Mon. Dec 23rd, 2024
പട്‌ന:

വിമത ബി.ജെ.പി നേതാവായ ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസിലേക്ക്. തന്‍റെ സിറ്റിങ് സീറ്റായ ബിഹാറിലെ പട്‌ന സാഹിബില്‍ ഇത്തവണ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെ മത്സരിപ്പിക്കാന്‍ ബി.ജെ.പി തീരുമാനിച്ചതിനെ തുടര്‍ന്നാണ് പാര്‍ട്ടി വിടാന്‍ ശത്രുഘ്‌നന്‍ സിന്‍ഹ തീരുമാനിച്ചത്. നേരത്തെ നരേന്ദ്രമോദിക്കെതിരായ കടുത്ത വിമര്‍ശനങ്ങളോടെയാണ് ശത്രുഘ്‌നന്‍ സിന്‍ഹ ബി.ജെ.പിയില്‍ തുടര്‍ന്നിരുന്നത്.

പലപ്പോഴും പരസ്യവിമര്‍ശനങ്ങള്‍ തന്നെ ഇദ്ദേഹം നടത്തിയിരുന്നു. മാത്രമല്ല ബി.ജെ.പിക്കെതിരായ പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മകളില്‍ ശത്രുഘ്‌നന്‍ സിന്‍ഹ സജീവ സാന്നിധ്യമായിരുന്നു. ഇതൊക്കെ പരിഗണിച്ചാണ് ശത്രുഘ്‌നന്‍ സിന്‍ഹയ്ക്ക് സീറ്റ് നിഷേധിച്ചത്. ഇതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസിലേക്ക് പോകാന്‍ ശത്രുഘ്‌നന്‍ സിന്‍ഹ തീരുമാനിച്ചതെന്നാണ് വിവരം. ഡല്‍ഹിയിലെ എ.ഐ.സി.സി ആസ്ഥാനത്ത് വെച്ചായിരിക്കും ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കുക.

ബോളിവുഡ് സൂപ്പര്‍താരങ്ങളില്‍ ഒരാളായിരുന്ന ശത്രുഘ്‌നന്‍ സിന്‍ഹ ബീഹാറിൽ നിന്നുള്ള രാഷ്ട്രീയപ്രവർത്തകനായ ജയ് പ്രകാശ് നാരായണനിൽ നിന്നുള്ള പ്രചോദനം ഉള്‍കൊണ്ടാണ് കൊണ്ട് രാഷ്ട്രീയത്തിലേക്ക് വരുന്നത് പിന്നീട് ഭാരതീയ ജനത പാർട്ടിയിൽ ചേരുകയായിരുന്നു. ബി.ജെ.പിയിൽ തുടരുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെയും ബി.ജെ.പി നേതൃത്വത്തിനെതിരെയും ഇദ്ദേഹം കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. സിൻഹ പാര്‍ട്ടി അംഗത്വം സ്വീകരിക്കുന്ന വിവരം ബിഹാറിലെ കോൺഗ്രസ് നേതാക്കള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ബി.ജെ.പിയിലെ എല്‍.കെ അദ്വാനി പക്ഷക്കാരനായ ശത്രുഘ്‌നന്‍ സിന്‍ഹ നരേന്ദ്രമോദിയുടെ കടുത്ത വിമര്‍ശകനാണ്. അദ്വാനിയെ മാറ്റി ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിനെതിരെയും നേരത്തെ സിന്‍ഹ പരസ്യമായി രംഗത്തു വന്നിരുന്നു. സിന്‍ഹയുടെ മോദി വിമര്‍ശനം നേരത്തെ ബി.ജെ.പി നേതൃത്വത്തെ വല്ലാതെ ചൊടിപ്പിച്ചിരുന്നു.

ബീഹാറില്‍ ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് ശത്രുഘ്‌നന്‍ സിന്‍ഹ. അതിനാല്‍ പട്‌ന സാഹിബില്‍ ശത്രുഘ്‌നന്‍ സിന്‍ഹയെ മത്സരിപ്പിക്കണമെന്ന നിലപാടാണ് ആര്‍.ജെ.ഡിക്കും ഉള്ളത്. മഹാസഖ്യത്തില്‍ വിജയിച്ച് മുഖ്യമന്ത്രിയായ നിധീഷ്‌കുമാര്‍ വഞ്ചിച്ച് ബി.ജെ.പി പാളയത്തിലേക്കുപോയതിനുള്ള മധുരപ്രതികാരം കൂടിയാണ് ശത്രുഘ്‌നന്‍സിന്‍ഹയെ ബി.ജെ.പി പാളയത്തില്‍ നിന്നും മഹാസഖ്യത്തിലെത്തിക്കുന്നതിലൂടെ കോണ്‍ഗ്രസ് നിറവേറ്റുന്നത്.

Leave a Reply

Your email address will not be published. Required fields are marked *