വയനാട്:
കുരങ്ങുപനി (ക്യാസനോര്‍ ഫോറസ്റ്റ് ഡിസീസ്) പിടിപെട്ട് വയനാട്ടില്‍ ഒരു മരണം കൂടെ റിപ്പോര്‍ട്ട് ചെയ്തു. കാട്ടിക്കുളം ബേഗൂര്‍ കോളനിയിലെ സുന്ദരന്‍ (27) ആണ് കുരങ്ങുപനി ബാധിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. കര്‍ണ്ണാടകയിലെ ശിവമോഗയില്‍ കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ത്തന്നെ വയനാട്ടില്‍ എല്ലാ സുരക്ഷാമാര്‍ഗങ്ങളും പ്രതിരോധപ്രവര്‍ത്തനങ്ങളും ആരോഗ്യവകുപ്പ് സ്വീകരിച്ചിരുന്നു.
ഇതിനിടെ കുരങ്ങുപനി ബാധിച്ചുള്ള മരണം ആരോഗ്യവകുപ്പിനെ കൂടുതല്‍ ആശങ്കയിലാക്കി.
ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ് ജനങ്ങള്‍ അവഗണിക്കുന്നതാണ് കൂടുതല്‍ പേര്‍ക്ക് രോഗം പിടിപെടാന്‍ കാരണമായതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ ആരോപിച്ചു. കുരങ്ങ് ചത്തത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ആരോഗ്യവകുപ്പ് അധികൃതരെ അറിയിക്കണമെന്നും പനിവന്നാല്‍ നിസ്സാരവത്കരിക്കരുതെന്നും ഉടന്‍ ഡോക്ടറുടെ ചികിത്സ തേടണമെന്നുമാണ് പ്രധാനനിര്‍ദേശം.
കുരങ്ങ് ചത്തതായി കണ്ടെത്തിയാല്‍ ഉടന്‍ ആരോഗ്യവകുപ്പ് അധികൃതരെയോ വനംവകുപ്പ് അധികൃതരെയോ വിവരമറിയിക്കണം. എന്നാല്‍, മാത്രമേ കുരങ്ങു ചത്ത പ്രദേശത്തെ ചെള്ളുകളെ നശിപ്പിക്കാന്‍ കഴിയുകയുള്ളൂ. രാത്രി കുരങ്ങുകള്‍ ചത്താലും രാവിലെ കന്നുകാലികളെ മേയ്ക്കാനും മറ്റും പോകുന്നവര്‍ക്ക് ചെള്ളു കടിയേല്‍ക്കാന്‍ സാധ്യതയുണ്ട്. ഡിസംബര്‍ മുതല്‍ ഇതുവരെ 54 കുരങ്ങുകളെയാണ് വിവിധ ഭാഗങ്ങളില്‍ ചത്തനിലയില്‍ കണ്ടെത്തിയത്.
വനത്തിനുള്ളില്‍ വിറക് ശേഖരിക്കാനും മറ്റുമായി പോകുമ്പോള്‍ കട്ടിയുള്ള, ഇളംനിറമുള്ള, ദേഹം മുഴുവന്‍ മൂടുന്നതരത്തിലുള്ള വസ്ത്രം ധരിക്കണം. കാലുകളിലൂടെ ചെള്ള് കയറാത്ത വിധത്തില്‍ ഗണ്‍ബൂട്ട് ധരിക്കുക. ചെള്ള് കടിയേല്‍ക്കാതിരിക്കാന്‍ ലേപനങ്ങള്‍ പുരട്ടുക തുടങ്ങിയവ നിര്‍ബന്ധമാക്കണമെന്നും നിര്‍ദേശമുണ്ട്.