പാറ്റ്‌ന:
ബിഹാറിലെ ബെഗുസരായില്‍ മത്സരിക്കുന്ന കനയ്യകുമാറിന് പിന്തുണയുമായി ഗുജറാത്തിലെ സ്വതന്ത്ര എം.എല്‍.എയും, നിരവധി ദലിത് പ്രക്ഷോഭങ്ങളുടെ നേതൃത്വ നിരയിലും ഉണ്ടായിരുന്ന ജിഗ്നേഷ് മേവാനി. കനയ്യ കുമാര്‍ ആരംഭിച്ച ക്രൗഡ് ഫണ്ടിലേക്ക് സംഭാവന നല്‍കണമെന്നും ജിഗ്നേഷ് ആവശ്യപ്പെട്ടു. അപ്‌നാകനയ്യ എന്ന ഹാഷ്ടാഗ് ഉപയോഗിച്ചായിരുന്നു ജിഗ്നേഷ് പിന്തുണ അറിയിച്ചത്.
‘ജെ.എന്‍.യു പ്രസിഡന്റ് എന്നതില്‍ നിന്നും, ഒരു പരിപൂര്‍ണ നേതാവെന്ന നിലയില്‍ കനയ്യ വളര്‍ന്നു വന്ന രീതി പ്രശംസനീയമാണ്. നിരന്തരം ശബ്ദം ഉയര്‍ത്തുന്ന, ആഖ്യാനങ്ങള്‍ കുറിക്കുന്നതിന് പുതിയ മാനങ്ങള്‍ നല്‍കിയ കനയ്യയെ എനിക്ക് പാര്‍ലമെന്റില്‍ കാണണം’.
‘അദ്ദേഹം ദേശദ്രോഹ കുറ്റം ചുമത്തപ്പെട്ട വിദ്യാര്‍ത്ഥി നേതാവെന്നതില്‍ നിന്നും, മോദിക്കെതിരെയും ഫാസിസത്തിനെതിരെയും നിരന്തരം ശബ്ദം ഉയര്‍ത്തുന്ന നേതാവെന്ന നിലയിലേക്ക് വളര്‍ന്നു കഴിഞ്ഞു. ഞാന്‍ അദ്ദേഹത്തെ പിന്തുണക്കുന്നു’- ജിഗ്നേഷിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
അതേസമയം പാട്നയിലെ ബെഗുസരായില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കനയ്യ കുമാറിന്‍റെ ക്രൗഡ് ഫണ്ടിങ്ങിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ആരംഭിച്ച് ആദ്യ മണിക്കൂറുകള്‍ക്കകം അഞ്ച് ലക്ഷം രൂപ ലഭിച്ചതായി റിപ്പോര്‍ട്ടു ചെയ്തിരുന്നു. വോട്ടു ചോദിക്കുന്നതിനോടൊപ്പം തനിക്ക് തെരഞ്ഞെടുപ്പിനാവശ്യമായ ഫണ്ടും ലഭ്യമാക്കണമെന്ന് കനയ്യ തന്റെ അണികളോട് ആവശ്യപ്പെടുകയായിരുന്നു.
‘സുഹൃത്തുക്കളേ, നിങ്ങള്‍ക്കറിയാമല്ലോ, തെരഞ്ഞെടുപ്പിന് വോട്ടു ലഭിക്കാനുള്ള ഓട്ടത്തില്‍ പലരും ജനാധിപത്യത്തെ മുറിവേല്‍പ്പിക്കുകയും ഭരണഘടനയെ അപകടത്തിലാക്കുകയും ചെയ്തിട്ടുണ്ട്. ഈ സമയത്ത് ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ഈ രാജ്യത്തെ ജനങ്ങള്‍ ഒരുമിച്ച് നിന്ന് പോരാടണം. നിങ്ങള്‍ എല്ലാവരും സാമ്പത്തികമായുള്ള സംഭാവനകള്‍ നല്‍കി ഈ പോരാട്ടത്തെ ശക്തിപ്പെടുത്തുമെന്ന് ഞാന്‍ കരുതുന്നു’ എന്നായിരുന്നു കനയ്യ പറഞ്ഞത്. ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്റെ നേതാവായിരുന്ന കനയ്യ കുമാര്‍ തെരഞ്ഞെടുപ്പ് ചെലവിനായി 70 ലക്ഷം രൂപ പിരിച്ചെടുക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.
കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ ഗിരിരാജ് സിംഗ് ആയിരുന്നു ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബെഗുസാരായില്‍ കനയ്യക്കെതിരെ മത്സരിക്കാനിരുന്നത് . എന്നാല്‍ അദ്ദേഹം കഴിഞ്ഞ ദിവസം ബെഗുസരായില്‍ നിന്ന് മത്സരിക്കാനില്ലെന്ന് പറഞ്ഞിരുന്നു. നവാദയില്‍ നിന്നാണ് ഗിരിരാജ് ഇനി മത്സരിക്കുക.