Wed. Nov 6th, 2024
തിരൂർ :

വയനാട് ലോക്സഭാ സീറ്റിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നതിനെ പരിഹസിച്ച് മന്ത്രി കെ.ടി. ജലീൽ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത ട്രോൾ സാമൂഹിക മാധ്യമങ്ങളിൽ ചൂടേറിയ ചർച്ചയാകുന്നു.
” ശെടാ പോസ്റ്ററൊട്ടിപ്പിനും കൂലിപ്പണിക്കും മാത്രമല്ല ഇലക്ഷന് മത്സരിക്കാനും ഹിന്ദിക്കാരെ ഇറക്കിത്തുടങ്ങിയോ” എന്നായിരുന്നു ഉത്തരേന്ത്യക്കാരനായ രാഹുൽ ഗാന്ധി കേരളത്തിൽ വന്നു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെ പരാമർശിച്ചു ജലീൽ ട്രോൾ ഇട്ടത്. വംശീയ വിദ്വേഷം നിറഞ്ഞതും തൊഴിലാളി വിരുദ്ധവുമാണെന്നുള്ള കടുത്ത വിമർശനമാണ് മന്ത്രിയുടെ ഈ ട്രോൾ നേരിട്ടുകൊണ്ടിരിക്കുന്നത്.

“പുലിയെ പിടിക്കാൻ എലി മാളത്തിലെത്തിയ രാഹുൽജി !!! പുലിയോട് യുദ്ധം ചെയ്യേണ്ടത് എലി മാളത്തിലെത്തിയല്ല, പുലിമടയിൽ ചെന്നാണ്.” എന്ന് അതേ പോസ്റ്റിൽ മന്ത്രി കുറിച്ചതും വിവാദമാകുകയാണ്. കാരണം ഈ പ്രസ്‌താവന വ്യാഖ്യാനിച്ചാൽ ബി ജെ പി “പുലിയും” സി പി എം “എലിയും” ആകുന്ന അവസ്ഥയാണ്. ഒരു സി.പി.എം. മന്ത്രി ഇങ്ങനെ പറയാമോ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.

‘രാഹുൽ ഗാന്ധിയെ അന്യ സംസ്ഥാന തൊഴിലാളി എന്ന് ആക്ഷേപിക്കുന്ന സഖാക്കളോട് ചെഗുവേരയും സ്റ്റാലിനും ആലപ്പുഴക്കാരാണോ’ എന്ന് മറ്റൊരാൾ ചോദിക്കുന്നു. ജലീലന്റെ ട്രോളിനെതിരെ നിരവധി കമന്റുകളാണ് ഫേസ്ബുക്കിൽ നിറയുകയാണ്.

‘ഹിന്ദിക്കാർക്ക് എന്താണ് ജലീൽ സാഹിബെ കുഴപ്പം? നിങ്ങൾ ഈ ഇന്ത്യ രാജ്യത്തെ മന്ത്രിയല്ലേ? തമിഴൻ, ബംഗാളി, ഹിന്ദിക്കാരൻ. ഹിന്ദിക്കാർ ഇവിടെ വന്നു ചെയ്യുന്നതൊക്കെ മോശം പണിയാണോ? അതോ ഹിന്ദിക്കാർ ആയതാണോ മോശം? അതല്ല നിങ്ങൾ അവരെക്കാൾ കൂടിയ ഇനമാണോ? അന്യ സംസ്ഥാന തൊഴിലാളിയെ അതിഥി തൊഴിലാളി എന്നു വിളിക്കാൻ ശീലിച്ചു വരുന്ന നാട്ടിൽ ഒരു മന്ത്രി ഉണ്ടാക്കുന്ന നാണക്കേട്’. എന്ന് മറ്റൊരാൾ കുറിച്ചു. ഹിന്ദിക്കാർക്കു നിങ്ങളെപ്പോലെ ഒരു കൊച്ചാപ്പ ഇല്ലാത്തതുകൊണ്ടാണ് കേരളത്തിൽ വരേണ്ടി വന്നതെന്നും ചിലർ എഴുതി.

അതിനിടയിൽ ഭാഷാടിസ്ഥാനത്തിൽ ശത്രുത വളർത്താനുള്ള ശ്രമത്തിനെതിരെ 153 A പ്രകാരം മന്ത്രി ജലീലിനെതിരെ ചങ്ങരംകുളം പോലീസ് സ്റ്റേഷനിൽ, യൂത്ത് കോൺഗ്രസ്സ് പരാതി നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *