ചെന്നൈ:
കോടതിയലക്ഷ്യകേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്നു ചര്‍ച്ചകളിലിടം നേടിയ റിട്ട. ജസ്റ്റിസ് സിഎസ് കര്‍ണന്‍ തിരഞ്ഞെടുപ്പില്‍ അങ്കം കുറിക്കാനൊരുങ്ങുന്നു. അദ്ദേഹം തന്നെ രൂപീകരിച്ച ആന്റി കറപ്ഷന്‍ ഡൈനാമിക് പാര്‍ട്ടി (എ.സി.ഡി.പി) സ്ഥാനാര്‍ത്ഥിയായി ചെന്നൈ സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. 35 മണ്ഡലങ്ങളില്‍ തന്‍റെ പാര്‍ട്ടി മത്സരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും താന്‍ തന്നെയാണെന്ന് പറഞ്ഞ കര്‍ണന്‍ എ.ഐ.എ.ഡി.എം.കെയ്ക്കും ഡി.എം.കെയും ഒരു നേതാവിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്നും ചോദിച്ചു.
കോടതിയലക്ഷ്യ കേസില്‍ ശിക്ഷിക്കപ്പെടുന്ന ആദ്യ സിറ്റിങ് ജഡ്ജിയാണ് സി.എസ് കര്‍ണന്‍. 2017 ജൂണില്‍ വിരമിച്ചതിന് പിന്നാലെ അദ്ദേഹത്തിന് ആറുമാസം തടവുശിക്ഷ അനുഭവിക്കേണ്ടിവന്നു. ഇന്ത്യന്‍ നീതിന്യായസംവിധാനത്തില്‍ ന്യായാധിപനെന്ന പദവിയിലിരിക്കെ അറസ്റ്റ് നേരിടുന്ന ആദ്യത്തെയാളാണ് ജസ്റ്റിസ് കര്‍ണന്‍. മദ്രാസ്, കൊല്‍ക്കത്ത ഹൈക്കോടതികളില്‍ ന്യായാധിപനായിരുന്നിട്ടുണ്ട്. എസ്.സി.എസ്.ടി കമ്മീഷന് മുമ്പാകെ സഹജഡ്ജിമാരുടെ പീഡനത്തെക്കുറിച്ച് പരാതി നല്‍കിയ ആദ്യ ന്യായാധിപന്‍ തുടങ്ങി ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ത്തന്നെ പല റെക്കോഡുകളുണ്ട് ജസ്റ്റിസ് കര്‍ണന്റെ പേരില്‍.