മുംബൈ:
ബോളിവുഡ് നടി ഊര്‍മിള മണ്ഡോദ്കര്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി ലോക്‌സഭയിലേക്കു മത്സരിച്ചേക്കുമെന്ന് സൂചന. മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍ നടി മത്സരിച്ചേക്കുമെന്നാണു റിപ്പോര്‍ട്ട്. അതേസമയം മുംബൈ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന സഞ്ജയ് നിരുപവും ഊര്‍മിളയുടെ കുടുംബവും റിപ്പോര്‍ട്ടുകളോടു പ്രതികരിച്ചിട്ടില്ല. നിലവിലെ എംപി ഗോപാല്‍ ഷെട്ടിയാവും മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍ ബി.ജെ.പിയുടെ സ്ഥാനാർത്ഥിയാകുക എന്നാണു സൂചന.
നിലവില്‍ ബി.ജെ.പിക്ക് കരുത്തുറ്റ വേരോട്ടമുള്ള മണ്ഡലമാണ് മുംബൈ നോര്‍ത്ത്. എന്നാല്‍ 2004-ല്‍ ബോളിവുഡ് നടന്‍ ഗോവിന്ദ ഇവിടെ വിജയക്കൊടി പാറിച്ചു. നിലവില്‍ ഉത്തര്‍പ്രദേശ് ഗവര്‍ണറായ ഗോപാല്‍ നായിക്കായിരുന്നു അന്ന് എതിരാളി. 2009-ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സഞ്ജയ് നിരുപം ഇവിടെ വിജയിച്ചു. തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ ഗോപാല്‍ ഷെട്ടിയോടു നിരുപം പരാജയപ്പെട്ടു. ഇക്കുറി മുംബൈ നോര്‍ത്ത് വെസ്റ്റ് മണ്ഡലത്തില്‍നിന്നാണ് നിരുപം ജനവിധി തേടുന്നത്.
വിജയസാധ്യതയില്ലാത്ത മണ്ഡലമായി മുംബൈ നോര്‍ത്തിനെ കോണ്‍ഗ്രസ് വിലയിരുത്തിയിരുന്നു. എന്നാൽ, ഊർമിള സ്ഥാനാർത്ഥിയാകുന്നതോടെ ശക്തമായ മത്സരത്തിന് ഇവിടം വേദിയാകുമെന്നാണ് കരുതുന്നത്. ഊർമിളയുടെ പേര് സജീവ പരിഗണനയിലാണെന്നും ഔദ്യോഗിക തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പ്രാദേശിക കോൺഗ്രസ് നേതൃത്വം പറയുന്നത്. ഗോപാൽ ഷെട്ടിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ അമിത ആത്മവിശ്വാസത്തിലാണ് ബിജെപി ക്യാംപ്. സിനിമാതാരങ്ങളെ ഇറക്കി പലകുറി മുംബൈ നോർത്ത് മണ്ഡലം കോൺഗ്രസ് പിടിച്ചെടുത്തിട്ടുണ്ട്.