തൃശൂർ:
ആലത്തൂര്‍ നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ സവർണ്ണതയിൽ പൊതിഞ്ഞ പരിഹാസവുമായി തൃശൂർ കേരളവർമ്മ കോളേജിലെ അദ്ധ്യാപിക ദീപ നിഷാന്ത്. ഇത്തവണ സംവരണമണ്ഡലമായ ആലത്തൂരിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി നിർത്തിയിരിക്കുന്നത് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റും കലാ രംഗത്തു കൂടി കഴിവ് തെളിയിച്ചിട്ടുമുള്ള രമ്യ ഹരിദാസിനെയാണ്. വളരെ ദരിദ്ര ചുറ്റുപാടുകളിൽ നിന്നും സ്വപ്രയത്നത്താൽ ഉയർന്നു വന്ന രമ്യ ഹരിദാസ് ഒരിക്കലും ഒരു കെട്ടിയിറക്കു സ്ഥാനാർത്ഥിയല്ല. യൂത്ത് കോൺഗ്രസ്സിന്റെ സജീവ പ്രവർത്തകയായ അവർ പാർട്ടിയുടെ അഖിലേന്ത്യാ കോർഡിനേറ്റർ, കോഴിക്കോട് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. അങ്ങനെ ഉയർന്നു വന്ന രമ്യയുടെ യോഗ്യതയെ തന്നെ ഇകഴ്ത്തുന്ന ഒരു പോസ്റ്റായിരുന്നു ദീപ നിശാന്ത് ഫേസ്‌ബുക്കിൽ കുറിച്ചത്.
“ഒന്നോർക്കണം പൗരസംരക്ഷണത്തിനും നിയമനിർമ്മാണത്തിനും സദാ ജാഗരൂകരകേണ്ട വ്യക്തികളെ തിരഞ്ഞെടുക്കുന്ന ജനാധിപത്യപ്രക്രിയയാണിത്.സ്ഥാനാർത്ഥി എത്ര മനോഹരമായി പാടുന്നു, ഡാൻസ് കളിക്കുന്നു, ഏത് മതവിശ്വാസിയാണ് എന്നതൊന്നുമല്ല അവിടെ വിഷയമകേണ്ടത് .ഐഡിയ സ്റ്റാർ സിങ്ങർ തിരഞ്ഞെടുപ്പോ അമ്പലക്കമ്മിറ്റി തിരഞ്ഞെടുപ്പോ അല്ല നടക്കുന്നത് എന്ന സാമാന്യബോധം വോട്ടഭ്യർത്ഥന നടത്തുന്നവർ പുലർത്തണമെന്ന അപേക്ഷയുണ്ട്.ഒരു ജനാധിപത്യമതേതര രാഷ്ട്രത്തിൽ ഇത്തരം കാര്യങ്ങൾ പറഞ്ഞല്ല വോട്ട് ചോദിക്കേണ്ടത്.’ഒന്നു രണ്ടു ചിരട്ട കുടിപ്പോളം അച്ഛനുണ്ടോ വരുന്നെന്ന് നോക്കണം!രണ്ടു നാലു ചിരട്ട കുടിച്ചെന്നാൽ ,അച്ഛനാരെടാ ഞാനെടാ, മോനെടാ ‘ എന്ന ചാരായ യുക്തിയാണ് മറുപടിയെങ്കിൽ സുലാൻ.” എന്ന് പുച്ഛം കലർന്ന സവർണ്ണത തേട്ടി തേട്ടി വരുന്ന രീതിയിലായിരുന്നു ദീപയുടെ പോസ്റ്റ്.
ആലത്തൂരിൽ രമ്യ ജയിച്ചാൽ അത് ആദ്യമായി ഒരു ദളിത് വനിതയെ കേരളത്തിൽ നിന്നും ലോക് സഭയിലെത്തിക്കുന്ന ചരിത്ര മുഹൂർത്തം ആയിരിക്കുമെന്ന് യൂത്ത് കോൺഗ്രസ്സ് ഒരു പ്രചാരണ പോസ്റ്റർ ഇട്ടിരുന്നു. ദളിത് ആയിരുന്ന ഭാർഗവി തങ്കപ്പൻ അടൂർ മണ്ഡലത്തിൽ നിന്നും ജയിച്ച് 1971 ഇൽ തന്നെ കേരളത്തിൽ നിന്നും പാർലിമെന്റിൽ എത്തിയിരുന്നതുകൊണ്ട് വസ്തുതാപരമായി തെറ്റായിരുന്നു യൂത്ത് കോൺഗ്രസ്സ് പോസ്റ്റർ. അതിനെ ചൂണ്ടിക്കാണിച്ചാണ് ദീപ നിശാന്ത് പോസ്റ്റ് ഇട്ടതെങ്കിലും ആവേശം മൂത്തു അവരുടെ ഉള്ളിലുള്ള സവർണ്ണ പുച്ഛം പുറത്തു ചാടുകയായിരുന്നു. ഐഡിയ സ്റ്റാർ സിംഗർ തിരഞ്ഞെടുപ്പല്ല നടക്കുന്നതെന്ന് ദീപ ഓർമിപ്പിക്കുമ്പോൾ തൃശൂർ ജില്ലയിൽ തന്നെയുള്ള ചാലക്കുടിയിൽ സിനിമ നടനായ ഇന്നസെന്റിനെ രണ്ടാമതും സി. പി. എം മത്സരിപ്പിക്കുന്നത് അവർക്കു വിഷയമാകുന്നില്ല. അതായതു ഒരു ദളിത് വനിത മത്സരിക്കുമ്പോൾ മാത്രമാണ് അവർക്ക് അതൊരു അമ്പലകമ്മിറ്റി തിരഞ്ഞെടുപ്പല്ല നടക്കുന്നതെന്ന ഉത്കണ്ഠ ഉണ്ടാകുന്നുള്ളൂ.
ഇത് ആദ്യമായല്ല ദീപ നിശാന്ത് വിവാദങ്ങളിൽ ചാടുന്നത്. ദളിത് കവിയായ കലേഷിന്റെ കവിത ശ്രീചിത്രൻ മോഷ്ടിച്ച് ദീപ നിശാന്തിനു കൈമാറിയത് സ്വന്തം പേരിൽ പ്രസിദ്ധീകരിച്ചു അവർ നാണം കെട്ടിരുന്നു. തുടക്കത്തിൽ കവിത മോഷണം അവർ സമ്മതിച്ചില്ലെങ്കിലും സാമൂഹ്യ മാധ്യമങ്ങളിൽ ഉയർന്ന ശക്തമായ വിമർശനങ്ങൾക്കൊടുവിൽ അവർ മാപ്പു പറഞ്ഞു തടിയൂരുകയായിരുന്നു. അതിനു ശേഷം ഫേസ്‌ബുക്കിലെ അവരുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞിരുന്നു. തുടർന്ന് നിശ്ശബ്ദയായ ദീപയും ശ്രീചിത്തിരനും ഒരിടവേളക്ക് ശേഷം സൈബർ സഖാക്കളെ വെല്ലുന്ന പോസ്റ്റുകളിട്ടു സാമൂഹ്യ മാധ്യമങ്ങളിലൂടെ കളം നിറയുകയാണ്.
സി. പി. എമ്മിനെ നിർലോഭമായി പിന്തുണച്ച് സോഷ്യൽ മീഡിയയിലെ പ്രബല ശക്തിയായ സി. പി. എം സൈബർ വിങ്ങിന്റെ പ്രീതി പിടിച്ചു പറ്റി നഷ്ടപെട്ട സൽപ്പേര് തിരിച്ചു പിടിക്കാനുള്ള ശ്രമമാണിതെന്നു ഒറ്റ നോട്ടത്തിൽ മനസ്സിലാകും. മുൻപ് വിവാദങ്ങളിൽ അകപ്പെട്ട രശ്മി ആർ നായരും ഇതേ രീതിയിൽ സി. പി. എം സൈബർ ആക്ടിവിസ്റ്റായി ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ്.
പക്ഷെ സി. പി. എമ്മിനെ പിന്തുണക്കണമെങ്കിൽ രാഷ്ട്രീയത്തിൽ ഉയർന്നു വരുന്ന ഒരു ദളിത് വനിതയെ പരിഹസിച്ചിട്ടു വേണമോ എന്നാണ് സോഷ്യൽ മീഡിയ ഉയർത്തുന്ന ചോദ്യം. സ്ഥാനാർത്ഥി പാട്ടു പാടുന്നതിൽ എന്താണ് തെറ്റെന്നും പാട്ട് കേട്ടിരുന്നവർക്കില്ലാത്ത അസ്വസ്ഥതയാണ് കേരളാ വർമയിലെ സാഹിത്യ സിംഹത്തിനുള്ളതെന്നുമാണ് സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങളിൽ നിറയുന്നത്.
“ദീപ നിഷാന്ത് പങ്കെടുക്കുന്നത് കൂടിപ്പോയാൽ ആർത്തവ സെമിനാറിലും, ഡിവൈഎഫ്‌ഐ സെമിനാറിലും ആകുമ്പോൾ രമ്യ പങ്കെടുത്തത് ഈ രാജ്യത്തെ ഏറ്റവും വലിയ ദേശീയ പാർട്ടിയുടെ ഉന്നതമായ വേദികളിൽ ആയിരുന്നു” എന്നിങ്ങനെ പോകുന്നു കോൺഗ്രസ്സിന്റെ സൈബർ വിഭാഗങ്ങളുടെ പ്രതികരണങ്ങൾ. “രമ്യയെ പറ്റി ടീച്ചർ പരിതപിക്കേണ്ടെന്നും, ആ കുട്ടി ജയിച്ചു വന്നോളുമെന്നും ശബരീനാഥ് എം. എൽ. എ പ്രതികരിച്ചു.
എന്നാൽ തികച്ചും പക്വമായ രീതിയിൽ ആയിരുന്നു രമ്യ ഹരിദാസ് ഈ സംഭവങ്ങളോട് പ്രതികരിച്ചത്. “ഞാന്‍ വലിയൊരു ആശയപരമായ യുദ്ധത്തിനാണ് തയ്യാറെടുത്തിരിക്കുന്നത്. ആശയപരമായ യുദ്ധത്തിന് തയ്യാറെടുക്കുമ്പോള്‍ എന്റെ കയ്യിലുള്ള ഒരു ആയുധമാണ് പാട്ട്. പ്രസംഗം ഒരു ആയുധമാണ്. എന്റെ സ്വഭാവം ഒരു ആയുധമാണ്. എന്റെ സമീപനം ഒരു ആയുധമാണ്. ആ ആയുധങ്ങള്‍ എന്ന് പറയുന്നത് വലിയ പോരാട്ടത്തിന് നേതൃത്വം നല്‍കുമ്പോള്‍ പല തരത്തിലാണ് ആളുകള്‍ സ്വീകരിക്കുക. ഞാന്‍ ഒരു ദളിത് കുടുംബത്തിൽ ജനിച്ച ഒരു ആളാണ്. വലിയ പണം ചെലവഴിച്ചല്ല ഞാന്‍ പാട്ട് പഠിച്ചത്. എന്നിലുണ്ടായിരുന്ന ഒരു കഴിവിനെ ഒരു പാട് കഷ്ടപ്പെട്ടാണ്, അധ്വാനിച്ചാണ് ഇപ്പോള്‍ പാടുന്ന തരത്തിലേക്ക് മാറ്റിയത്. അരി വാങ്ങാന്‍ പോലും കാശില്ലാത്ത കാലത്ത് എന്നെ പാട്ട് പഠിപ്പിച്ച മാഷിന് എന്റെ അമ്മക്ക് ഒരു രൂപ പോലും കൊടുക്കാന്‍ സാധിച്ചിട്ടില്ല. ” എന്നിങ്ങനെ ആയിരുന്നു രമ്യയുടെ പ്രതികരണം.
അതിനിടയിൽ രമ്യയെ ജാതീയമായും വ്യക്തിപരമായും അധിക്ഷേപിച്ചെന്ന് ആരോപിച്ച് അനിൽ അക്കര എംഎൽഎ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. എതിർ സ്ഥാനാർത്ഥിക്ക് കൂടുതൽ വോട്ട് ലഭ്യമാകുന്നതിനു വേണ്ടി രമ്യ ഹരിദാസിനെ വ്യക്തിപരമായും ജാതീയമായും അധിക്ഷേപിച്ച ദീപാ നിശാന്തിനെതിരെ ജനപ്രാതിനിധ്യ നിയമമനുസരിച്ച് നടപടി സ്വീകരിക്കണമെന്നാണ് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ആയ ടീക്കാറാം മീണയ്ക്ക് നൽകിയ പരാതിയിൽ അനിൽ അക്കര ആവശ്യപ്പെടുന്നത്.