വയനാട്:
ആദിവാസി – ഗോത്രവര്‍ഗ കൂട്ടായ്മ വയനാട് മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. ഗോത്ര സംസ്ഥാന ചെയര്‍മാന്‍ ബിജു കാക്കത്തോടാണ് സ്ഥാനാര്‍ത്ഥി. മണ്ഡലത്തിലെ ആദിവാസി, ദലിത് വോട്ടുകള്‍ ലക്ഷ്യമിട്ടാണ് ഗോത്രവര്‍ഗ കൂട്ടായ്മയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഗോത്ര കൂട്ടായ്മ ജില്ലാ സെക്രട്ടറി കൃഷ്ണന്‍ കാര്യമ്പാടിയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്.
കേരളത്തില്‍ ഏറ്റവും താഴെക്കിടയില്‍ നില്‍ക്കുന്ന ജനവിഭാഗമാണ് ആദിവാസികളെന്നും, മാറി മാറി വരുന്ന മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളെ തിരിഞ്ഞു നോക്കാത്ത അവസ്ഥയിലാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതെന്നും കൂട്ടായ്മ നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.
മണ്ഡലത്തിലെ കോളനികള്‍ കേന്ദ്രീകരിച്ചാണ് പ്രചാരണം നടത്തുക. ഗോത്ര വര്‍ഗക്കാര്‍ക്ക് സ്വാധീനമുള്ള വയനാട്ടിലെ മൂന്നു മണ്ഡലങ്ങള്‍ക്ക് പുറമെ, മലപ്പുറത്തെ നിലമ്പൂര്‍ മണ്ഡലത്തിലും പ്രചരണം സജീവമാക്കുമെന്നും കൂട്ടായ്മ നേതാക്കള്‍ പറഞ്ഞു. മണ്ഡലത്തില്‍ രണ്ടര ലക്ഷത്തോളം വോട്ടര്‍മാരുണ്ടെന്നാണ് വിലയിരുത്തല്‍. മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഗോത്രവര്‍ഗ വിഭാഗത്തെ അവഗണിക്കുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്നും ഗോത്രവര്‍ഗ കൂട്ടായ്മ നേതാക്കള്‍ പറഞ്ഞു.