ഹൈദരാബാദ്:
ലോക് സഭ തിരഞ്ഞെടുപ്പിൽ തെലങ്കാനയിൽ മത്സരിക്കാതെ ആന്ധ്രയിൽ മാത്രം മത്സരിക്കാൻ തെലുങ്കുദേശം പാർട്ടി തീരുമാനിച്ചു. തെലങ്കാനയില്‍ മല്‍സരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറുന്നതായും പാര്‍ട്ടി വ്യക്തമാക്കി. അടുത്തമാസം 11നാണ് ആന്ധ്രയില്‍ വോട്ടെടുപ്പ്. നേരത്തേ നിയമസഭാ തിരഞ്ഞെടുപ്പില്‍ ടിഡിപി കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയിരുന്നു.
ടി.ഡി.പി മത്സരിക്കുന്നതിലൂടെ ഭരണകക്ഷിയായ ടി.ആർ.എസിനും ബി.ജെ.പിക്കുമെതിരായ വോട്ടുകൾ ഭിന്നിച്ചു പോകുമെന്ന സ്ഥിതി ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലാണ് തീരുമാനത്തിനു പിന്നിലെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിശദീകരണം. ടി.ആർ.എസ്, ബി.ജെ.പി വിരുദ്ധ പാർട്ടികൾ സംസ്ഥാനത്ത് കോൺഗ്രസ് സ്ഥാനാർഥികളെ പിന്തുണയ്ക്കണമെന്ന അഭ്യർഥനമാനിച്ച് കോൺഗ്രസ് സ്ഥാനാർഥികൾക്കു പിന്തുണ നൽകുമെന്നും ടി.ഡി.പി നേതൃത്വം അറിയിച്ചു.
ആന്ധ്രാപ്രദേശ് സംസ്ഥാന വിഭജനത്തോടെ തന്നെ തെലുങ്ക് ദേശം പാർട്ടി തെലങ്കാന മേഖലകളിൽ തകർന്നടിഞ്ഞിരുന്നു. സംസ്ഥാനത്ത് ടി.ആർ.എസിലേക്കുള്ള പാർട്ടി പ്രവർത്തകരുടെ കൊഴിഞ്ഞുപോക്കു മൂലം സംഘടനാ സംവിധാനം ദുർബലമായതാണു മത്സരിക്കുന്നതിൽനിന്നു വിട്ടുനിൽക്കാൻ പാർട്ടി നേതൃത്വത്തെ പ്രേരിപ്പിച്ചതെന്നാണു വിലയിരുത്തൽ. ഖമ്മം മണ്ഡലത്തിൽ നിന്നു ടി.ഡി.പി സ്ഥാനാർഥിയാകുമെന്നു കരുതപ്പെട്ടിരുന്ന പോളിറ്റ് ബ്യൂറോ അംഗം നാമനാഗേശ്വര റാവു അടുത്തിടെ ടി.ആർ.എസിൽ ചേർന്നത് പാർട്ടിക്ക് വലിയ തിരിച്ചടിയായിരുന്നു. ഇതോടെയാണ് ഒരു കാലത്തു ആന്ധ്രപ്രദേശ് മൊത്തം ഭരിച്ചിരുന്ന ടി.ഡി .പി, പാർട്ടിയുടെ രൂപീകരണത്തിനു ശേഷം ആദ്യമായി തെലങ്കാന മേഖലയിലെ തിരഞ്ഞെടുപ്പിൽ നിന്നും വിട്ടു നിൽക്കാൻ തീരുമാനിച്ചത്.
2014ൽ സംസ്ഥാനത്ത് ആകെയുള്ള 17 ലോക്സഭാ സീറ്റുകളിൽ 11 ലും ടി.ആർ.എസ് ആണ് ജയിച്ചത്. കോൺഗ്രസ് രണ്ടും ബി.ജെ.പി, ടി.ഡി.പി, വൈ.എസ്.ആർ കോൺഗ്രസ്, എ.ഐ.എം.ഐ.എം എന്നീ പാർട്ടികൾ ഓരോ സീറ്റ് വീതവുമാണു ജയിച്ചത്. സംസ്ഥാനത്തു ഡിസംബറിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രധാന പ്രതിപക്ഷമായ കോൺഗ്രസ്, തെലുങ്കുദേശം പാർട്ടി (ടി.ഡി.പി), തെലങ്കാന ജനസമിതി (ടി.ജെ.എസ്), സി.പി.ഐ എന്നിവ ചേർന്നു രൂപീകരിച്ച വിശാലസഖ്യം വൻ പരാജയം ഏറ്റുവാങ്ങിയിരുന്നു.