ഡൽഹി:
വിപണി വിഹിതത്തില്‍ ജെറ്റ് എയര്‍വേസ് പിന്നിലായെന്നും, ഇതോടെ നേരത്തെ പിന്നിലായിരുന്ന സ്പൈസ് ജെറ്റും എയര്‍ ഇന്ത്യയും ജെറ്റിനെ മറികടന്ന് മുന്നിലേക്കെത്തിയതായും റിപ്പോർട്ട്. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) പുറത്തുവിട്ട റിപ്പോർട്ട് പ്രകാരമാണ് ഇത്. അങ്ങനെ ഇന്ത്യന്‍ വ്യോമയാന വിപണിയില്‍ ജെറ്റ് എയര്‍വേസ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഫെബ്രുവരിയിലെ കണക്കുകള്‍ പ്രകാരം ആണിത്.
വിപണി വിഹിതത്തിന്റെ അടിസ്ഥാനത്തില്‍ വര്‍ഷങ്ങളോളം ആഭ്യന്തര വിപണിയില്‍ ഏറ്റവും വലിയ രണ്ടാമത്തെ കമ്പനിയായിരുന്നു ജെറ്റ് എയര്‍വേസ്. ഇന്‍ഡിഗോയാണ് രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനി. 2018 ഫെബ്രുവരിയില്‍ 16.8 ശതമാനം വിപണി വിഹിതമുണ്ടായിരുന്ന ജെറ്റ് എയര്‍വേസിന് 2019 ഫെബ്രുവരിയില്‍ അത് 11.4 ശതമാനമായി ഇടിഞ്ഞു.
ഇന്‍ഡിഗോയ്ക്ക് 43.4 ശതമാനം വിപണി വിഹിതമാണുള്ളത്. രണ്ടാം സ്ഥാനത്തുളള സ്പൈസ് ജെറ്റിന് 13.7 ശതമാനം വിപണി വിഹിതമുണ്ട്. കഴിഞ്ഞ വര്‍ഷം സ്പൈസിന് 12.4 ശതമാനം വിപണി വിഹിതമാണുണ്ടായിരുന്നത്. 12.8 ശതമാനം വിപണി വിഹതവുമായി എയര്‍ ഇന്ത്യ മൂന്നാം സ്ഥാനത്തുണ്ട്. ഒന്‍പത് ശതമാനം വിപണി വിഹിതവുമായി ഗോ എയർ അഞ്ചാം സ്ഥാനത്താണ്.