ന്യൂഡല്‍ഹി:
കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്റെ കള്ളയൊപ്പിട്ട് പണം തട്ടിയ സംഭവത്തില്‍ ബി.ജെ.പി ജനറല്‍ സെക്രട്ടറി പി. മുരളീധര റാവുവിനെതിരെ പൊലീസ് കേസെടുത്തു. നിര്‍മ്മല സീതാരാമന്റെ വ്യാജ ഒപ്പിട്ട് ജോലി നിയമന കത്ത് കാണിച്ച് പണം തട്ടിയ കേസിലാണ് മുരളീധരനടക്കം ഒമ്പത് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. ഹൈദരാബാദ് സ്വദേശികളായ മഹിപാല്‍ റെഡ്ഡി-ടി പ്രവര്‍ണ റെഡ്ഡി ദമ്പതികളുടെ പരാതിയിന്‍ മേലാണ് പൊലീസ് കേസെടുത്തത്. ഫാര്‍മസ്യൂട്ടിക്കല്‍ എക്സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ ചെയര്‍മാന്‍ പദവി വാഗ്ദാനം ചെയ്ത് ദമ്പതികളുടെ കയ്യില്‍ നിന്ന് 2.17 കോടി രൂപയാണ് മുരളീധരനും സംഘവും തട്ടിയതെന്ന് ദമ്പതികള്‍ പരാതിയില്‍ ആരോപിച്ചു.
വിശ്വാസവഞ്ചന, കള്ളയൊപ്പിടല്‍, വ്യാജരേഖ ചമയ്ക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ഹൈദരാബാദിലെ റീട്ടെയ്‌ലറായ മഹിപാല്‍ റെഡ്ഡിയുടെ ഭാര്യ പ്രവര്‍ണ റെഡ്ഡിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സരൂര്‍നഗര്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഫാര്‍മ എക്‌സിലിന്റെ ചെയര്‍മാന്‍ സ്ഥാനം വാഗ്ദാനം ചെയ്ത് റീട്ടെയ്‌ലറില്‍ നിന്നും 2.17 കോടി തട്ടിയെടുത്തെന്നാണ് റാവുവിനെതിരെയുള്ള ആരോപണം. കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്റെ വ്യാജ ഒപ്പിട്ട അപ്പോയ്‌മെന്റ് ലെറ്ററും റാവു നല്‍കിയിരുന്നതായി പരാതിക്കാരന്‍ പറയുന്നു.
മുരളീധർ റാവുവിന്റെ അടുത്ത അനുയായിയായ കൃഷ്‌ണ കിഷോറിനെ തനിക്ക് നേരിട്ടറിയാമെന്ന് അവകാശപ്പെട്ട് 2015 ലാണ് ഈശ്വർ റെഡ്ഡിയെന്ന മാധ്യമ പ്രവർത്തകൻ തങ്ങളെ സമീപിക്കുന്നതെന്ന് പരാതിക്കാർ പറയുന്നു. കേന്ദ്രസർക്കാരിന് കീഴിലുള്ള ഉന്നത പദവികളിൽ ആളെ നിയമിക്കുന്നതിൽ കൃഷ്‌ണക്ക് ഇടപെടാൻ കഴിയുമെന്ന് അവർ തങ്ങളെ വിശ്വസിപ്പിച്ചു.
കേന്ദ്രത്തിന് കീഴിലുള്ള ഉന്നത പദവി ലഭിക്കുന്നതിന് എത്ര പണം വേണമെങ്കിലും മുടക്കാൻ തങ്ങൾ തയ്യാറുമായിരുന്നു. തുടർന്ന് സംഘം തങ്ങളെ നിര്‍മ്മല സീതാരാമന്റെ കയ്യൊപ്പുള്ള രേഖ കാട്ടി വിശ്വാസം നേടിയെടുത്തു. ഫാർമസ്യൂട്ടിക്കൽ എക്സ്‌പോർട്ട് പ്രമോഷൻ കൗൺസിലിന്റെ ചെയർമാൻ തനിക്ക് നൽകാമെന്ന് വാഗ്‌ദാനം ചെയ്‌തു. ഇതിന് വേണ്ടി 2.17 കോടി സംഘത്തിന് നൽകി. എന്നാൽ ഇത്രയും നാളായിട്ടും നിയമനം നടന്നില്ലെന്നും സംഘം വഞ്ചിച്ചെന്നുമാണ് പരാതി.
അതേസമയം തനിക്ക് ഈ വിഷയവുമായി യാതൊരു ബന്ധവുമില്ലെന്നാണ് റാവു അവകാശപ്പെടുന്നത്. കേരളത്തിന്റെ ചുമതലയുള്ള നേതാവാണ് മുരളീധർ റാവു.