മുംബൈ:
ബാങ്കുതട്ടിപ്പുകേസിലെ പ്രതി നീരവ് മോദിയുടെ പക്കലുള്ള ചിത്രങ്ങൾ ചൊവ്വാഴ്ച, 26 ന് ആദായനികുതി വകുപ്പുകാർ ലേലം ചെയ്തു. 59.37 കോടി രൂപയാണ് ചിത്രങ്ങൾക്കു കിട്ടിയത്.
ഈ തുകയിൽ നിന്ന് 54.84 കോടി ആദായനികുതിവകുപ്പിനുള്ളതാണ്. ബാക്കി തുക സാഫ്രൺ ആർട്ട് എന്ന കമ്പനിയ്ക്ക് ലേലം വകയിൽ കമ്മീഷനാണ്. ആദ്യമായിട്ടാണ് ഒരു സർക്കാർ വകുപ്പ്, ഒരു പ്രൊഫഷനൽ ആർട്ട് ഹൌസിനെ ഉൾപ്പെടുത്തിക്കൊണ്ട് വില്പന നടത്തുന്നത്. ആദായനികുതിവകുപ്പു വില്പനയ്ക്കു വച്ച 68 ചിത്രങ്ങളിൽ 55 എണ്ണം വിറ്റുപോയി. ചിത്രകാരനായ വി.എസ് ഗായ്തോണ്ഡേയുടെ ഒരു പെയിന്റിംഗ് 25. 24 കോടിയ്ക്കാണു വിറ്റുപോയത്. 2015 ൽ ഇദ്ദേഹത്തിന്റെ പെയിന്റിംഗ് 29.3 കോടിയ്ക്കു വിറ്റുപോയിരുന്നു. അതാണ് ഇന്ത്യയിൽ നിന്നുള്ള ഒരു പെയിന്റിംഗിനു ലഭിച്ച ഏറ്റവും കൂടുതൽ തുകയും.
ചിത്രകാരനായ രാജാരവിവർമ്മയുടെ 1881 ലെ പെയിന്റിംഗ് 16.10 കോടിയ്ക്കാണു വിറ്റു പോയത്. ഫോൺ വഴിയായിരുന്നു ലേലം.
എഫ്. എൻ സൂസയുടെ രണ്ടു പെയിന്റിങ്ങുകൾ – സിറ്റിസ്കേപ് (1974), 1.78 കോടിയ്ക്കും, ഗോളി- വോഗ് (1958) 1.38 കോടിയ്ക്കും വിറ്റുപോയി. അക്ബർ പദംസിയുടെ “ഗ്രേ ന്യൂഡ്” എന്ന പെയിന്റിംഗിന് 1.72 കോടി ലഭിച്ചു.
ഈ ലേലം നിയമവിരുദ്ധമാണെന്നു കാണിച്ച് നീരവ് മോദിയുടെ സ്ഥാപനമായ കാംലോട്ട് എന്റർപ്രൈസസ് ലേലം നടത്തുന്നവർക്ക് ഒരു നോട്ടീസ് അയച്ചിരുന്നു.