്ഞിട്ടുണ്ട്. ഈഴവ ശക്തികേന്ദ്രങ്ങളായ അവിടങ്ങളിൽ ബി.ഡി.ജെ.എസ് സഖ്യവും ഗുണം ചെയ്യുമെന്ന് ബി.ജെ.പി കണക്കുകൂട്ടുന്നു.
തിരിച്ചു പിടിക്കാൻ യു.ഡി.എഫ് :
കഴിഞ്ഞ തവണ സുരക്ഷിത മണ്ഡലം കൈവിട്ടു പോയതിന്റെ ഷോക്കിൽ നിന്നും യു.ഡി.എഫ് ഇനിയും മുക്തമായിട്ടില്ല. അതിനാൽ തന്നെ എല്ലാ സമവാക്യങ്ങളും പരിഗണിച്ച് ഉമ്മൻ ചാണ്ടിയുടെ അതിവിശ്വസ്തനായ ബെന്നി ബഹനാനെയാണ് ഇത്തവണ യു.ഡി.എഫ് മണ്ഡലം പിടിക്കാൻ നിയോഗിച്ചിരിക്കുന്നത്. തൃക്കാക്കര മണ്ഡലത്തിൽ സിറ്റിങ് എം.എൽ.എ യായിരിക്കെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സുധീരന്റെ ഇടപെടലിൽ ബെന്നി ബെഹനാന് കോൺഗ്രസ്സ് സീറ്റ് നിഷേധിച്ചിരുന്നു. പിന്നീട് യു.ഡി.എഫ് കൺവീനറായി പ്രവർത്തിച്ചു വരികയായിരുന്നു അദ്ദേഹം. കഴിഞ്ഞ തവണ പി.സി ചാക്കോയുടെ കടുംപിടുത്തം ഒന്ന് കൊണ്ട് മാത്രമാണ് തോൽക്കേണ്ടി വന്നതെന്നാണ് യു.ഡി.എഫ് പ്രവർത്തകർ കരുതുന്നത്.
1996 ഇൽ മുകുന്ദപുരത്തു മത്സരിച്ചു വിജയിച്ചു പിന്നീട് മണ്ഡലത്തിലേക്ക് തിരിഞ്ഞു നോക്കാതെ തൃശൂർ മണ്ഡലത്തിലേക്ക് മാറിയിരുന്ന പി. സി ചാക്കോ സുരക്ഷിത മണ്ഡലമായ ചാലക്കുടി ഹൈക്കമാന്റിനെ സ്വാധീനിച്ചു നേടിയെടുത്തു മത്സരിച്ചത് യു. ഡി. എഫ് അണികളിൽ ഉണ്ടാക്കിയ അമർഷമായിരുന്നു ഇന്നസെന്റിനെ വിജയത്തിന്റെ കാരണമെന്നു യു.ഡി.എഫ് അണികൾ വിശ്വസിക്കുന്നു. അത്തരം ഒരു സാഹചര്യം ഇപ്പോൾ നിലവിൽ ഇല്ലാത്തതിനാൽ കാര്യങ്ങൾ അനുകൂലമാണെന്നാണ് യു.ഡി.എഫ് വിശ്വാസം. മാത്രമല്ല ആം ആദ്മി പാർട്ടി കഴിഞ്ഞ തവണ നേടിയ 35189 വോട്ടുകളും പ്രധാനമായും യു.ഡി.എഫ് വോട്ടു ബാങ്കുകളിൽ നിന്നായിരുന്നു ചോർന്നത്. ആം ആദ്മി ഇത്തവണ സജീവമല്ലാത്തതും യു.ഡി.എഫിന് പ്രതീക്ഷ നൽകുന്നുണ്ട്. പക്ഷെ ഇന്നസെന്റിന്റെ പ്രവർത്തനത്തിലെ പോരായ്മകളാണ് യു.ഡി.എഫിന്റെ മുഖ്യ പ്രചാരണായുധം. കാൻസർ രോഗം മൂലവും, സിനിമ തിരക്കുകൾ കാരണവും ഇന്നസെന്റിനു മണ്ഡലത്തിൽ ഒട്ടും സജീവമാകാൻ കഴിഞ്ഞിരുന്നില്ല. സി.പി.എം ചാലക്കുടി പാർലിമെന്റ് കമ്മിറ്റി പോലും ആദ്യ ഘട്ടത്തിൽ ഇന്നസെന്റിന്റെ സ്ഥാനാർത്ഥിത്വത്തെ എതിർത്ത സാഹചര്യത്തിൽ കഴിഞ്ഞ തവണ ഇന്നസെന്റ് കുടം ചിഹ്നത്തിൽ ഉണ്ടാക്കിയ തരംഗം അരിവാൾ ചുറ്റിക ചിഹ്നത്തിൽ ഇത്തവണ ഉണ്ടാക്കില്ലെന്ന വിലയിരുത്തലിലാണ് യു.ഡി.എഫ്.