Sat. Apr 27th, 2024
കോട്ടയം:

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിൽ പൃഥ്വിയും ഒരു പ്രധാന വേഷത്തിൽ അഭിനയിക്കും. സയീദ് മസൂദ് എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
ഇന്ന് പുറത്തിറങ്ങിയ സർപ്രൈസ് ക്യാരക്റ്റർ പോസ്റ്ററിലൂടെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്. നേരത്തെ ലൂസിഫറിലെ സുപ്രധാനമായ 26 കഥാപാത്രങ്ങളുടെ പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. സിനിമ പുറത്തിറങ്ങാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെയാണ് സയീദ് മസൂദ് എന്ന കഥാപാത്രമായുള്ള പൃഥ്വിരാജിന്റെ പോസ്റ്റർ ചിത്രത്തിന്റെ നിർമ്മാതാക്കൾ പുറത്തിറക്കിയിരിക്കുന്നത്.

മാർച്ച് 28 നാണ് ലൂസിഫർ റിലീസ് ചെയ്യുന്നത്. രാഷ്ട്രീയം പശ്ചാത്തലമായി വരുന്ന ചിത്രത്തിൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. പൃഥ്വിരാജ് ആദ്യമായി സംവിധായകനാകുന്ന ലൂസിഫറിന്റെ തിരക്കഥ മുരളി ഗോപിയുടേതാണ്. സുജിത് വാസുദേവാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ആശിർവാദ് സിനിമാസിനു വേണ്ടി ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം വിവേക് ഒബ്‌റോയ്, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, മഞ്ജു വാര്യർ, മമ്ത, നന്ദു, കലാഭവൻ ഷാജോൺ, ബൈജു, ബാബുരാജ്, പൗളി വിൽ‌സൺ, സംവിധായകൻ ഫാസിൽ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തും.

Leave a Reply

Your email address will not be published. Required fields are marked *