എറണാകുളം:
മാമാങ്കത്തിന്റെ ചിത്രീകരണം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് തിരക്കഥാകൃത്തും സംവിധായകനുമായ സജീവ് പിള്ള നൽകിയ ഹർജി കോടതി തള്ളി. എറണാകുളം ജില്ലാ കോടതിയാണ് സജീവ് പിള്ളയുടെ ആവശ്യം തള്ളിയത്. സജീവ് പിള്ള രചിച്ച് സംവിധാനം ചെയ്തു തുടങ്ങിയ ചിത്രത്തിൽ നിന്നും നിർമ്മാതാവ് അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു, ഇതേതുടർന്നാണ് ചിത്രീകരണം തടയണമെന്ന് ആവശ്യപ്പെട്ട് സജീവ് കോടതിയെ സമീപിച്ചത്. എന്നാൽ മമ്മൂട്ടി നായകനായെത്തുന്ന ബഹുഭാഷാ ചിത്രം മാമാങ്കത്തിന്റെ പൂർണാവകാശം സജീവ് പിള്ള, നിർമ്മാതാവായ വേണു കുന്നപ്പള്ളിക്ക് കൈമാറിയതായി കോടതി കണ്ടെത്തിയതിനെ തുടർന്നാണ് സ്റ്റേ ആവശ്യം തള്ളിയത്.
സജീവ് പിള്ള മുമ്പ് സിനിമകൾ ഒന്നും ചെയ്തിട്ടില്ലെന്നും, അദ്ദേഹം ചിത്രീകരിച്ച ഒരു മണിക്കൂറോളം വരുന്ന ഫൂട്ടേജിൽ പത്തു മിനിറ്റ് പോലും ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാണെന്നുമാണ് നിർമ്മാതാവിന്റെ വാദം. ഇതു മൂലം 13 കോടി രൂപ നഷ്ടമായതായും, വീണ്ടും ചിത്രീകരണം നടത്തേണ്ട സാഹചര്യവുമുണ്ടായതായും നിർമ്മാതാവ് കോടതിയെ അറിയിച്ചു.
തിരക്കഥയ്ക്കും സംവിധാനത്തിനുമായി പ്രതിഫലമായി നിശ്ചയിച്ചിരുന്ന 23 ലക്ഷത്തിൽ 21.75 ലക്ഷം രൂപയും സജീവ് പിള്ള സിനിമയുടെ രണ്ടാം ഷെഡ്യൂൾ പൂർത്തിയാകും മുമ്പ് ബാങ്ക് അക്കൗണ്ട് മുഖേന കൈപ്പറ്റിയതായി നിർമ്മാതാവ് കോടതിയെ അറിയിച്ചു.
ചിത്രീകരണത്തിൽ വീഴ്ചകൾ സംഭവിച്ചാൽ തന്നെ സിനിമയിൽ നിന്നും മാറ്റാവുന്നതാണെന്ന് സമ്മതിച്ച് സജീവ് പിള്ള ഒപ്പു വച്ചിരുന്ന കരാറാണ് അദ്ദേഹത്തിന് പ്രതികൂലമായത്. ഈ കരാർ കാവ്യ ഫിലിംസിന് വേണ്ടി നിർമ്മാതാവ് കോടതിയിൽ ഹാജരാക്കിയിരുന്നു.
സജീവ് പിള്ളയെ പുറത്താക്കി ചിത്രത്തിന്റെ സംവിധാന ചുമതല എം. പദ്മകുമാറിനാണ് നിലവിൽ നൽകിയിരിക്കുന്നത്. സജീവ് പിള്ളയെ പുറത്താക്കിയതിൽ നിരവധി സിനിമ പ്രവർത്തകർ നേരത്തെ പ്രതിഷേധം അറിയിച്ചിരുന്നു അടൂർ ഗോപാലകൃഷ്ണന്റെ സിനിമകളിൽ ഉൾപ്പെടെ പ്രവർത്തിച്ച് വർഷങ്ങളുടെ പരിചയം ഉള്ള സജീവ് പിള്ളയുടെ സ്വപ്ന പദ്ധതിയായിരുന്നു ‘മാമാങ്കം’.