കോഴിക്കോട്:
തിരഞ്ഞെടുപ്പ് വിശകലനം നടത്തുന്നവർക്ക് എന്നും ഒരു പ്രഹേളികയാണ് കോഴിക്കോട് ലോക്സഭാ മണ്ഡലം. അവിടെ നടക്കുന്ന പഞ്ചായത്ത് /കോർപറേഷൻ / നിയമസഭാ എന്ന് വേണ്ട സഹകരണ ബാങ്ക് ഭരണസമിതികൾ ഉൾപ്പടെ ഏതു തിരഞ്ഞെടുപ്പുകളിലും എല്ലാകാലത്തും വ്യക്തമായ മേൽക്കൈ ഇടതുമുന്നണിക്കാണ്. പക്ഷെ ലോക്സഭാ തിരഞ്ഞെടുപ്പ് വരുമ്പോൾ ചിത്രം ആകെ മാറി മറിഞ്ഞു യു. ഡി. എഫ് സ്ഥാനാർത്ഥികൾ ജയിച്ചു കയറുന്നു. ഇടതുമുന്നണിക്ക് ഏറ്റവും ശക്തമായ സംഘടനാ സംവിധാനമുള്ള ഈ മണ്ഡലത്തിൽ നിന്നും ആകെ നാലു തവണ മാത്രമേ ഇടതു വിജയികൾ ഡൽഹിയിലേക്ക് വണ്ടി കയറിയിട്ടുള്ളു. അതിൽ തന്നെ രണ്ടു തവണ ഇരു മുന്നണികളിലും തിരിഞ്ഞും മറിഞ്ഞും നിൽക്കുന്ന വീരേന്ദ്ര കുമാർ ആയിരുന്നു വിജയിച്ചത്. ബി. ജെ. പിക്കു ഇവിടെ എത്ര വോട്ടുകൾ പെട്ടിയിൽ ആക്കാം എന്നതിനപ്പുറമുള്ള ആകാംക്ഷയോ പ്രതീക്ഷകളോ ഇല്ലാത്തതിനാൽ ഒരു ത്രികോണ മത്സരത്തിന് ഒരു സാധ്യതയും ഇല്ലാത്ത മണ്ഡലമാണ് കോഴിക്കോട്.
നിയമസഭാ മണ്ഡലങ്ങൾ :
ബാലുശേരി, ഏലത്തൂര്‍, കോഴിക്കോട് സൗത്ത്, കോഴിക്കോട് നോര്‍ത്ത്, ബേപ്പൂര്‍, കുന്ദമംഗലം, കൊടുവള്ളി എന്നീ ഏഴു നിയമസഭാ മണ്ഡലങ്ങൾ ചേർന്നതാണ് കോഴിക്കോട് ലോക്സഭാ മണ്ഡലം.ആകെ ഏഴു നിയമസഭാ മണ്ഡലങ്ങളിൽ കോഴിക്കോട് സൗത്ത് ഒഴിച്ച് ബാക്കി ആറു മണ്ഡലങ്ങളും കൈവശം വെച്ചിരിക്കുന്നത് എൽ ഡി എഫാണ്. കോഴിക്കോട് സൗത്തിൽ മുൻ മന്ത്രി മുസ്‌ലിം ലീഗിലെ എം.കെ മുനീറിന്റെ മണ്ഡലത്തിലെ വിജയം കേവലം 6327 വോട്ടുകള്‍ക്കാണ്. ബാലുശേരി മണ്ഡലത്തിൽ എല്‍.ഡി.എഫിലെ പുരുഷന്‍ കടലുണ്ടി മുസ്‌ലിം ലീഗിലെ യു.സി രാമനെ തോല്‍പ്പിച്ചത്15464 വോട്ടുകള്‍ക്കായിരുന്നു. തൊട്ടടുത്തുള്ള എലത്തൂരില്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ ജെ.ഡി.യുവിലെ കിഷന്‍ ചന്ദിനെ 29057 വോട്ടുകള്‍ക്ക് തോൽപ്പിച്ചു. കോഴിക്കോട് ജില്ലയിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് ശശീന്ദ്രന്‍ കഴിഞ്ഞ തവണ നേടിയത്. ബേപ്പൂരില്‍ വ്യവസായ പ്രമുഖന്‍ കൂടിയായ വി.കെ.സി മമ്മദ് കോയ നേടിയത് 14363 വോട്ടുകളുടെ മിന്നുന്ന ജയം. കുന്ദമംഗലത്ത് പഴയ മുസ്ലിം ലീഗ് വിമതനും നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് നേതാവുമായ പി.ടി.എ റഹീമിന്റെ ജയമാവട്ടെ 11205 വോട്ടുകള്‍ക്ക്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളില്‍ ഏറ്റവും കുറവ് ഭൂരിപക്ഷമുള്ളത് ഇടതു സ്വതന്ത്രനായി കൊടുവള്ളിയില്‍ മല്‍സരിച്ച മുസ്ലിം ലീഗ് നേതാവായിരുന്ന കാരാട്ട് റസാഖിനാണ്. 573 വോട്ടുകള്‍. കോഴിക്കോട് നോര്‍ത്തില്‍ നിന്ന് സി. പി. എമ്മിന്റെ എ. പ്രദീപ് കുമാര്‍ മൂന്നാം തവണ നിയമസഭയില്‍ സീറ്റുറപ്പിച്ചത് 27873വോട്ടുകളുടെ ബലത്തിലാണ്. പ്രദീപ് കുമാറിനെ തന്നെയാണ് മണ്ഡലം തിരിച്ചു പിടിക്കാൻ സി. പി. എം ഇത്തവണ രംഗത്തിറക്കിയിട്ടുള്ളത്.
ലോക്സഭാ തിരഞ്ഞെടുപ്പ് ചരിത്രം :
ആദ്യ ലോകസഭാ തെരഞ്ഞെടുപ്പു നടന്ന 1951ല്‍ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു കോഴിക്കോട് ലോകസഭാ മണ്ഡലം . കോണ്‍ഗ്രസ്സിനുവേണ്ടി കെ. പി കൃഷ്ണന്‍കുട്ടി നായരും കിസാന്‍ മസ്ദൂര്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി അച്യുതന്‍ ദാമോദരന്‍ മേനോനും മത്സരിച്ചു. 27,454 വോട്ടിന്റെ ഭൂരിപക്ഷത്തിനു കിസാന്‍ മസ്ദൂര്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി വിജയിച്ചു. രണ്ടാം ലോകസഭയിലേക്ക് തെരഞ്ഞെടുപ്പു നടന്ന 1957ല്‍ കോണ്‍ഗ്രസ്സിനുവേണ്ടി മത്സരിച്ച കുട്ടിക്കൃഷ്ണന്‍ നായര്‍ 13,942 വോട്ടിന്റെ ഭൂരിപക്ഷത്തിനു സ്വതന്ത്രനായി മത്സരിച്ച സീതി സാഹിബിനെ തോല്‍പ്പിച്ചു. 1962 ല്‍ മുസ്ലീം ലീഗിന് വേണ്ടി സി എച്ച് മുഹമ്മദ് കോയ 763 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിനു സി. പി. ഐ സ്ഥാനാര്‍ഥി മഞ്ചുനാഥ റാവുവിനെ തോല്‍പ്പിച്ചു. 1967 ലും 1971 ലും മുസ്ലീം ലീഗിലെ ഇബ്രാഹീം സുലൈമാന്‍ സേട്ട് വിജയിച്ചു. 1977ല്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയായി മത്സരിച്ച സെയിദ് മുഹമ്മദ് വി. എ കോണ്‍ഗ്രസ് വിട്ടു ഭാരതീയ ലോക്ദളില്‍ (ബി എല്‍ ഡി ) ചേര്‍ന്ന എം. കമലത്തെ 13,704 വോട്ടിന്റെ ഭൂരിപക്ഷത്തിനു തോല്‍പ്പിച്ചു.
മൂന്നു കൊല്ലം കഴിഞ്ഞ്, 1980ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോഴിക്കോട് ലോകസഭാ മണ്ഡലത്തില്‍ അട്ടിമറി സംഭവിച്ചു. സി. പി. ഐ. (എം) സ്ഥാനാര്‍ഥിയായി മത്സരിച്ച ഇ. കെ. ഇമ്പിച്ചിബാവ 40,695 വോട്ടിനു ജെ. എന്‍. പി സ്ഥാനാര്‍ഥിയായ അരങ്ങില്‍ ശ്രീധരനെ തോല്‍പ്പിച്ചു. അങ്ങിനെ ആദ്യമായി കമ്യുണിസ്റ്റ് പാര്‍ട്ടി കോഴിക്കോട് മണ്ഡലത്തില്‍ നിന്നും ലോകസഭയിലെത്തി.അതിനു ശേഷം മണ്ഡലത്തില്‍ ചെങ്കൊടി പാറിയിട്ടില്ല. 89ല്‍ കെ.മുരളീധനോട് ഇമ്പിച്ചിബാവ തോറ്റതോടെ സി. പി. എം സീറ്റ് ജനതാദളിന് നല്‍കി. 2009ല്‍ വിരേന്ദ്രകുമാറും കൂട്ടരും എല്‍. ഡി. എഫ് വിടുന്നത് വരെ മണ്ഡലത്തിലെ എം.പിയും വീരേന്ദ്രകുമാറായിരുന്നു. 2009ല്‍ അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ മുഹമ്മദ് റിയാസ് മല്‍സരിച്ചെങ്കിലും എം.കെ രാഘവന് മുന്നില്‍ തോറ്റു. എ.വിജയരാഘവനെന്ന അതിശക്തനെ 2014 ല്‍ മലര്‍ത്തിയടിച്ചതോടെ എം.കെ രാഘവന്റെ വ്യക്തിപ്രഭാവത്തെയും ലാളിത്യത്തെയും കോഴിക്കോട്ടുകാർ അംഗീകരിക്കുന്നുവെന്നുള്ള തെളിവായി.
രണ്ടും കൽപ്പിച്ച് ഇടതു മുന്നണി :
എന്ത് വിലകൊടുത്തും ഇത്തവണ മണ്ഡലം തിരിച്ചു പിടിക്കാൻ ഒരുങ്ങിത്തന്നെയാണ് മൂന്നു തവണ കോഴിക്കോട് നിന്നും നിയമസഭയിലെത്തിയ എ. പ്രദീപ് കുമാറിനെ സി. പി. എം ചുമതലപ്പെടുത്തിയിട്ടുള്ളത്. വിദ്യാര്‍ത്ഥി – യുവജന നേതാവായി പൊതുപ്രവര്‍ത്തനം തുടങ്ങിയ എ പ്രദീപ് കുമാര്‍ നിലവില്‍ കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമാണ്. വികസന രംഗത്ത് പുത്തന്‍ മാതൃകകള്‍ കേരളത്തിന് പരിചയപ്പെടുത്തിയ പ്രദീപ് കുമാർ വലിയ ആത്മവിശ്വാസവുമായാണ് മത്സരത്തിനിറങ്ങുന്നത്. അദ്ദേഹത്തിന്റെ സൗമ്യതയും ജനകീയതയും ഗുണം ചെയ്യുമെന്നും ഇടതുമുന്നണി കരുതുന്നു. എസ്. എഫ്. ഐ മുന്‍ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, അഖിലേന്ത്യാ വൈസ് പ്രസിഡന്റ്. ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോ. സെക്രട്ടറി, കോഴിക്കോട് ജില്ലാ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിടുണ്ട്. കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ മുന്‍ ചെയര്‍മാനായിരുന്നു. 1996 ല്‍ കോഴിക്കോട് ഒന്നില്‍ നിന്ന് നിയമസഭയിലെത്തിയ പ്രദീപ് കുമാര്‍ തുടര്‍ന്ന് 2011 ലും 2016 ലും നോര്‍ത്തില്‍ നിന്നാണ് നിയമസഭയിലെത്തിയത്. 2009 ല്‍ സീറ്റ് നിഷേധത്തെ തുടര്‍ന്ന് പിണങ്ങിപ്പോയ വിരേന്ദ്രകുമാറും കൂട്ടരും ലോകതന്ത്രിക് പാര്‍ട്ടിയുണ്ടാക്കി വീണ്ടും ഇടതു ചേരിയിലെത്തിയിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റ് മാഫിയകൾ ഏറ്റെടുക്കാൻ ശ്രമിച്ച മലാപ്പറമ്പ് സ്കൂൾ സർക്കാരിനെക്കൊണ്ട് ഏറ്റെടുപ്പിക്കുന്നതിൽ വിജയിച്ച പ്രദീപ്‌കുമാർ കയ്യടി നേടിയിരുന്നു. മലയാളികളുടെ പ്രിയ നോവലിസ്റ്റ് എം. ടി വാസുദേവൻനായരും പ്രദീപ് കുമാറിന് ആശംസകൾ നേർന്നിരുന്നു. ഏഴു നിയമസഭ മണ്ഡലങ്ങളുടെ കണക്കു വെച്ച് നോക്കിയാൽ ഇടതു മുന്നണിക്ക് യു ഡി എഫിനേക്കാൾ ഒരു ലക്ഷത്തോളം വോട്ടിന്റെ മുൻ തൂക്കമുണ്ടെന്നുള്ളത് കുറച്ചൊന്നുമല്ല ഇടതു ക്യാമ്പിനെ ആവേശം കൊള്ളിക്കുന്നത്.
പ്രതീക്ഷയില്ലാതെ ബി ജെ പി :
ശബരിമല പ്രക്ഷോഭങ്ങളിൽ പങ്കെടുത്തു എട്ടോളം കേസിൽ പ്രതിയായ കെ. പി പ്രകാശ് ബാബുവിനെയാണ് ബി. ജെ. പി സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരിക്കുന്നത്. ബി. ജെ. പി യുടെ മുൻ നിര നേതാക്കൾ ആരും തന്നെ മത്സരിക്കാൻ സന്നദ്ധമല്ലെന്ന സാഹചര്യത്തിലാണ് പ്രകാശ് ബാബുവിന് നറുക്കു വീണത്. ഉയര്‍ന്ന ജാതിക്കാരുടെ ഒരു വോട്ട് ബാങ്ക് തന്നെ കോഴിക്കോട് ഉണ്ട്. ശബരിമല വിഷയത്തില്‍ ബി.ജെ.പി നിലപാടിനൊപ്പമാണ് ഇവരെല്ലാം. 2014 ഇൽ ബി. ജെ. പി ടിക്കറ്റിൽ മത്സരിച്ച സി. കെ പത്മനാഭൻ 115760 വോട്ടുകളാണ് നേടിയിരുന്നത്. എന്നാൽ 2016 നിയമസഭയിൽ കോഴിക്കോടെ മൊത്തം ഏഴു മണ്ഡലങ്ങളിലും കൂടി ബി. ജെ. പി 169597 വോട്ടു പിടിച്ചിരുന്നു. അതായതു ബി. ജെ. പി നില മെച്ചപ്പെടുത്തിക്കൊണ്ടിയിരിക്കുകയാണ്.
ചരിത്രം ആവർത്തിക്കുമെന്ന് യു ഡി എഫ് :
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ തന്നെ യു.ഡി.എഫിന്റെ ഭാഗത്ത് നിന്നും കോഴിക്കോട് സ്ഥാനാര്‍ഥിയായി ഒരാളുടെ പേര് മാത്രമേ ഉയർന്നു വന്നുള്ളൂ. അത് നിലവിലെ എം.പി , എം.കെ രാഘവന്റേതായിരുന്നു. 2009 ല്‍ പയ്യന്നൂരില്‍ നിന്നെത്തിയ എം.കെ രാഘവന് ഇന്ന് മണ്ഡലത്തിലുള്ള വ്യക്തി പ്രഭാവം തന്നെയാണ് മുതല്‍കൂട്ട്. ഒപ്പം എം.പിയെന്ന നിലയില്‍ കഴിഞ്ഞ പത്തുവര്‍ഷത്തെ പ്രവർത്തനങ്ങളും. അറിയപ്പെടുന്ന ഒരു സഹകാരി കൂടിയാണ് എം. കെ രാഘവൻ. കേരളത്തിൽ സഹകരണ മേഖലയിൽ ആരംഭിച്ച ആദ്യത്തെ എയ്‌ഡഡ് ആർട്സ് & സയൻസ് കോളേജിന്റെ (മാടായി ആർട്സ് & സയൻസ് കോളേജ്) മുഖ്യ ശില്പി രാഘവനായിരുന്നു. മണ്ഡലത്തിലെ മുക്കിലും മൂലയിലും ഓടിയെത്തി ഒരു പഞ്ചായത്ത് മെമ്പറെ പോലെ ഇടപെടുന്ന ജനകീയ പ്രതിച്ഛായ ഇതിനകം തന്നെ രാഘവൻ സൃഷ്ടിച്ചെടുത്തിട്ടുണ്ട്. വ്യക്തി പ്രഭാവങ്ങൾക്കു എന്നും കോഴിക്കോട്ടെ വോട്ടർമാർ മുൻതൂക്കം കൊടുക്കാറുണ്ട്. അതുതന്നെയായിരിക്കും യു. ഡി. എഫിന്റെ മുഖ്യ തുറുപ്പു ചീട്ട്. ഇളക്കമില്ലാതെ ഇടതുചേരിയില്‍ നില്‍ക്കുന്ന എലത്തൂര്‍ നിയമസഭാ മണ്ഡലത്തില്‍ കഴിഞ്ഞതവണ എം.കെ.രാഘവൻ 900 വോട്ടിനടുത്ത് ലീഡ് നേടിയിരുന്നു . തൊട്ടടുത്ത വടകരയിൽ പി. ജയരാജനെതിരെ കെ. മുരളീധരൻ മത്സരിക്കാൻ എത്തിയതും കോൺഗ്രസ്സിലെ അണികൾക്കിടയിൽ ആവേശം നിറച്ചിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രകടനം മോശമാണെങ്കിലും ന്യൂനപക്ഷ കേന്ദ്രീകൃത മണ്ഡലം എന്ന് വിലയിരുത്തുന്ന കോഴിക്കോട്ടെ ജനങ്ങൾ കേന്ദ്രത്തിൽ ബി. ജെ. പിയെ ഭരണത്തിൽ നിന്നും അകറ്റി നിർത്താൻ ഇത്തവണയും ലോക്സഭയിലേക്ക് കോൺഗ്രസ്സിനെ ജയിപ്പിക്കും എന്നാണ് യു. ഡി. എഫ് ക്യാമ്പുകൾ പ്രതീക്ഷിക്കുന്നത്.