Mon. Dec 23rd, 2024
കൊല്ലം:

തിരഞ്ഞെടുപ്പു പ്രചാരണയോഗത്തിനിടെ കേരള കോണ്‍ഗ്രസ്-ബി സംസ്ഥാന ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണ പിള്ള വേദിയില്‍ കുഴഞ്ഞു വീണു. അദ്ദേഹത്തെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി 8.15-നായിരുന്നു സംഭവം. ഇട്ടിവ പഞ്ചായത്തിലെ കോട്ടുക്കലില്‍ ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പുയോഗം ഉദ്ഘാടനം ചെയ്യുമ്പോള്‍ വേദിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ കാറില്‍ കൊട്ടാരക്കര ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ആര്‍. ബാലകൃഷ്ണ പിള്ളയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. രക്തസമ്മര്‍ദ്ദത്തില്‍ നേരിയ വ്യതിയാനമുള്ളതൊഴിച്ചാല്‍ മറ്റു പ്രശ്‌നങ്ങളൊന്നുമില്ല.

കോട്ടുക്കലില്‍ സമ്മേളനസ്ഥലത്ത് പോലീസ് ഉണ്ടായിട്ടും ആര്‍. ബാലകൃഷ്ണ പിള്ളയ്ക്ക് വേണ്ട സഹായം ചെയ്തില്ലെന്ന് കേരള കോണ്‍ഗ്രസ്സ് (ബി) ആരോപിച്ചു. മുന്നാക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാനായതിനാല്‍ ക്യാബിനറ്റ് റാങ്കുള്ളയാളാണ് പിള്ള. വേദിയില്‍ നിന്ന് കാറിലേക്ക് പിള്ളയെ കൊണ്ടുവരുന്നതിനോ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനോ പോലീസ് സഹായിച്ചില്ല. ഇതിനെതിരേ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്നും കേരള കോണ്‍ഗ്രസ്സ് (ബി) ജില്ലാ പ്രസിഡന്റ് എ. ഷാജു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *